'ഇന്ത്യന്‍ ടീം കിടുവാണ്, ആത്മവിശ്വാസമുള്ള വ്യത്യസ്ത സംഘം'- അഭിനന്ദനവുമായി ബ്രെറ്റ് ലീ

വനിതാ ടി20 ലോകകപ്പില്‍ അപരാജിത മുന്നേറ്റമാണ് ഇന്ത്യന്‍ ടീം ഇതുവരെ പുറത്തെടുത്തത്
'ഇന്ത്യന്‍ ടീം കിടുവാണ്, ആത്മവിശ്വാസമുള്ള വ്യത്യസ്ത സംഘം'- അഭിനന്ദനവുമായി ബ്രെറ്റ് ലീ

സിഡ്‌നി: വനിതാ ടി20 ലോകകപ്പില്‍ അപരാജിത മുന്നേറ്റമാണ് ഇന്ത്യന്‍ ടീം ഇതുവരെ പുറത്തെടുത്തത്. ആധികാരിക വിജയങ്ങളോടെ ഇന്ത്യന്‍ വനിതകള്‍ സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. ഈ മാസം അഞ്ചിന് നടക്കുന്ന സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്ന് അറിയാനിരിക്കുന്നതേ ഉള്ളു. ഇനി മുന്നിലുള്ളത് രണ്ട് വിജയങ്ങള്‍. അതും സാധ്യമായാല്‍ വനിതകളെ കാത്തിരിക്കുന്നത് കന്നി ടി20 ലോകകപ്പ് കിരീടം. 

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ. ഈ ഇന്ത്യന്‍ ടീം വളരെ വ്യത്യസ്തമായ സംഘമാണെന്ന് ബ്രെറ്റ് ലീ പറയുന്നു. 16 വയസുള്ള ഓപണര്‍ ഷെഫാലി വര്‍മ, പരിചയ സമ്പന്നനായ പൂനം യാദവ് എന്നിവരുടെ മികവിലാണ് ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ നാല് തുടര്‍ വിജയങ്ങളുമായി സെമി ഉറപ്പിച്ചത്. 

'ഇന്നുവരെ ഇന്ത്യന്‍ വനിതകള്‍ ടി20 ലോകകപ്പിന്റെ ഫൈനലിലെത്തിയിട്ടില്ല. പക്ഷേ ഈ ടീം വളരെ വ്യത്യസ്തമായ സംഘമാണ്. ഇതുവരെ ഇങ്ങനെയൊരു ഇന്ത്യന്‍ ടീമിനെ കണ്ടിട്ടില്ല. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഷെഫാലി, പൂനം യാദവ് തുടങ്ങിയവരുടെ സ്ഥിരതയും ഇത്തരം താരങ്ങളുടെ സാന്നിധ്യവും ടീമിന് മികവ് സമ്മാനിക്കുന്നു'. 

'ലോകത്തിലെ മികച്ച താരങ്ങളുടെ സാന്നിധ്യം ടീമിലുണ്ടെന്ന് അറിയാം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ പോലെയുള്ള മികച്ച താരങ്ങളെ പിന്തുണയ്ക്കാന്‍ മറ്റു താരങ്ങള്‍ക്ക് സാധിക്കുന്നു. സൂപ്പര്‍ താരങ്ങള്‍ മങ്ങിപ്പോയാല്‍ പോലും മത്സരം കൈവിടാതിരിക്കാനുള്ള മികവ് മറ്റുള്ളവര്‍ പ്രകടിപ്പിക്കുന്നു. നിലവില്‍ ഈ ഇന്ത്യന്‍ ടീം ഫൈനലിലേക്ക് നടാടെ കടക്കുന്നത് തടയാന്‍ പ്രത്യേകമായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ എതിരാളിക്ക് രക്ഷയുള്ളു. ടീം നല്ല ആത്മവിശ്വാസത്തിലാണ് കളിക്കുന്നത്'- ലീ പറഞ്ഞു.

നാലിന്നിങ്‌സുകളിലും മികച്ച തുടക്കം നല്‍കാന്‍ ഷെഫാലിക്ക് സാധിച്ചു. 47, 46, 39, 29 എന്നിങ്ങനെയായിരുന്നു 16കാരി എടുത്ത സ്‌കോര്‍. നിര്‍ഭയത്വമാണ് ഷെഫാലിയുടെ കളിയുടെ സവിശേഷത എന്ന് ലീ പറയുന്നു. താരത്തിന്റെ ഈ മനോഭാവം ടീമിന് മൊത്തത്തില്‍ ഊര്‍ജം നല്‍കുന്നു. ലീ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com