കോവിഡ് ബാധിച്ച 10ല്‍ ആറ് കളിക്കാരുടെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവ്; മുഹമ്മദ് ഹഫീസിനും കോവിഡില്ല

രണ്ടാമത്തെ പരിശോധനയില്‍ നെഗറ്റീവ് റിസല്‍ട്ട് വന്ന കളിക്കാരെ മൂന്നാമതും ടെസ്റ്റിന് വിധേയമാക്കും
കോവിഡ് ബാധിച്ച 10ല്‍ ആറ് കളിക്കാരുടെ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവ്; മുഹമ്മദ് ഹഫീസിനും കോവിഡില്ല

ലാഹോര്‍: കോവിഡ് സ്ഥിരീകരിച്ച പാക് ക്രിക്കറ്റ് ടീമിലെ 10ല്‍ ആറ് കളിക്കാരുടെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഫഖര്‍ സമന്‍, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് റിസ്വാന്‍, ഷദാബ് ഖാന്‍, വഹാബ് റിയാസ് എന്നിവരുടെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്. 

ഹൈദര്‍ അലി, ഹാരിഫ് റൗഫ്, കാശിഫ് ഭാട്ടി, ഇമ്രാന്‍ ഖാന്‍, മലാങ് അലി എന്നിവരുടെ രണ്ടാമത്തെ കോവിഡ് ഫലവും പോസിറ്റീവായി. രണ്ടാമത്തെ പരിശോധനയില്‍ നെഗറ്റീവ് റിസല്‍ട്ട് വന്ന കളിക്കാരെ മൂന്നാമതും ടെസ്റ്റിന് വിധേയമാക്കും. മൂന്നാമത്തെ ഫലവും നെഗറ്റീവായതിന് ശേഷമാവും ഇവരെ ഇംഗ്ലണ്ടിലേക്ക് അയക്കുക. 

ഞായറാഴ്ച ഇംഗ്ലണ്ടിലേക്ക് പറക്കുന്ന പാകിസ്ഥാന്‍ സംഘത്തില്‍ 20 കളിക്കാരും 11 സപ്പോര്‍ട്ട് സ്റ്റാഫുമാണ് ഉണ്ടാവുക. റിസര്‍വ് താരങ്ങളായ റോഹെയ്ല്‍ നസിര്‍, മുസ ഖാന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

മുഹമ്മദ് ഹഫീസിന്റെ ആദ്യ സാമ്പിള്‍ കഴിഞ്ഞ ദിവസം വീണ്ടും പരിശോധിച്ചതായും ഇതില്‍ ഹഫീസിന് കോവിഡ് എന്ന് തന്നെയാണ് കാണിക്കുന്നതെന്നും പിസിബി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഹഫീസില്‍ നിന്ന് ശേഖരിച്ച രണ്ടാമത്തെ സാമ്പിളിന്റെ ഫലം നെഗറ്റീവാണെന്ന് പിസിബി തലവന്‍ വസീം ഖാന്‍ പറഞ്ഞു. 

ബാബര്‍ അസം, അസ്ഹര്‍ അലി, അബിദ് അലി, അസദ് ഷഫിഖ്, ഫഹീം അഷ്‌റഫ്, ഫവദ് അലം, ഇഫ്തിക്കര്‍ അഹ്മദ്, ഇമദ് വസിം, ഇമാം ഉള്‍ ഹഖ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് അബ്ബാസ്, മുസ ഖാന്‍, നസീം ഷാ, റൊഹെയ്ല്‍ നസീര്‍, സര്‍ഫ്രാസ് അഹ്മദ്, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, സൊഹെയ്ല്‍ ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി, യാസിര്‍ ഷാ എന്നിവരാണ് ഇന്ന് ഇംഗ്ലണ്ടിലേക്ക് പറക്കുകയെന്നും പിസിബി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com