'2007ലെ ടി20 ലോകകപ്പ് കളിക്കരുതെന്ന് സച്ചിനോടും ​ഗാം​ഗുലിയോടും ദ്രാവിഡാണ് പറഞ്ഞത്'- വെളിപ്പെടുത്തൽ

'2007ലെ ടി20 ലോകകപ്പ് കളിക്കരുതെന്ന് സച്ചിനോടും ​ഗാം​ഗുലിയോടും ദ്രാവിഡാണ് പറഞ്ഞത്'- വെളിപ്പെടുത്തൽ
'2007ലെ ടി20 ലോകകപ്പ് കളിക്കരുതെന്ന് സച്ചിനോടും ​ഗാം​ഗുലിയോടും ദ്രാവിഡാണ് പറഞ്ഞത്'- വെളിപ്പെടുത്തൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റത്തിന്റേയും ഭാവിയുടേയും ഗതി നിര്‍ണയിച്ച നിര്‍ണായക നേട്ടമായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പ് വിജയം. 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ അന്നത്തെ അതികായരായ വിന്‍ഡീസിനെ അട്ടിമറിച്ച് ലോക കിരീടം ഇന്ത്യയിലെത്തിച്ച ശേഷമുള്ള മറ്റൊരു വിശ്വ വിജയമായിരുന്നു 2007ലെ ടി20ലെ ലോകകപ്പ്.

സീനിയര്‍ താരങ്ങള്‍ ആരും തന്നെയില്ലാതെ എംഎസ് ധോനിയെന്ന യുവ താരം നയിച്ച ചെറുപ്പക്കാരുടെ സംഘം ദക്ഷിണാഫ്രിക്കയില്‍ നിന്നും കിരീടവുമായി മടങ്ങിയത് ശ്രദ്ധേയമായിരുന്നു. യുവ്‌രാജ് സിങ്, രോഹിത് ശര്‍മ, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ആര്‍പി സിങ്, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങിയ യുവ താരങ്ങളെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ കിരീട വിജയമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

മറ്റൊരു കാരണത്താലും ആ ലോകകപ്പ് വിജയം ശ്രദ്ധേയമായിരുന്നു. ഇന്ത്യയുടെ ബിഗ് ത്രീ എന്നറിയപ്പെട്ടിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ ടീമിലെ അസാന്നിധ്യമായിരുന്നു അത്.

ഇപ്പോഴിതാ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ആ ലോകകപ്പ് ടീമില്‍ ഇല്ലാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അന്ന് ടീമിന്റെ മാനേജറായിരുന്ന ലാല്‍ചന്ദ് രജ്പുത്. 2007ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം നേരേ ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പദ്ധതി. രാഹുല്‍ ദ്രാവിഡായിരുന്നു ആ സമയത്ത് ടീമിന്റെ ക്യാപ്റ്റന്‍.

ആ ലോകകപ്പില്‍ നിന്ന് ഇന്ത്യയുടെ ബിഗ് ത്രീ മാറി നിന്നതാണെന്ന് ലാല്‍ചന്ദ് രജ്പുത് പറയുന്നു. ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ ഇടപെടലായിരുന്നു അതിന് കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. 2007ലെ ടി20 ലോകകപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്നും യുവ താരങ്ങള്‍ക്ക് അവസരമാകട്ടെയെന്നും സച്ചിനോടും ഗാംഗുലിയോടും പറഞ്ഞത് ദ്രാവിഡാണെന്ന് ലാല്‍ചന്ദ് പറഞ്ഞു.

ടീം ലോകകപ്പ് ജയിച്ചപ്പോള്‍ തങ്ങള്‍ ഇനിയെന്ന് ലോകകപ്പ് നേടുമെന്ന് അവര്‍ സങ്കടപ്പെട്ടിരിക്കാമെന്നും ലാല്‍ചന്ദ് കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പിനായി കാര്യമായ പരിശീലനം ലഭിക്കാതെയാണ് ടീം കളിക്കാനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിനായി ടീമിന് അധിക സമയമൊന്നും ലഭിച്ചില്ല. അതിനു മുമ്പ് ഒരേയൊരു രാജ്യാന്തര ടി 20 മത്സരം മാത്രമാണ് ടീം കളിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com