ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഷെഫാലി; മിതാലിക്ക് ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഇന്ത്യയുടെ പുതിയ വനിതാ ബാറ്റിങ് സെന്‍സേഷന്‍ ഷെഫാലി വര്‍മയ്ക്ക് നേട്ടം
ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഷെഫാലി; മിതാലിക്ക് ശേഷം നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ദുബായ്: ഇന്ത്യയുടെ പുതിയ വനിതാ ബാറ്റിങ് സെന്‍സേഷന്‍ ഷെഫാലി വര്‍മയ്ക്ക് നേട്ടം. ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങ് ബാറ്റിങില്‍ ഷെഫാലി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. ടി20 ബാറ്റിങില്‍ ഒന്നാം റാങ്കിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമായും ഇതോടെ ഷെഫാലി മാറി. നേരത്തെ മിതാലി രാജാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വനിതാ താരം. 

2018ഒക്ടോബര്‍ മുതല്‍ ഒന്നാം റാങ്കില്‍ നില്‍ക്കുകയായിരുന്ന ന്യൂസിലന്‍ഡ് താരം സുസി ബാറ്റിനെ പിന്തള്ളിയാണ് ഷെഫാലി തലപ്പത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. ടി20 ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക് തുണയായത്. ലോകകപ്പിനെത്തുമ്പോള്‍ ഷെഫാലി 20ാം റാങ്കിലായിരുന്നു. ഒറ്റയടിക്ക് 19 സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ഇന്ത്യന്‍ ഓപണര്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. 

ലോകകപ്പില്‍ നാലില്‍ നാല് വിജയങ്ങളുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ സെമിയിലേക്ക് കുതിച്ചപ്പോള്‍ നിര്‍ണായക സാന്നിധ്യമായി ഷെഫാലി മാറി. ഓപണറായി ഇറങ്ങി വെടിക്കെട്ട് തുടക്കമാണ് നാല് മത്സരങ്ങളിലും ഈ 16കാരി പുറത്തെടുത്തത്. 

ലോകകപ്പിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 161 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്. 40.25 ആവറേജും 161 റണ്‍സ് സ്‌ട്രൈക്ക് റേറ്റുമാണ് കൗമാരക്കാരിക്കുള്ളത്. 18 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്നായി 28.52 ശരാശരിയില്‍ 146.96 റണ്‍സ് പ്രഹര ശേഷിയോടെ 485 റണ്‍സ് ഷെഫാലി ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 

ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ സോഫി എക്ലെസ്റ്റോണും നേട്ടം സ്വന്തമാക്കി. ബൗളിങ് പട്ടികയില്‍ താരം ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതില്‍ സോഫിയുടെ പങ്ക് നിര്‍ണായകമായിരുന്നു. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com