2015 ഒക്ടോബര്‍ 17ന് ഇറങ്ങുമ്പോള്‍ 10ാം സ്ഥാനത്ത്, 2020 ജൂണ്‍ 26ന് ഒന്നാമത്; ക്ലോപ്പ് മാജിക് 

ജെറാര്‍ഡ് ലോസ് ആഞ്ചലസിലേക്കും, സുവാരസ് ബാഴ്‌സലോണയിലേക്കും ചേക്കേറിയ സമയം
2015 ഒക്ടോബര്‍ 17ന് ഇറങ്ങുമ്പോള്‍ 10ാം സ്ഥാനത്ത്, 2020 ജൂണ്‍ 26ന് ഒന്നാമത്; ക്ലോപ്പ് മാജിക് 

1990ന് ശേഷം ഒരു ലീഗ് കിരീടത്തില്‍ മുത്തമിടാനാവാതെ നില്‍ക്കുന്ന ക്ലബ്. 2014ല്‍ പ്രീമിയര്‍ ലീഗ് കയ്യകലത്തില്‍ നിന്ന് അകന്ന് പോവുക കൂടി ചെയ്തതോടെ ആത്മവിശ്വാസം ചോദ്യം ചെയ്യപ്പെട്ട ആന്‍ഫീല്‍ഡിലേക്കാണ് ക്ലോപ്പ് എത്തിയത്. 

ക്ലോപ്പ് എത്തുമ്പോള്‍ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ 10ാം സ്ഥാനത്ത്. ജെറാര്‍ഡ് ലോസ് ആഞ്ചലസിലേക്കും, സുവാരസ് ബാഴ്‌സലോണയിലേക്കും ചേക്കേറിയ സമയം. ബുണ്ടസ് ലീഗയില്‍ മുന്‍പോട്ട് കയറാനാകാതെ കുരുങ്ങി കിടന്ന ഡോര്‍ട്ട്മുണ്ടിനെ രണ്ട് വട്ടം ബുണ്ടസ് ലീഗ കിരീടം ചൂടിച്ച വ്യക്തി എന്ന പ്രതീക്ഷ മാത്രമാണ് ആ സമയം ആന്‍ഫീല്‍ഡിലുണ്ടായത്.

ടോട്ടന്നത്തിനെതിരെയായിരുന്നു ലിവര്‍പൂളിനൊപ്പമുള്ള ക്ലോപ്പിന്റെ ആദ്യ കളി. ആ സീസണില്‍ അതുവരെ കളിച്ചതിനേക്കാള്‍ ഊര്‍ജത്തില്‍ ലിവര്‍പൂള്‍ കളിച്ചു. ആന്‍ഫീല്‍ഡിലെ അന്തരീക്ഷവും മാറി തുടങ്ങി. ലിവര്‍പൂളിനൊപ്പം ആദ്യമായി ആന്‍ഫീല്‍ഡില്‍ ക്ലോപ്പ് തോല്‍വിയിലേക്ക് വീഴുന്നത് ക്രിസ്റ്റല്‍ പാലസിനെതിരെയാണ്. മത്സര ശേഷം ക്ലോപ്പ് പറഞ്ഞതിങ്ങനെയാണ്, ആന്‍ഫീല്‍ഡില്‍ ഞാന്‍ ഒറ്റക്കായ പോലെ തോന്നി...82ാം മിനിറ്റില്‍ തന്നെ സ്‌റ്റേഡിയം വിട്ട് ആരാധകര്‍ പോയത് ചൂണ്ടിയായിരുന്നു ക്ലോപ്പിന്റെ കുത്തി. 

ആക്രമണ ഫുട്‌ബോളിന്റെ ഭംഗിയെല്ലാം ലിവര്‍പൂളില്‍ നിറക്കുക മാത്രമായിരുന്നില്ല ക്ലോപ്പ് ചെയ്തത്. കളിക്കാരെ കെട്ടിപ്പിടിച്ചും, ചിരി നിറച്ച മുഖവുമായി എത്തിയും നിരാശ പിടികൂടിയിരുന്ന ലിവര്‍പൂളിലേക്ക് ക്ലോപ്പ് പോസിറ്റീവ് എനര്‍ജി കൊണ്ടുവന്നു. പരിശീലനത്തിലെ കാര്‍ക്കശ്യം ചിരികൊണ്ട് ക്ലോപ്പ് മറച്ചു.  ആന്‍ഫീല്‍ഡിലെ ആരവും ക്ലോപ്പ് കൂടുതല്‍ ഉച്ചത്തിലാക്കി...

2015 ഒക്ടോബര്‍ എട്ടിന് ആന്‍ഫീല്‍ഡില്‍ ആദ്യമായി എത്തിയപ്പോള്‍ ക്ലോപ്പിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, നമ്മില്‍ വിശ്വസിക്കാന്‍ തയ്യാറാവാത്തവരെ വിശ്വാസികളാക്കി മാറ്റണം. 2020 ജൂണ്‍ 26ന് പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ആദ്യ ജര്‍മന്‍ പരിശീലകനായി മാറി ക്ലോപ്പ് അത് സാധിച്ചെടുത്തു...ഇന്ന് ക്ലോപ്പിന്റേയും സംഘത്തിന്റേയും കഴിവിലേക്ക് സംശയമുന ചൂണ്ടുന്നവരില്ല. 

പരിശീലന ഗ്രൗണ്ടിലെ അച്ചടക്കമാണ് ക്ലോപ്പിന്റെ തുറുപ്പു ചീട്ട്. ഓരോ സീസണിന് മുന്‍പും വ്യക്തമായ പ്ലാനോടെയുള്ള ഒരുങ്ങല്‍. ഒരു മിനിറ്റ് വിടാതെയുള്ള വിശകലനങ്ങള്‍. മാച്ചിനായി കളിക്കളത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് പരിശീലന ഗ്രൗണ്ടില്‍ തന്ത്രങ്ങളെല്ലാം പരീക്ഷിക്കപ്പെട്ടിട്ടുണ്ടാവും...2017-18 സീസണില്‍ ലിവര്‍പൂള്‍ 13 ഗോള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ വഴങ്ങിയ 12 എണ്ണം സെറ്റ് പീസുകളില്‍ നിന്നുള്ളതായിരുന്നു. തൊട്ടടുത്ത സീസണില്‍ 29 ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് 8 എണ്ണം മാത്രം. എത്രമാത്രം ശ്രദ്ധയോടെയാണ് ക്ലോപ്പ് തന്ത്രങ്ങള്‍ മെനഞ്ഞതെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com