ഇന്ത്യയിലാണെങ്കില്‍ ടീമിലെ സ്ഥാനം കണികാണാനാവില്ല; പാക് ടീമിനെ പരിഹസിച്ച് മിയാന്‍ദാദ് 

ഇന്ത്യയുടേയോ, ഇംഗ്ലണ്ടിന്റേയോ, ഓസ്‌ട്രേലിയയുടേയോ ദേശീയ ടീമില്‍ ഇടംനേടാന്‍ മാത്രം പ്രാപ്തരായ കളിക്കാരല്ല പാക് ടീമിലുള്ളത്
ഇന്ത്യയിലാണെങ്കില്‍ ടീമിലെ സ്ഥാനം കണികാണാനാവില്ല; പാക് ടീമിനെ പരിഹസിച്ച് മിയാന്‍ദാദ് 

കറാച്ചി: പാക് ക്രിക്കറ്റ് ടീം അംഗങ്ങളുടെ നിലവാരം ചോദ്യം ചെയ്ത് പാകിസ്ഥാന്‍ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. നിലവില്‍ പാക് ക്രിക്കറ്റ് ടീമിലുള്ള കളിക്കാര്‍ ഇന്ത്യയിലോ, ഓസ്‌ട്രേലിയയിലോ, ഇംഗ്ലണ്ടിലോ ആയിരുന്നു എങ്കില്‍ അവരുടെ ദേശീയ ടീമില്‍ ഇടംപിടിക്കില്ലായിരുന്നു എന്ന് മിയാല്‍ദാദ് പറഞ്ഞു. 

ഇന്ത്യയുടേയോ, ഇംഗ്ലണ്ടിന്റേയോ, ഓസ്‌ട്രേലിയയുടേയോ ദേശീയ ടീമില്‍ ഇടംനേടാന്‍ മാത്രം പ്രാപ്തരായ കളിക്കാരല്ല പാക് ടീമിലുള്ളത്. മികച്ച പ്രകടനം പുറത്തെടുക്കാതെ തന്നെ അവര്‍ ടീമില്‍ തുടരുകയാണ്, മിയാന്‍ദാദ് പറഞ്ഞു. 

എന്നാല്‍ മറ്റ് ടീമുകളില്‍ ഇടംപിടിക്കാന്‍ മാത്രം നിലവാരമുള്ള ബൗളര്‍മാര്‍ പാകിസ്ഥാനുണ്ട്. റണ്‍സ് കണ്ടെത്തിയാല്‍ മാത്രമേ ടീമില്‍ തുടരാനും, പ്രതിഫലം വാങ്ങാനും അര്‍ഹതയുള്ളു. പാക് ക്രിക്കറ്റ് ബോര്‍ഡ് ആണ് അത് ഉറപ്പു വരുത്തേണ്ടത്. ടീമിലെ സ്ഥാനം അവകാശമായി കാണുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് പാക് ക്രിക്കറ്റ് ബോര്‍ഡ് ആണെന്നും മിയാന്‍ദാദ് ചൂണ്ടിക്കാട്ടി. 

12 വര്‍ഷം പാക് ടീമിന് വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന് പാക് താരം അഹമ്മദ് ഷെഹ്‌സാദ് പറഞ്ഞിരുന്നു. ഇതിനോടും മിയാന്‍ദാദ് പ്രതികരിച്ചു. എന്തിനാണ് 12 വര്‍ഷമാക്കുന്നത്, 20 വര്‍ഷം കളിച്ചോളു, പക്ഷേ മികച്ച പ്രകടനം വരണം എന്നേയുള്ളു. എല്ലാ കളിയിലും നന്നായി കളിച്ചാല്‍ നിങ്ങളെ ആരും പുറത്താക്കില്ല. ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ നടത്താതെ കളിക്കളത്തില്‍ മികച്ച പ്രകടനം കൊണ്ടാണ് മറുപടി നല്‍കേണ്ടത് എന്നും മിയാന്‍ദാദ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com