കപ്പ് ഓസ്‌ട്രേലിയയ്ക്ക് എന്ന് മോറിസണ്‍, നീലക്കുപ്പായക്കാര്‍ മുത്തമിടുമെന്ന് മോദി; ലോകകപ്പ് ആവേശത്തില്‍ പ്രധാനമന്ത്രിമാര്‍ 

വനിതകളുടെ ട്വന്റി -20 ലോകകപ്പിന്റെ കലാശ പോരാട്ടത്തിനായി നാളെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കപ്പ് ഓസ്‌ട്രേലിയയ്ക്ക് എന്ന് മോറിസണ്‍, നീലക്കുപ്പായക്കാര്‍ മുത്തമിടുമെന്ന് മോദി; ലോകകപ്പ് ആവേശത്തില്‍ പ്രധാനമന്ത്രിമാര്‍ 

ന്യൂഡല്‍ഹി: വനിതകളുടെ ട്വന്റി -20 ലോകകപ്പിന്റെ കലാശ പോരാട്ടത്തിനായി നാളെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊടൊപ്പം സ്വന്തം നാടിന് ആശംസ നേര്‍ന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ പ്രസ്താവനയ്ക്ക് അതേ നാണയത്തില്‍ മോദി മറുപടിയും നല്‍കി. ഓസ്‌ട്രേലിയയിലെ നീല കൊടുമുടികള്‍ എന്ന പോലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നീലക്കുപ്പായക്കാര്‍ കപ്പ് ഉയര്‍ത്തുമെന്നാണ് മോദിയുടെ ആത്മവിശ്വാസം തുളുമ്പുന്ന ട്വിറ്ററിലെ വാക്കുകള്‍.

മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയില്‍ നാളെ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുളള ഇന്ത്യയുടെ എതിരാളി. എല്ലാ കളികളും ജയിച്ച് ഫൈനലില്‍ എത്തിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് മോദിയുടെ ആശംസ നേര്‍ന്നുളള വാക്കുകള്‍.

രണ്ടു പ്രമുഖ ടീമുകള്‍ തമ്മില്‍ മാറ്റുരയ്ക്കുന്നതിനാണ് മെല്‍ബണ്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നാണ് സ്‌കോട്ട് മോറിസണിന്റെ ട്വീറ്റ്. ഓസ്‌ട്രേലിയ വിജയിക്കുമെന്ന് മോറിസണ്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് കൊണ്ടാണ് മോറിസണിന്റെ വാക്കുകള്‍.

മോറിസണിന്റെ വാക്കുകള്‍ക്ക് അതേ അര്‍ത്ഥത്തില്‍ മറുപടി നല്‍കുന്നതും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതുമാണ് മോദിയുടെ ട്വീറ്റ്. മോറിസണിന്റെ വാക്കുകളെ ഒരേ സമയം അംഗീകരിക്കുകയും കൃത്യമായി മറുപടി നല്‍കുന്നതുമാണ് മോദിയുടെ വാക്കുകള്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഫൈനലില്‍ മത്സരിക്കുന്നു എന്നതിനപ്പുറം ഒന്നിനെയും കാണേണ്ടതില്ല എന്ന് മോദി പറഞ്ഞു. ഇന്ത്യന്‍ ടീം വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിനിടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ആശംസ നേരാനും മോദി മറന്നില്ല. 'മികച്ച രീതിയില്‍ കളിക്കുന്ന ടീം വിജയിക്കും. ഓസ്‌ട്രേലിയയിലെ നീല കൊടുമുടികള്‍ എന്ന പോലെ, മെല്‍ബണില്‍ നീലക്കുപ്പായക്കാര്‍ കപ്പില്‍ മുത്തമിടും'- ഇന്ത്യ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെയുളള മോദിയുടെ ട്വീറ്റിലെ വരികളാണിവ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com