'വെറുതെ ക്രീസില്‍ നില്‍ക്കാനാണെങ്കില്‍ സെക്യൂരിറ്റിക്കാരെ വിളിച്ചാല്‍ പോരേ?' ; രഹാനയെ കടന്നാക്രമിച്ച് മുന്‍ കോച്ച് 

മുഖ്യ പരിശീലകനും ബാറ്റിങ് പരിശീലകനും എന്തെടുക്കുകയാണ്?. ഇവരെ തിരുത്തേണ്ടത് പരിശീലകരാണ്' 
'വെറുതെ ക്രീസില്‍ നില്‍ക്കാനാണെങ്കില്‍ സെക്യൂരിറ്റിക്കാരെ വിളിച്ചാല്‍ പോരേ?' ; രഹാനയെ കടന്നാക്രമിച്ച് മുന്‍ കോച്ച് 

മുംബൈ : ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറും കോച്ചുമായിരുന്ന സന്ദീപ് പാട്ടീല്‍ രംഗത്തെത്തി. മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയെയാണ് പാട്ടീല്‍ രൂക്ഷമായി വിമര്‍ശിച്ചത്. തട്ടിയും മുട്ടിയും കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന രഹാനെയെ പോലുള്ള താരങ്ങളാണ് ടീമിന്റെ തോല്‍വിക്ക് ഉത്തരവാദികളെന്ന് പാട്ടീല്‍ തുറന്നടിച്ചു. രഹാനെയുള്‍പ്പെടെയുള്ളവര്‍ ഇത്തരം സമീപനം സ്വീകരിക്കുമ്പോള്‍ തിരുത്തിക്കൊടുക്കേണ്ട മുഖ്യപരിശീലകന്‍ രവി ശാസ്ത്രി എവിടെയായിരുന്നെന്നും സന്ദീപ് പാട്ടീല്‍ ചോദിച്ചു.

ടെസ്റ്റ് പരമ്പരയില്‍ ഭേദപ്പെട്ട തുടക്കം ലഭിച്ച രഹാനെ നാല് ഇന്നിങ്‌സുകളില്‍നിന്ന് 21.50 ശരാശരിയില്‍ ആകെ നേടിയത് 91 റണ്‍സ് മാത്രമാണ്. മധ്യനിരയില്‍ രഹാനെ ഉള്‍പ്പെടെയുള്ള താരങ്ങളുടെ അമിത കരുതലും ശ്രദ്ധയുമാണ് ടീമിന്റെ മോശം പ്രകടനത്തിനു കാരണം. ടീമിലെ പ്രധാന താരങ്ങള്‍ ഇത്തരത്തില്‍ തട്ടിമുട്ടി നിന്നാല്‍ എതിര്‍ ടീമിന്റെ ബോളിങ് അതി ഗംഭീരമാണെന്ന് പിന്നാലെ വരുന്നവര്‍ ധരിക്കും. പരാജയപ്പെടുമെന്ന ഭയത്തില്‍നിന്നാണ് ബാറ്റ്‌സ്മാന്‍മാര്‍ തട്ടീം മുട്ടീം കളിക്കാന്‍ ശ്രമിക്കുന്നതെന്ന് സന്ദീപ് പാട്ടീല്‍ അഭിപ്രായപ്പെട്ടു. 

'ഈ സീസണില്‍ മുംബൈയ്ക്കായി ആഭ്യന്തരക്രിക്കറ്റില്‍ കളിക്കുമ്പോഴും രഹാനെയുടെ ബാറ്റിങ് മന്ദഗതിയിലായിരുന്നുവെന്ന് കേട്ടു. പരാജയപ്പെടുമെന്ന ഭയത്തില്‍നിന്നാണ് മുട്ടിക്കളിക്കാനുള്ള പ്രചോദനമുണ്ടാകുന്നത്. ചില മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള താരമാണ് അദ്ദേഹം. വിദേശത്ത് മികച്ച റെക്കോര്‍ഡുമുണ്ട്. ഒരു ടെസ്റ്റ് കളിക്കാരനെന്ന ലേബലിലാണ് ഇപ്പോള്‍ അദ്ദേഹം അറിയപ്പെടുന്നത്. ഇതോടെ പരിമിത  ഓവര്‍ ഫോര്‍മാറ്റില്‍നിന്ന് പുറത്തായി. മികച്ച ടെസ്റ്റ് താരമാണെന്ന് തെളിയിക്കാനാകും ഇനി അദ്ദേഹത്തിന്റെ ശ്രമം. അതാണ് നമ്മള്‍ ന്യൂസീലന്‍ഡില്‍ ഉള്‍പ്പെടെ കണ്ടതും' പാട്ടീല്‍ പറഞ്ഞു. 

'സാങ്കേതികമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് തെളിയിക്കാനുള്ള ശ്രമം കൂടിയാണ് ഈ മുട്ടിക്കളി. എന്തുവിലകൊടുത്തും ക്രീസില്‍ തുടരുക എന്നതാണ് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം. വെറുതെ ക്രീസില്‍ നില്‍ക്കാനാണെങ്കില്‍ വല്ല സെക്യൂരിറ്റിക്കാരെയും വിളിച്ചാല്‍ പോരേ? ടീമിന് ആവശ്യമായ റണ്‍സ് ആര് നേടുമെന്നും പാട്ടീല്‍ ചോദിച്ചു.

'എല്ലാ പന്തും അടിച്ചുകളിക്കാന്‍ ശ്രമിക്കണമെന്നല്ല ഞാന്‍ പറയുന്നത്. മറിച്ച്, ഇത്രയേറെ സെഞ്ചുറികള്‍ നേടിയിട്ടുള്ള ഒരു താരത്തെ സംബന്ധിച്ച് ഇപ്പോഴത്തെ ഈ സമീപനം ശരിയല്ല എന്നാണ്. എന്നെപ്പോലുള്ള സാധാരണ കളിക്കാര്‍ പോലും വിദേശത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇവരൊക്കെ ശരിക്കും ചാംപ്യന്‍മാരല്ലേ' എന്നും പാട്ടീല്‍ ചോദിച്ചു. 'തന്റെ കളിയിലെ പ്രശ്‌നം തിരിച്ചറിയാന്‍ രഹാനെയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ സഹായിക്കേണ്ടത് ആരാണ്? മുഖ്യ പരിശീലകനും ബാറ്റിങ് പരിശീലകനും എന്തെടുക്കുകയാണ്? ടീമിലെ ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ ഒരു മോശം പ്രവണതയ്ക്കു തുടക്കമിടുന്നു. മറ്റുള്ളവരും അത് അനുകരിക്കുന്നു. ഇവരെ തിരുത്തേണ്ടത് പരിശീലകരാണ്' സന്ദീപ് പാട്ടീല്‍ പറഞ്ഞു. താരങ്ങളുടെ മുട്ടിക്കളിയെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും വിമര്‍ശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com