'വൈറല്‍ ടൈം ബോംബ്' ഭീഷണിയില്‍ തായ്‌ലാന്‍ഡ്; കിക്ക് ബോക്‌സിങ് കാണാന്‍ 5000 പേര്‍, മടങ്ങിയത് കൊറോണ വൈറസ് ബാധയുമായി 

തായ്‌ലാന്‍ഡിന്റെ മുക്കിലും മൂലയിലും നിന്ന് ആയിരങ്ങളാണ് ബാങ്കോക്കിലെ ലുംപിനി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇവരില്‍ ഭൂരിഭാഗവും തിരികെ മടങ്ങിയതാവട്ടെ കൊറോണ വൈറസ് ബാധയുമായി....
'വൈറല്‍ ടൈം ബോംബ്' ഭീഷണിയില്‍ തായ്‌ലാന്‍ഡ്; കിക്ക് ബോക്‌സിങ് കാണാന്‍ 5000 പേര്‍, മടങ്ങിയത് കൊറോണ വൈറസ് ബാധയുമായി 

ബാങ്കോക്ക്: കൊവിഡ് 19ന്റെ ജാഗ്രതയില്‍ ലോകം നില്‍ക്കുമ്പോഴും തായ്‌ലാന്‍ഡിലെ കിക്ക് ബോക്‌സിങ് പ്രേമികള്‍ക്ക് അതൊരു വിഷയമായിരുന്നില്ല. മുയേ തായ് മത്സരം കാണാന്‍ തായ്‌ലാന്‍ഡിന്റെ മുക്കിലും മൂലയിലും നിന്ന് ആയിരങ്ങളാണ് ബാങ്കോക്കിലെ ലുംപിനി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇവരില്‍ ഭൂരിഭാഗവും തിരികെ മടങ്ങിയതാവട്ടെ കൊറോണ വൈറസ് ബാധയുമായി....

മാര്‍ച്ച് ആറിന് ബാങ്കോക്കിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തിയ ഈ ബോക്‌സിങ് ആരാധകരിലൂടെ തായ്‌ലാന്‍ഡിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. അതുവരെ ഭാഗീക നിയന്ത്രണങ്ങളാണ് തായ്‌ലാന്‍ഡ് ഭരണകൂടം സ്വീകരിച്ചത്. ബോക്‌സിങ് പ്രേമികളെ പോലെ പലരും നിരുത്തരവാദപരമായി പെരുമാറിയതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് ഇപ്പോള്‍. 

ബാങ്കോക്കിലെ മൂന്ന് ബോക്‌സിങ് സ്‌റ്റേഡിയങ്ങളില്‍ നിന്നായി സ്ഥിരീകരിച്ചിരിക്കുന്ന കൊവിഡ് 19 കേസുകളുടെ എണ്ണം 72 ആയി ഉയര്‍ന്നു. നടന്‍, മേജര്‍ ജനറല്‍, രാഷ്ട്രീയക്കാരന്‍, ബോക്‌സിങ് ട്രെയ്‌നര്‍, ആരാധകരില്‍ ചിലര്‍ എന്നിങ്ങനെയാണ് മാര്‍ച്ച് 6ലെ മത്സരത്തിനെത്തിയവരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച കണക്ക്. 

മാര്‍ച്ച് ആറിന് മത്സരങ്ങള്‍ കാണാന്‍ എത്തിയ ആരാധകരില്‍ നൂറുകണക്കിനാളുകള്‍ക്ക് വൈറസ് ബാധയേറ്റതായും, വലിയൊരു വ്യാപനത്തിന് ഇത് കാരണമായിട്ടുണ്ടാവുമെന്നാണ് തായ്‌ലാന്‍ഡ് ഭരണകൂടത്തിന്റെ കണക്കു കൂട്ടല്‍. 

തായ്‌ലാന്‍ഡിന്റെ ദേശിയ കായിക ഇനമാണ് മുയേ തായ്. രാജ്യം മുഴുവന്‍ ഇതിന് ആരാധകരുണ്ട്. മുയേ തായുടെ ഭാഗമായ സെലിബ്രിറ്റികളില്‍ ഒരു വ്യക്തി തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായും താനുമായി സമ്പര്‍കത്തിലായവര്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണം എന്നും ആവശ്യപ്പെട്ട് എത്തിയിരുന്നു. 

തായ്‌ലാന്‍ഡിലെ നടനും, ഗായകനും, അത്‌ലറ്റുമായ മാത്യു ഡീനും മാര്‍ച്ച് ആറിലെ ബോക്‌സിങ് മത്സരം കാണാന്‍ എത്തിയിരുന്നു. ഇയാള്‍ക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. സുഖോതായിലെ അവരുടെ ഗ്രാമം മുഴുവന്‍ ഇപ്പോള്‍ ക്വാരന്റൈനിലാണ്. മാര്‍ച്ച് ആറിലെ മത്സരം കാണാനെത്തിയ പ്രാദേശിക നേതാവ് ഈ മത്സരത്തിന് ശേഷം ആറ് വിവാഹം, ആറ് മരണാനന്തര ചടങ്ങുകള്‍, മൂന്ന് യോഗങ്ങള്‍, മൂന്ന് ബുദ്ധിസ്റ്റ് ഓര്‍ഡിനേഷന്‍സ്, മറ്റ് നാല് പൊതുയോഗങ്ങള്‍ എന്നിവയിലെല്ലാം പങ്കെടുത്തതായാണ് തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com