ഒരുനാള്‍ അത് സംഭവിക്കും, എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്‌; കിരീടം കൈവിട്ട ടീമിന് പിന്തുണയുമായി താരങ്ങള്‍

'ഒരിക്കലും നിരാശരാവരുത്. ടൂര്‍ണമെന്റിലുടനീളം നിങ്ങള്‍ മികച്ച് നിന്നു. ഒരുനാള്‍ നിങ്ങളുടെ കൈകളിലേക്ക് ആ കിരീടമെത്തും'
ഒരുനാള്‍ അത് സംഭവിക്കും, എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്‌; കിരീടം കൈവിട്ട ടീമിന് പിന്തുണയുമായി താരങ്ങള്‍

സ്വന്തം മണ്ണിലെ ആദ്യ കിരീട നേട്ടം എന്ന സ്വപ്‌നത്തിലേക്ക് കുതിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഓസ്‌ട്രേലിയ ഇറങ്ങിയപ്പോള്‍ മെല്‍ബണില്‍ ഇന്ത്യക്ക് മറുപടിയുണ്ടായില്ല. 85 റണ്‍സ് അകലെ കിരീടം കൈവിട്ട നിരാശയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംഘത്തെ ആശ്വസിപ്പിച്ച് എത്തിയവരുടെ കൂട്ടത്തില്‍ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സ് മുതല്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ളവര്‍ വരെയുണ്ട്.

ഒരുനാള്‍ ആ കിരീടം നിങ്ങളുടെ കൈകളിലേക്ക് എത്തുമെന്ന് ഇന്ത്യന്‍ വനിതാ സംഘത്തോട് വിവ് റിച്ചാര്‍ഡ്‌സ് പറയുന്നു. ഒരിക്കലും നിരാശരാവരുത്. ടൂര്‍ണമെന്റിലുടനീളം നിങ്ങള്‍ മികച്ച് നിന്നു. ഒരുനാള്‍ നിങ്ങളുടെ കൈകളിലേക്ക് ആ കിരീടമെത്തും. വിശ്വസിക്കുക...വിന്‍ഡിസ് ഇതിഹാസ ബാറ്റ്‌സ്മാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഏതാനും വര്‍ഷം മുന്‍പ് വനിതാ ലോകകപ്പിലേക്ക് ഇത്രയും കണ്ണുകളെത്തുമെന്ന് ആരും കരുതിയിരുന്നില്ലെന്നാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ പറഞ്ഞത്. കിരീടം വരും പോവും. എന്നാലിന്ന് നമ്മള്‍ ജയിച്ചു, സമൂഹം മുന്‍പില്‍ വെച്ച എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ചെത്തിയ എല്ലാ ഇന്ത്യന്‍ പെണ്‍കുട്ടികളും വിജയിച്ചുവെന്ന് ഗംഭീര്‍ കുറിച്ചു.

കിരീടം കയ്യകലത്തില്‍ നിന്ന് നഷ്ടപ്പെടുമ്പോഴുള്ള വേദന മനസിലാക്കാന്‍ കഴിയുന്നുവെന്ന് മുഹമ്മദ് കൈഫ് ഇന്ത്യന്‍ പെണ്‍ സംഘത്തോട് പറയുന്നു. നിങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കൂ പെണ്‍കുട്ടികളെ. മത്സര ഫലമല്ല കാര്യം, നിങ്ങള്‍ ഒരു തലമുറക്ക് പ്രചോദനം നല്‍കിയെന്നതാണ് പ്രധാനം. നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു, കൈഫ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com