ട്വന്റി20 ലോക കിരീടം ഓസ്‌ട്രേലിയക്ക്; പൊരുതാന്‍ പോലുമാവാതെ ഇന്ത്യ, 99 റണ്‍സിന് ഓള്‍ഔട്ട്

കന്നിക്കിരീടം ലക്ഷ്യമിട്ട് 185 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 19.1 ഓവറില്‍ 99 റണ്‍സിന് അവസാനിച്ചു
ട്വന്റി20 ലോക കിരീടം ഓസ്‌ട്രേലിയക്ക്; പൊരുതാന്‍ പോലുമാവാതെ ഇന്ത്യ, 99 റണ്‍സിന് ഓള്‍ഔട്ട്

മെല്‍ബണ്‍: വനിതാ ട്വന്റി20 ലോക കിരീടം ഓസ്‌ട്രേലിയക്ക്. കന്നിക്കിരീടം ലക്ഷ്യമിട്ട് 185 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 19.1 ഓവറില്‍ 99 റണ്‍സിന് അവസാനിച്ചു. 86 റണ്‍സ് ജയവുമായി ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തി. ഓസ്‌ട്രേലിയയുടെ അഞ്ചാം ട്വന്റി20 ലോക കിരീട നേട്ടവും, സ്വന്തം മണ്ണിലെ ആദ്യത്തേതുമാണ് ഇത്.

2010, 2012, 2014, 2018 വര്‍ഷങ്ങളിലും ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയിരുന്നു. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. പിന്നാലെ വന്ന മൂന്ന് ഗ്രൂപ്പ് ഘട്ടങ്ങളിലും ജയം പിടിച്ച് ഇന്ത്യ കരുത്തു കാട്ടി. എന്നാല്‍ ആദ്യ മത്സരത്തിലേറ്റ തോല്‍വിയുടെ കണക്കു കൂടി ഫൈനലില്‍ വീട്ടി ആതിഥേയര്‍ കിരീട നേട്ടം ആഘോഷമാക്കി.

 ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ ഓസ്‌ട്രേലിയ വീഴ്ത്തിക്കൊണ്ടിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മേഗനും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജൊനാസനും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ ചീട്ടുകൊട്ടാരമാക്കി വീഴ്ത്തിയത്. 33 റണ്‍സ് എടുത്ത് ദീപ്തി ശര്‍മയും 19 റണ്‍സ് എഠുത്ത് വേദ കൃഷ്ണമൂര്‍ത്തിയും പൊരുതാന്‍ ശ്രമിച്ചെങ്കിലും സ്വന്തം മണ്ണിലെ ആതിഥേയരുടെ കരുത്തിന് മുന്‍പില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. 185 റണ്‍സ് മുന്‍പില്‍ വെച്ചിറങ്ങിയ ഇന്ത്യക്ക് ഇന്നിങ്‌സിലെ മൂന്നാമത്തെ ഡെലിവറിയില്‍ തന്നെ പ്രഹരമേറ്റു.

ടൂര്‍ണമെന്റിലുടനീളം ഇന്ത്യയെ തോളിലേറ്റിയ ഷഫാലിയെ രണ്ട് റണ്‍സില്‍ നില്‍ക്കെ മടക്കി. ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് വിക്കറ്റിന് പിന്നില്‍ ഹീലിയുടെ കൈകളിലേക്കെത്തി. പിന്നാലെ രണ്ട് റണ്‍സ് എടുത്ത് നിന്ന താനിയ ഭാട്ടിയ റിട്ടയേര്‍ഡ് ഹേര്‍ട്ടായി മടങ്ങി.

രണ്ടാം ഓവറിലെ അവസാന പന്തില്‍ മിഡ് ഓണിലേക്ക് കളിക്കാനുള്ള ജെമിമയുടെ ശ്രമം പാളിയപ്പോള്‍ നികോള കെയ്‌റ ഒരു പിഴവുമില്ലാതെ പന്ത് കൈപ്പിടിയിലാക്കി. രണ്ട് പന്തില്‍ ഡക്കായാണ് ട്വന്റി20 റാങ്കിങ്ങില്‍ 9ാം സ്ഥാനത്തുള്ള ഇന്ത്യയുടെ വിശ്വസ്ഥ മടങ്ങിയത്.

എട്ട് റണ്‍സിനിടെ രണ്ട് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ തുടരെ ബൗണ്ടറികള്‍ കണ്ടെത്തി സ്മൃതി മന്ദാന തിരികെ കയറ്റുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും അധിക സമയം അത് നീണ്ടു നിന്നില്ല. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും ഫോം കണ്ടെത്താനാവാതെ എട്ട് പന്തില്‍ നിന്ന് രണ്ട് ഫോറിന്റെ അകമ്പടിയോടെ 11 റണ്‍സ് എടുത്ത് മന്ദാന മടങ്ങി. ജന്മദിനത്തില്‍ ടീമിനെ കിരീടത്തിലേക്ക് എത്തിക്കുന്ന ഇന്നിങ്‌സ് ഹര്‍മനില്‍ നിന്ന് സ്വപ്‌നം കണ്ട ആരാധകരെ നിരാശപ്പെടുത്തി ആറാം ഓവറിലെ നാലാമത്തെ ഡെലിവറിയില്‍ ക്യാപ്റ്റനും ഡ്രസിങ് റൂമിലേക്ക് നടന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com