'ഹല മാഡ്രിഡ്'; എല്‍ ക്ലാസിക്കോയില്‍ റയല്‍; ബാഴ്‌സലോണയെ തകര്‍ത്തത് രണ്ട് ഗോളുകള്‍ക്ക്; വീണ്ടും ഒന്നാം സ്ഥാനത്ത്

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി റയല്‍ മാഡ്രിഡ്
'ഹല മാഡ്രിഡ്'; എല്‍ ക്ലാസിക്കോയില്‍ റയല്‍; ബാഴ്‌സലോണയെ തകര്‍ത്തത് രണ്ട് ഗോളുകള്‍ക്ക്; വീണ്ടും ഒന്നാം സ്ഥാനത്ത്

മാഡ്രിഡ്: എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി റയല്‍ മാഡ്രിഡ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റയല്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ എല്‍ക്ലാസിക്കോ വിജയിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിദാനും സംഘവും സ്വന്തം തട്ടകത്തില്‍ ചരിത്ര വിജയം പിടിച്ചത്.

ജയത്തോടെ സ്പാനിഷ് ലാ ലിഗയില്‍ കിരീട പോരാട്ടം കടുപ്പിക്കാനും റയലിനായി. ഒരു പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റയല്‍ വീണ്ടും ഒന്നാം സ്ഥാനം പിടിച്ചെടുത്തു.

ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയില്‍ വിനിഷ്യസ് ജൂനിയറിന്റെയും പകരക്കാരനായി ഇറങ്ങി 15സെക്കന്റിനുള്ളില്‍ ഗോളടിച്ച മരിയാനോ ഡയസിന്റെയും മികവിലാണ് റയല്‍ ജയിച്ചു കയറിയത്.

റയല്‍ തുടക്കത്തില്‍ അക്രമിച്ച് തുടങ്ങി. എന്നാല്‍ മെസിയും സംഘവും കളി പന്തടക്കത്തിലൂടെ തങ്ങളുടെ വരുതിയിലാക്കി. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ 71ാം മിനുട്ടിലാണ് വിനിഷ്യസ് ഗോളടിക്കുന്നത്. പകരക്കാരനായി ഇറങ്ങിയതിന് പിന്നാലെ ഇഞ്ച്വറി ടൈമില്‍ ഗോളടിച്ച് ബാഴ്‌സലോണയെ ഞെട്ടിക്കുകയയിരുന്നു മരിയാനോ.

റയലിന് വിജയം അനിവാര്യമായിരുന്നു. കിരീട പോരാട്ടത്തിന് മാത്രമല്ല കാലങ്ങളായി നില്‍ക്കുന്ന ഒരു നാണക്കേട് അവര്‍ക്ക് തിരുത്താനുണ്ടായിരുന്നു. ലാലിഗയില്‍ റയലിനെതിരെ തുടരെ നാല് എവെ മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ എതിരാളികള്‍ ബാഴ്‌സലോണ മാത്രമാണ്. ഈ നാണക്കേടാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം റയല്‍ തിരുത്തിയത്.

കഴിഞ്ഞ ഏഴ് മത്സരങ്ങളായി വിജയമില്ലാതിരുന്ന സിദാനും സംഘത്തിനും എല്‍ ക്ലാസിക്കോ ജയം ആശ്വസമായി മാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com