13 വര്‍ഷത്തെ ഇടവേള; കര്‍ണാടകയെ തകര്‍ത്തെറിഞ്ഞ് ബംഗാള്‍ രഞ്ജി ഫൈനലില്‍; 30 കൊല്ലത്തെ കിരീട വരള്‍ച്ച ഇത്തവണ തീര്‍ക്കുമോ? 

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗാള്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലില്‍
13 വര്‍ഷത്തെ ഇടവേള; കര്‍ണാടകയെ തകര്‍ത്തെറിഞ്ഞ് ബംഗാള്‍ രഞ്ജി ഫൈനലില്‍; 30 കൊല്ലത്തെ കിരീട വരള്‍ച്ച ഇത്തവണ തീര്‍ക്കുമോ? 

കൊല്‍ക്കത്ത: 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗാള്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലില്‍. സെമിയില്‍ കരുത്തരായ കര്‍ണാടകയെ തകര്‍ത്തെറിഞ്ഞാണ് ബംഗാള്‍ കലാശപ്പോരിനെത്തുന്നത്. 174 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗാള്‍ സ്വന്തമാക്കിയത്. 

2006-07 സീസണിലാണ് ബംഗാള്‍ അവസാനമായി രഞ്ജി ട്രോഫിയുടെ ഫൈനല്‍ കളിച്ചത്. എന്നാല്‍ അന്ന് മുംബൈയോട് പരാജയപ്പെട്ടു. 1989-90 കാലത്താണ് അവര്‍ അവസാനമായി രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. പിന്നീട് കഴിഞ്ഞ 30 കൊല്ലമായി അവര്‍ക്ക് കിരീടം കിട്ടാക്കനിയായി നില്‍ക്കുകയാണ്. 

സ്‌കോര്‍: ബംഗാള്‍ ഒന്നാം ഇന്നിങ്‌സില്‍ 312 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 161 റണ്‍സുമെടുത്തു. കര്‍ണാടക ഒന്നാം ഇന്നിങ്‌സില്‍ 122 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 177 റണ്‍സുമാണ് എടുത്തത്. 

352 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കര്‍ണാടകയുടെ പോരാട്ടം 177 റണ്‍സില്‍ അവസാനിച്ചു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് കുമാറിന്റെ മാരക ബൗളിങാണ് കര്‍ണാടകയെ വെട്ടിലാക്കിയത്. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയില്‍ നിന്ന് വന്‍ തിരിച്ചു വരവാണ് നടത്തിയത്. അനുഷ്ടുപ് മജുംദാര്‍ നേടിയ സെഞ്ച്വറി ( പുറത്താകാതെ 49) യുടെ ബലത്തിലാണ് ബംഗാള്‍ 312 റണ്‍സെടുത്തത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി കര്‍ണാടകയെ ഒന്നാം ഇന്നിങ്‌സില്‍ വെറും 122 റണ്‍സില്‍ ഒതുക്കിയ ഇഷാന്‍ പൊരലും വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. രണ്ടാം ഇന്നിങ്‌സില്‍ അനുഷ്ട്പ് 41 റണ്‍സുമായി ടീമിന് താങ്ങായി. അനുഷ്ടുപാണ് കളിയിലെ താരം. 

രണ്ടാം ഇന്നിങ്‌സില്‍ മലയാളിയായ ദേവ്ദത്ത് പടിക്കലാണ് കര്‍ണാടകക്കായി പിടിച്ചു നിന്ന ഏക താരം. ദേവ്ദത്ത് 62 റണ്‍സെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com