ഈ ടീമിന്റെ പ്രായമൊന്ന് നോക്കണം, കിരീടം കൈവിട്ട നിരാശ അതോടെ പമ്പ കടക്കും

ആതിഥേയരുടെ കരുത്തിന് മുന്‍പില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ വനിതാ ടീമിനെ വിമര്‍ശിക്കുന്നതിന് മുന്‍പ് മെല്‍ബണില്‍ ഫൈനലിന് ഇറങ്ങിയ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലൂടെ ഒന്ന് കണ്ണോടിക്കണം
ഈ ടീമിന്റെ പ്രായമൊന്ന് നോക്കണം, കിരീടം കൈവിട്ട നിരാശ അതോടെ പമ്പ കടക്കും

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്‍പില്‍ പൊരുതാന്‍ പോലുമാവാതെ വീണ ഇന്ത്യന്‍ സംഘം നിങ്ങളെ നിരാശപ്പെടുത്തിയോ? ആതിഥേയരുടെ കരുത്തിന് മുന്‍പില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ വനിതാ ടീമിനെ വിമര്‍ശിക്കുന്നതിന് മുന്‍പ് മെല്‍ബണില്‍ ഫൈനലിന് ഇറങ്ങിയ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലൂടെ ഒന്ന് കണ്ണോടിക്കണം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്ന് അവിടെ കാണാം....

ഫൈനല്‍ വരെ ഇന്ത്യന്‍ ബാറ്റിങ്ങിനെ തുണച്ചുകൊണ്ടു പോയത് ഒരു പതിനാറുകാരിയാണ്. പ്ലേയിങ് ഇലവനില്‍ മറ്റൊരു പതിനാറുകാരി കൂടിയുണ്ടായി. വലംകയ്യന്‍ ബാറ്റ്‌സ് വുമണായ റിച്ചാ ഘോഷ്. ഫൈനലില്‍ തകര്‍ത്ത് കളിക്കുകയായിരുന്ന ഹീലിയെ പുറത്താക്കിയ രാധാ യാദവിന്റെ പ്രായം 19 വയസ്.

ഇരുപത്തിരണ്ടുകാരിയാണ് മെല്‍ബണില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ. ഇതിനോടകം ഇന്ത്യയുടെ വിശ്വസ്തയായി, ട്വന്റി20 റാങ്കിങ്ങില്‍ 9ാം സ്ഥാനത്ത് നില്‍ക്കുന്ന ജെമിമയുടെ പ്രായം 19ലേക്കെത്തിയിട്ടുള്ളു. 22കാരിയാണ് ഇന്ത്യയുടെ ബാറ്റ്‌സ്വുമണായ താനിയ ഭാട്ടിയ.

ടൂര്‍ണമെന്റില്‍ ഒരു ഘട്ടത്തിലും ഫോമിലേക്ക് എത്താനായില്ലെങ്കിലും ഇന്ത്യയുടെ സ്റ്റാര്‍ പ്ലേയറായ മന്ദാനയുടെ പ്രായം 23ലേക്ക് എത്തുന്നതേയുള്ളു. 30 വയസ് തൊട്ട രണ്ട് കളിക്കാര്‍ മാത്രമാണ് ഫൈനല്‍ കളിച്ചത്. ഹര്‍മന്‍പ്രീത് കൗറും, ശിഖ പാണ്ഡേയും. വേദ കൃഷ്ണമൂര്‍ത്തി, പൂനം യാദവ്, രാജേശ്വരി ഗയ്കവാദ് എന്നിവരാണ് 25ന് മുകളില്‍ പ്രായമുണ്ടായിരുന്നവര്‍.

ഫൈനല്‍ കളിച്ച അഞ്ച് ഇന്ത്യന്‍ താരങ്ങളുടെ പ്രായം 25ല്‍ താഴെ. ഫൈനല്‍ കളിച്ച ഓസ്‌ട്രേലിയന്‍ ഇലവനിലേക്ക് വരുമ്പോള്‍ അവരുടെ പ്ലേയിങ് ഇലവനിലെ എട്ട് താരങ്ങളാണ് 25ന് മുകളില്‍ പ്രായത്തിലുള്ളത്. പരിചയസമ്പത്ത് കുറഞ്ഞ ഈ ടീമുമായാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ വരെ എത്തിയത് എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com