അണ്ടര്‍പാന്റില്‍ ഒരുങ്ങിയ , ജുമയുടെ ജീവനെടുത്ത്‌ നൂറിലധികം പ്രാവുകളെ ചാരമാക്കിയ തീനാളം; ഒളിംപിക്‌സ്‌ ദീപശിഖ പ്രയാണത്തിലെ നിമിഷങ്ങള്‍

പുരാതാന ഒളിംപിയയില്‍ മുതല്‍ ചൈനയിലേക്ക്‌ ഒളിംപിക്‌സ്‌ ദീപശിഖ എത്തിയപ്പോള്‍ വരെ പ്രതിഷേധങ്ങളുടെ അകമ്പടി ഈ പ്രയാണങ്ങള്‍ക്കൊപ്പമുണ്ടായി
അണ്ടര്‍പാന്റില്‍ ഒരുങ്ങിയ , ജുമയുടെ ജീവനെടുത്ത്‌ നൂറിലധികം പ്രാവുകളെ ചാരമാക്കിയ തീനാളം; ഒളിംപിക്‌സ്‌ ദീപശിഖ പ്രയാണത്തിലെ നിമിഷങ്ങള്‍


കോവിഡ്‌ പടര്‍ന്നു പിടിക്കുമ്പോള്‍ ടോക്യോ ഒളിംപിക്‌സിന്റെ സാധ്യതകളും അടയുകയാണ്‌. എന്നാല്‍ ഒളിംപിക്‌സ്‌ ദീപശിഖ ജപ്പാനിലേക്ക്‌ എത്തിയ നിമിഷം മുതല്‍ കണ്ട ജനങ്ങളുടെ പ്രതികരണം വ്യക്തമാക്കുന്നു എത്ര വൈകാരികമായാണ്‌ അവര്‍ ഒളിംപിക്‌സിനെ കാണുന്നതെന്ന്‌...മറ്റൊരു ഒളിംപിക്‌സ്‌ കാലം കയ്യകലത്തില്‍ നിന്ന്‌ അകന്ന്‌ പോവുമ്പോള്‍ കഴിഞ്ഞു പോയ ഒളിംപിക്‌സ്‌ ഓര്‍മകള്‍ പലരുടേയും മനസിലേക്കെത്തുന്നുണ്ടാവും. ഒളിംപിക്‌സ്‌ ആവേശത്തിന്റെ തിരി കൊളുക്കുന്ന ദീപശിഖാ പ്രയാണങ്ങളിലുമുണ്ട്‌ മറന്നു കളയാന്‍ സാധിക്കാത്ത പല നിമിഷങ്ങളും...

അണ്ടര്‍പാന്റില്‍ ഒരുങ്ങിയ ദീപശിഖ ​

1956 സമ്മര്‍ ഒളിംപിക്‌സില്‍ ഓസ്‌ട്രേലിയയിലെ വെറ്റിനറി വിദ്യാര്‍ഥിയായ ബാരി ലാര്‍ക്കിങ്‌ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്‌ പ്രതിഷേധിക്കാനിറങ്ങി, ഒളിംപിക്‌സ്‌ ദീപശിഖയുടെ മാതൃകയില്‍ അണ്ടര്‍പാന്റ്‌സും മറ്റും ഉപയോഗിച്ചുണ്ടാക്കിയ വ്യാജ ദീപശിഖയുമായി. 1936ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ വെച്ച്‌ നാസികളാണ്‌ ദീപശിഖ പ്രയാണം എന്നതിന്‌ തുടക്കമിട്ടത്‌ എന്നതായിരുന്നു അവരുടെ പ്രതിഷോധത്തിനുള്ള കാരണങ്ങളില്‍ ഒന്ന്‌...

സിഡ്‌നിയിലെ ടൗണ്‍ ഹാളിന്‌ മുകളില്‍ നിന്ന്‌ തങ്ങള്‍ മരക്കഷ്‌ണവും മറ്റും കൊണ്ടുണ്ടാക്കി സില്‍വര്‍ നിറം പൂശിയ ദീപശിഖ ലാര്‍കിന്‍ ഉയര്‍ത്തി. ഒളിംപിക്‌സ്‌ ദീപശിഖയാണ്‌ ഇതെന്ന്‌ തെറ്റിദ്ധരിച്ച്‌ ആയിരങ്ങളാണ്‌ ഈ നിമിഷം കരഘോഷം ഉയര്‍ത്തിയത്‌. ലാര്‍ക്കിന്‍ നീട്ടിയ ദീപശിഖയില്‍ നിന്നായിരുന്നു മേയര്‍ സിഡ്‌നിയില്‍ ഒളിംപിക്‌സ്‌ നാളം തെളിയിച്ചത്‌. പക്ഷേ തൊട്ടടുത്ത നിമിഷം ജനക്കൂട്ടത്തിന്‌ നടുവില്‍ വെച്ച്‌ പൊലീസ്‌ ഈ വിദ്യാര്‍ഥി സംഘത്തെ വളഞ്ഞു.

