ആന്‍ഫീല്‍ഡില്‍ ചങ്കുപൊട്ടി ലിവര്‍പൂള്‍; കട്ട പ്രതിരോധത്തിന്റെ കത്രിക പൂട്ടുമായി സിമിയോണി; തോറ്റ് തുന്നംപാടി നിലവിലെ ചാമ്പ്യൻമാർ പുറത്ത്

ആന്‍ഫീല്‍ഡില്‍ ചങ്കുപൊട്ടി ലിവര്‍പൂള്‍; കട്ട പ്രതിരോധത്തിന്റെ കത്രിക പൂട്ടുമായി സിമിയോണി; നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് മടക്കം
ആന്‍ഫീല്‍ഡില്‍ ചങ്കുപൊട്ടി ലിവര്‍പൂള്‍; കട്ട പ്രതിരോധത്തിന്റെ കത്രിക പൂട്ടുമായി സിമിയോണി; തോറ്റ് തുന്നംപാടി നിലവിലെ ചാമ്പ്യൻമാർ പുറത്ത്

ലണ്ടന്‍: യുര്‍ഗന്‍ ക്ലോപിന്റെ ആ കണക്കുകൂട്ടല്‍ കട്ട പ്രതിരോധ പൂട്ടിട്ട് സിമിയോണി പൂട്ടിയപ്പോള്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ കണ്ണീര്‍ വീണു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരെ സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്താക്കി. സ്വന്തം തട്ടകത്തില്‍ 25 യൂറോപ്യന്‍ പോരാട്ടങ്ങളില്‍ അപരാജിതരായി നിലകൊണ്ട ലിവര്‍പൂളിന്റെ കുതിപ്പിനും സ്പാനിഷ് കരുത്തര്‍ വിരാമമിട്ടു. 

കിരീട നേട്ടം ആവര്‍ത്തിക്കാമെന്ന ഇംഗ്ലീഷ് കരുത്തരുടെ പ്രതീക്ഷ പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ 1-0ത്തിന് സ്വന്തം തട്ടകത്തില്‍ സിമിയോണിയും കുട്ടികളും തകര്‍ത്ത് കൈയില്‍ കൊടുത്തു. രണ്ടാം പാദത്തില്‍ ആന്‍ഫീല്‍ഡില്‍ കയറി 2-3ന് വിജയം പിടിച്ച അത്‌ലറ്റിക്കോ ഇരു പാദങ്ങളിലായി 4-2ന് മത്സരം സ്വന്തമാക്കി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയാണ് കളം വിട്ടത്. 

ആദ്യ പാദത്തിലെ മത്സര ശേഷം ക്ലോപ് ആന്‍ഫീല്‍ഡില്‍ ആണ് രണ്ടാം പാദം കളിക്കേണ്ടത് എന്നോര്‍ക്കണമെന്ന് അത്‌ലറ്റിക്കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. സിമിയോണിയുടെ ഡിഫന്‍സീവ് തന്ത്രങ്ങള്‍ കലക്കികുടിച്ച് ഇറങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡ് ലിവര്‍പൂളിനെ ഞെക്കി ഞെരുക്കിക്കളഞ്ഞു. 

മത്സരത്തില്‍ തുടക്കം മുതല്‍ പതിവ് ആക്രമണവുമായി ലിര്‍പൂള്‍ നിലകൊണ്ടു. ലിവര്‍പൂളിന് ആശ്വാസം നല്‍കിയ ഗോള്‍ വന്നത് വിനാള്‍ഡത്തിലൂടെ ആയിരുന്നു. 43ാം മിനുട്ടില്‍ ഒരു ഗംഭീര ഹെഡ്ഡറിലൂടെ ആയിരുന്നു വിവനാള്‍ഡം വല കുലുക്കിയത്. 

രണ്ടാം പകുതിയില്‍ അത്‌ലറ്റിക്കോ കാവല്‍ക്കാരന്‍ ഒബ്ലെക് ലിവര്‍പൂളിന്റെ അറ്റാക്കിന്റെയൊക്കെ അറ്റത്ത് തടസമായി നിന്നു. ഒബ്ലെക്കിന്റെ സേവുകള്‍ ഗോളെന്ന് ഉറച്ച നിരവധി അവസരങ്ങള്‍ ഇല്ലാതെയാക്കി. ഒടുവില്‍ നിശ്ചിത സമയത്ത് 1-1 എന്ന അഗ്രഗേറ്റ് സ്‌കോര്‍ ആയതിനാല്‍ കളി എക്‌സ്ട്രാ ടൈമിലേക്ക് കടന്നു. എക്‌സ്ട്രാ ടൈമിലെ രണ്ടാം മിനുട്ടില്‍ ലിവര്‍പൂള്‍ ആഗ്രഹിച്ച രണ്ടാം ഗോള്‍ വന്നു. ഫിര്‍മീനോയുടെ വകയായിരുന്നു ഗോള്‍. 

ഈ ഗോളിലൂടെ വിജയം ഉറപ്പിച്ചു എന്ന് കരുതി ആശ്വസിച്ച ലിവര്‍പൂളിന് തെറ്റി. ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അഡ്രിയാന്റെ പിഴവ് മുതലെടുത്ത് 97ാം മിനുട്ടില്‍ ലിയൊറെന്റെയുടെ സ്‌ട്രൈക്ക്. ആന്‍ഫീല്‍ഡിനെ നിശബ്ദമാക്കി. എവേ ഗോളിന്റെ മുന്‍തൂക്കവും അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം. ആ ഷോക്ക് തീരും മുമ്പ് വീണ്ടും ലിവര്‍പൂള്‍ വല കുലുങ്ങി. 105ാം മിനുട്ടില്‍ വീണ്ടും ലിയൊറെന്റെ തന്നെ അഡ്രിയനെ കീഴ്‌പ്പെടുത്തി. 

അവസാന 15 മിനുട്ടില്‍ ലിവര്‍പൂള്‍ എല്ലാം നല്‍കി പൊരുതിയെങ്കിലും സിമിയോണിയുടെ ഡിഫന്‍സിനെ മറികടക്കാന്‍ ആയില്ല. ഫൈനല്‍ വിസിലിനു തൊട്ടുമുമ്പ് മൊറാറ്റയിലൂടെ മൂന്നാം ഗോളും നേടി അത്‌ലറ്റിക്കോ ലിവര്‍പൂളിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com