2-0ന് പരമ്പര കിവീസിന്റെ മൂക്കിന്‍തുമ്പില്‍, രണ്ടാം ഇന്നിങ്‌സിലും അടപടലം വീണ് ഇന്ത്യ; ഷോട്ട് സെലക്ഷനില്‍ പിഴച്ച് കോഹ്‌ലിയും കൂട്ടരും

7 റണ്‍സിന്റെ ലീഡുമായി കളി തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ്
2-0ന് പരമ്പര കിവീസിന്റെ മൂക്കിന്‍തുമ്പില്‍, രണ്ടാം ഇന്നിങ്‌സിലും അടപടലം വീണ് ഇന്ത്യ; ഷോട്ട് സെലക്ഷനില്‍ പിഴച്ച് കോഹ്‌ലിയും കൂട്ടരും

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും തകര്‍ന്നടിഞ്ഞ് ഇന്ത്യ. 7 റണ്‍സിന്റെ ലീഡുമായി കളി തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ്. 97 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്.  രണ്ടാം ഇന്നിങ്‌സില്‍ ട്രെന്റ് ബോള്‍ട്ടാണ് കിവീസ് ബൗളിങ്ങില്‍ കൂടുതല്‍ ആക്രമണകാരിയായത്. 

ഇന്ത്യന്‍ മുന്‍ നിരയില്‍ ഒരു ബാറ്റ്‌സ്മാന് പോലും പിടിച്ചു നില്‍ക്കാനായില്ല. ആറാമനായി ഉമേഷ് യാദവിനെ ഇറക്കി ഇതിനിടയില്‍ ഇന്ത്യ നടത്തിയ പരീക്ഷണവും ദുരന്തമായി. ഇന്ത്യയുടെ ആറ് മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ക്ക് 30ന് മുകളിലേക്ക് വ്യക്തിഗത സ്‌കോര്‍ ഉയര്‍ത്താനായില്ല. 

പൃഥ്വി ഷാ 14 റണ്‍സ്, മായങ്ക് മൂന്ന് റണ്‍സ്, പൂജാര 24 റണ്‍സ്, കോഹ് ലി 14 റണ്‍സ്, രഹാനെ 9 റണ്‍സ്, ഉമേഷ് യാദവ് 1 റണ്‍സ് എന്നിങ്ങനെയാണ് ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയുടെ സ്‌കോര്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഹനുമാ വിഹാരിയും റിഷഭ് പന്തുമാണ് ക്രീസില്‍. 

റിഷഭ് പന്തിലും വിഹാരിക്കും കൂട്ടുകെട്ട് ഉയര്‍ത്താനായില്ലെങ്കില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരാനുള്ള അവസരം കിവീസിന് മുന്‍പിലേക്കെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയുമാവും. 9 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയാണ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. സൗത്തിയുംം ഗ്രാന്‍ഡ്‌ഹോമും വാഗ്നരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

കിവീസിനെ ഒന്നാം ഇന്നിങ്‌സില്‍ 235 റണ്‍സിന് തകര്‍ത്ത് ബൂമ്രയും ഷമിയും ചേര്‍ന്ന് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ ബാറ്റ്‌സ്മാന്മാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കാതെ വന്നത് ഇന്ത്യക്ക് തിരിച്ചടിയായി. മൂന്ന് ബൗണ്ടറികള്‍ നേടി പോസിറ്റീവ് ക്രിക്കറ്റ് കളിക്ക് ഫോമിലേക്ക് ഉയരുന്നതിന്റെ സൂചന കോഹ് ലി നല്‍കിയിരുന്നു. എന്നാല്‍ ഗ്രാന്‍ഡ്‌ഹോമിന്റെ ഡെലിവറിയില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി കോഹ് ലിയുടെ ന്യൂസിലാന്‍ഡ് പര്യടനം ദുരന്തമായി മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com