ജുമയുടെ ജീവനെടുത്ത ദീപശിഖ

ബ്രസീലിന്റെ മണ്ണിലേക്ക്‌ 2016ല്‍ ദീപശിഖ പ്രയാണം എത്തിയപ്പോഴാണ്‌ ഒളിംപിക്‌സ്‌ ആവേശത്തിനൊപ്പം ഒരു ജാഗ്വറും കൂടിയത്‌. വടക്കന്‍ ബ്രസീലിലെ ആമസോണിലൂടെ ദീപശിഖ കടന്നു പോവുന്ന സമയമാണ്‌ 17 വയസുള്ള ജുമ ദീപശിഖക്കൊപ്പം ഫോട്ടോ എടുക്കാന്‍ ഒപ്പം കൂടിയത്‌. എന്നാല്‍ കരുത്ത്‌ കാട്ടി ജുമ പാഞ്ഞപ്പോള്‍ വെടിവെച്ചിടുകയല്ലാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ മറ്റ്‌ വഴിയുണ്ടായില്ല.

പാര്‍ക്കിന്‍സനില്‍ വലഞ്ഞ മുഹമ്മദ്‌ അലി

ദീപശിഖാ പ്രയാണത്തിന്‌ അവസാനം കുറിച്ച്‌, ഉദ്‌ഘാടന വേദിയില്‍ ലോക കായിക മാമങ്കത്തിന്‌ തുടക്കം കുറിച്ച്‌ തീ നാളം പടര്‍ത്താന്‍ മുതിരവെ പാര്‍ക്കിന്‍സന്‍ രോഗം മുഹമ്മദ്‌ അലിയെ കുഴക്കിയ നിമിഷം...1988ലെ സിയോള്‍ ഒളിംപിക്‌സിന്റെ ഉദ്‌ഘാടന വേദിയില്‍ ഒളിംപിക്‌സ്‌ ദീപശിഖയില്‍ നിന്ന്‌ തീ പകര്‍ന്നപ്പോള്‍ ജീവന്‍ നഷ്ടമായത്‌ നൂറുകണക്കിന്‌ പ്രാവുകള്‍ക്ക്‌. ഉദ്‌ഘാടനത്തിന്‌ മുന്‍പായി പ്രാവുകളെ ഇവിടെ പറത്തിയിരുന്നു. എന്നാല്‍ തീ പടര്‍ന്നപാടെ തിങ്ങിനിറഞ്ഞ കാണികളേയും മറ്റും കണ്ട്‌ ഭയന്ന്‌ പറന്ന പ്രാവുകള്‍ അഗ്നിക്കിരയായി.

ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം കാതി ഫ്രീമാനെ സാങ്കേതിക പ്രശ്‌നങ്ങളാണ്‌ വലച്ചത്‌. കോള്‍ട്രമിലേക്ക്‌ തീ പടര്‍ത്തുന്നതിനായി ഫ്രീമാനെ ഉയര്‍ത്തേണ്ട പ്ലാറ്റ്‌ഫോം മൂന്ന്‌ മിനിറ്റോളം നിശ്ചലമായി നിന്നു. ലോകത്തിന്റെ മുഴുവന്‍ കണ്ണും ഈ ഒരു മനുഷ്യനിലേക്ക്‌ എത്തുമ്പോഴാണ്‌ ഇതെന്ന്‌ ഓര്‍ക്കണം...ഒരിക്കല്‍ തീ കെടുത്തുന്ന ഉപകരണവുമായി ഒളിംപിക്‌സ്‌ ദീപശിഖയിലെ നാളം കെടുത്താന്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ഒരുമ്പെട്ടെത്തുകയും ചെയ്‌തു.

ബഹിരാകാശത്തും, മൗണ്ട്‌ എവറസ്റ്റും, സമുദ്രത്തിന്‌ അടിത്തട്ടിലും ഒളിംപിക്‌സ്‌ ദീപശിഖ എത്തി. 1928ലാണ്‌ ഒളിംപിക്‌സ്‌ ദീപശിഖ ആദ്യമായി തിരിതെളിയുന്നത്‌. എന്നാല്‍ ദീപശിക പ്രയാണ ആദ്യം ആരംഭിക്കുന്നത്‌ 1936ലും. പുരാതാന ഒളിംപിയയില്‍ മുതല്‍ ചൈനയിലേക്ക്‌ ഒളിംപിക്‌സ്‌ ദീപശിഖ എത്തിയപ്പോള്‍ വരെ പ്രതിഷേധങ്ങളുടെ അകമ്പടി ഈ പ്രയാണങ്ങള്‍ക്കൊപ്പമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com