കൊറോണയ്ക്ക് സൗജന്യ ചികിത്സ, ഹോട്ടലുകൾ ആശുപത്രികളാക്കി; സഹായഹസ്തവുമായി റൊണാൾഡോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2020 06:13 PM |
Last Updated: 15th March 2020 08:43 PM | A+A A- |

ലിസ്ബൺ: പോർച്ചുഗലിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗബാധിതർക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ ആശുപത്രികളാക്കി രൂപാന്തരപ്പെടുത്തുകയാണെന്നാണ് പുതിയ റിപ്പോർട്ട്. യുവെ വെബ്സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാർസയും പുറത്തുവിട്ട ഈ വാർത്തയ്ക്ക് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
റൊണാൾഡോയുടെ ‘സിആർ7’ എന്ന പേരിലുള്ള ബ്രാൻഡിന്റെ ഹോട്ടലുകളാണ് ആശുപത്രികളാക്കിയത്. ഇവിടെ സേവനം ചെയ്യുന്ന ഡോക്ടർമാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളമടക്കമുള്ള ചിലവുകൾ താരം വഹിക്കുമെന്നും രോഗികൾക്ക് സേവനം സൗജന്യമായിരിക്കും എന്നുമാണ് റിപ്പോർട്ടുകൾ.
170–ഓളം പേർക്കാണ് പോർച്ചുഗലിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ പോർച്ചുഗലിലെ തന്റെ വസതിയിലാണുള്ളത്. യുവെന്റസ് താരം ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ റൊണാൾഡോ ഉൾപ്പെടെയുള്ള യുവെന്റസ് താരങ്ങളും പരിശീലകരും ക്വാറന്റീനിലാണ്. പോർച്ചുഗലിനെ വീട്ടിലാണ് റൊണാൾഡോ നിരീക്ഷണത്തിലുള്ളത്.