സന്ദീപിനെ തമിഴ്‌നാട് റാഞ്ചിയതിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്; വെളിപ്പെടുത്തലുമായി മലയാളി പേസര്‍

'തമിഴ്‌നാട്ടില്‍ ഇന്ത്യ സിമന്റ്‌സിന് വേണ്ടി ജോലി ചെയ്യുന്നത് കൊണ്ട് തമിഴ്‌നാടിന് വേണ്ടി കളിച്ചുകൂടേയെന്ന് കാര്‍ത്തിക് ചോദിച്ചു'
സന്ദീപിനെ തമിഴ്‌നാട് റാഞ്ചിയതിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്; വെളിപ്പെടുത്തലുമായി മലയാളി പേസര്‍

ചെന്നൈ: തമിഴ്‌നാട് ടീമിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മലയാളി താരം സന്ദീപ് വാര്യര്‍. ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കാണ് ഇത്തരമൊരു നിര്‍ദേശം തന്റെ മുന്‍പിലേക്ക് വെച്ചതെന്ന് സന്ദീപ് പറഞ്ഞു. 

ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ഇത് സംബന്ധിച്ച സംസാരം നടന്നത്. തമിഴ്‌നാട്ടില്‍ ഇന്ത്യ സിമന്റ്‌സിന് വേണ്ടി ജോലി ചെയ്യുന്നത് കൊണ്ട് തമിഴ്‌നാടിന് വേണ്ടി കളിച്ചുകൂടേയെന്ന് കാര്‍ത്തിക് ചോദിച്ചു. ന്യൂസിലാന്‍ഡില്‍ ഇന്ത്യ എക്ക് വേണ്ടി കളിച്ച് കഴിഞ്ഞ് വന്ന സമയമാണ് അത്...

ക്രിക്കറ്റിലെ കുറിച്ച് കാര്‍ത്തിക്കുമായി ഞാന്‍ സംസാരിച്ചിരുന്നു. കാര്‍ത്തിക്കിന്റെ നിര്‍ദേശം ഇന്ത്യ സിമന്റ്‌സ് കോച്ചായ ആര്‍ പ്രസന്നയുമായി പങ്കുവെച്ചു. അനുകൂലമായ മറുപടിയാണ് അദ്ദേഹവും നല്‍കിയത്. തമിഴ്‌നാട്ടിലേക്ക് മാറാനുള്ള തീരുമാനം നല്ലതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 

തമിഴ്‌നാട്ടിലേക്ക് മാറുന്ന കാര്യം ടിനു യോഹന്നാനോടും കേരള ക്രിക്കറ്റ് അസോസിയേഷനുമായും സംസാരിച്ചു. സ്വയം തീരുമാനമെടുക്കാനാണ് അവര്‍ പറഞ്ഞത്. കേരള ടീം അംഗങ്ങളുമായുള്ള സൗഹൃദം വിട്ടുപോവുന്നത് പ്രയാസമേറിയ തീരുമാനമായിരുന്നെന്നും സന്ദീപ് പറഞ്ഞു. 

2018-19 സീസണില്‍ കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയപ്പോള്‍ 44 വിക്കറ്റ് വീഴ്ത്തി സന്ദീപാണ് മുന്‍പില്‍ നിന്ന് വഴി തെളിയിച്ചത്. 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 186 വിക്കറ്റാണ് സന്ദീപ് ഇതുവരെ വീഴ്ത്തിയത്. 55 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റും, 47 ട്വന്റി20യില്‍ നിന്ന് 46 വിക്കറ്റും സന്ദീപ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com