കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ..., മഴയില്‍ ഒലിച്ച കിരീട സ്വപ്‌നങ്ങള്‍, ഹൃദയം തകര്‍ന്ന് ഇംഗ്ലണ്ട് മടങ്ങുന്നു

'2009ല്‍ ആരംഭിച്ച വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലുകളില്‍ ഇത് എട്ടാമത്തെ എഡിഷന്‍. അതില്‍ അഞ്ച് വട്ടവും സെമി ഫൈനല്‍ തൊട്ട് അവരുണ്ടായിരുന്നു'
കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ..., മഴയില്‍ ഒലിച്ച കിരീട സ്വപ്‌നങ്ങള്‍, ഹൃദയം തകര്‍ന്ന് ഇംഗ്ലണ്ട് മടങ്ങുന്നു

2018 ട്വന്റി20 ലോകകപ്പിലേതിന് സമാനമായിരുന്നു ഇംഗ്ലണ്ടിന്റേയും ഇന്ത്യയുടേയും ഇത്തവണത്തേയും പോക്ക്. 2018ലും ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഉള്‍പ്പെടെ നാല് ടീമുകളെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്കെത്തിയത്. ആ വര്‍ഷം ഇംഗ്ലണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരും. സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും എതിരാളികള്‍. ഇത്തവണയും കാര്യങ്ങള്‍ അതേപടി തന്നെ. പക്ഷേ ഈ വര്‍ഷം മഴയുടെ കളിയെത്തി. ആ കളിയില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ ഒഴുകിയൊലിച്ചു.

2009ല്‍ ആരംഭിച്ച വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലുകളില്‍ ഇത് എട്ടാമത്തെ എഡിഷന്‍. അതില്‍ അഞ്ച് വട്ടവും സെമി ഫൈനല്‍ തൊട്ട് അവരുണ്ടായിരുന്നു. കിരീടം ചൂടിയത് ഒരു തവണ. കിരീടം ചൂടിയതുള്‍പ്പെടെ ഫൈനലിലെത്തിയത് നാല് തവണ. സ്വന്തം മണ്ണില്‍ വെച്ച് വനിതാ ട്വന്റി20 കിരീടം ചൂടിയ ആദ്യ ടീം. മഴ വില്ലനായപ്പോള്‍ കണ്ണീരണിഞ്ഞ് മടങ്ങുകയാണ് ഇംഗ്ലണ്ട് വനിതാ ടീം. 

ഷഫാലി വര്‍മയുടെ ബാറ്റിങ് മികവും, ഏത് ചെറിയ സ്‌കോറും പ്രതിരോധിക്കാന്‍ കരുത്ത് നല്‍കുന്ന ബൗളിങ്ങും ഇന്ത്യക്ക് ഇത്തവണ കരുത്ത് നല്‍കുന്നുണ്ടെങ്കിലും കളിക്കളത്തില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കാനുള്ള ശക്തി ഇംഗ്ലണ്ടിനുണ്ട്. പൊരുതാന്‍ പോലുമാവാതെ മടങ്ങേണ്ടി വന്നതിന്റെ നിരാശ എത്രമാത്രമെന്ന് വ്യക്തമാക്കിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് തങ്ങളുടെ ആരാധകര്‍ക്ക് മുന്‍പിലേക്കെത്തിയത്. 

ഹൃദയം തകര്‍ന്ന് പുറത്തേക്ക്. എന്നാല്‍ ഈ ടീമില്‍ ഞങ്ങള്‍ ഒരുപാട് അഭിമാനിക്കുന്നു....നിരാശയുടെ ഭാരവും പേറി നില്‍ക്കുന്ന ഇംഗ്ലണ്ട് ടീം അംഗങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇംഗ്ലണ്ട് ട്വീറ്റ് ചെയ്തു.

ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരെത്തിയപ്പോള്‍ മുന്‍കാല ചരിത്രത്തിന്റെ മുന്‍തൂക്കം ലഭിച്ചത് ഇംഗ്ലണ്ടിനാണ്. ട്വന്റി20യില്‍ 19 വട്ടം നേരിട്ടതില്‍ 4 വട്ടം മാത്രമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം നേടാനായത്. 15 വട്ടവും ജയം പിടിച്ചത് ഇംഗ്ലണ്ട്. വനിതാ ട്വന്റി20യില്‍ ഇംഗ്ലണ്ടിനോട് തോറ്റ അത്രയും മത്സരങ്ങള്‍ മറ്റൊരു ടീമിനോടും ഇന്ത്യ തോറ്റിട്ടില്ല. 2020 ലോക ട്വന്റി20 സെമി ഫൈനലിന് മുന്‍പ് ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നേരിട്ട 5 തവണയും ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com