'ഞാന്‍ തന്നെ അഭിനയിക്കും, പക്ഷേ എന്റെ റോളില്‍ കാണാനിഷ്ടം ഈ താരത്തെ'- തുറന്നു പറഞ്ഞ് യുവരാജ് സിങ്

'ഞാന്‍ തന്നെ അഭിനയിക്കും, പക്ഷേ എന്റെ റോളില്‍ കാണാനിഷ്ടം ഈ താരത്തെ'- തുറന്നു പറഞ്ഞ് യുവരാജ് സിങ്
'ഞാന്‍ തന്നെ അഭിനയിക്കും, പക്ഷേ എന്റെ റോളില്‍ കാണാനിഷ്ടം ഈ താരത്തെ'- തുറന്നു പറഞ്ഞ് യുവരാജ് സിങ്

മുംബൈ: ആരാധകര്‍ ഏറെയുള്ള താരമാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. 2011ലെ ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യ എത്തിയതില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് യുവരാജിന്റെ ഓള്‍റൗണ്ട് മികവിനോടാണ്. കായിക താരങ്ങളുടെ ആത്മകഥ പറയുന്ന സിനിമകള്‍ ബോളിവുഡില്‍ നിരവധിയുണ്ട്. മില്‍ഖാ സിങ്, അസ്ഹറുദ്ദീന്‍, ധോനി, മേരി കോം തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ബയോ പിക്കുകള്‍ ബോളിവുഡില്‍ സമീപ കാലത്ത് ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. അത്തരമൊരു സിനിമ വന്നാല്‍ ആരായിരിക്കണം യുവരാജായി അഭിനയിക്കേണ്ടത് എന്നതിന് ഉത്തരം നല്‍കിയിരിക്കുകയാണ് യുവി. 

താന്‍ തന്നെ ആ റോള്‍ ഏറ്റെടുത്തോളാം എന്ന് യുവി തമാശയായി പറയുന്നുണ്ട്. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് നിരാശയുണ്ടാക്കുന്നതായി തീര്‍ന്നാലോ എന്നൊരു സംശയവും യുവരാജ് പറയുന്നു. തന്റെ ജീവിത കഥ വെള്ളിത്തിരയില്‍ വന്നാല്‍ 'ഗല്ലി ബോയ്' എന്ന സിനിമയില്‍ അഭിനയിച്ച സിദ്ധാന്ത് ചതുര്‍വേദി യുവരാജ് സിങായി വരണമെന്നാണ് ആഗ്രഹമെന്ന് യുവി വ്യക്തമാക്കി. 

'ഒരുപക്ഷേ, ഞാന്‍ സ്വയം ആ റോള്‍ ഏറ്റെടുക്കാം. എന്നാല്‍ അത് നിരാശപ്പെടുത്തുന്നതായി തീര്‍ന്നാലോ. ആര് വേണമെന്ന് തീരുമാനിക്കേണ്ടത് സംവിധായകനാണ്. ഇനി അങ്ങനെയൊരു സിനിമ വരികയാണെങ്കില്‍ 'ഗല്ലി ബോയ്' (2019) എന്ന സിനിമയില്‍ 'എംസി ഷെര്‍' ആയി അഭിനയിച്ച സിദ്ധാന്ത് ചതുര്‍വേദിയെ യുവരാജ് സിങായി കാണാനാണ് ഇഷ്ടം. അതാണ് എന്റെ ആഗ്രഹം'- യുവരാജ് പറഞ്ഞു. 

ഇന്ത്യക്കായി 40 ടെസ്റ്റ് മത്സരങ്ങളും 304 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും കളിച്ച താരമാണ് യുവരാജ് സിങ്. ടെസ്റ്റില്‍ 1900, ഏകദിനത്തില്‍ 8701, ടി20യില്‍ 1177 റണ്‍സും താരം നേടി. 148 അന്താരാഷ്ട്ര വിക്കറ്റുകളും സ്വന്തമാക്കിയ യുവരാജ് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് വിജയിച്ചപ്പോള്‍ 90.50 ശരാശരിയില്‍ 362 റണ്‍സ് അടിച്ചെടുത്ത് ടൂര്‍ണമെന്റിന്റെ താരമായി മാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com