’ടോക്ക്യോ ഒളിമ്പിക്സ് റദ്ദാക്കേണ്ട സാഹചര്യമില്ല’; 2021ൽ നടത്തും

’ടോക്ക്യോ ഒളിമ്പിക്സ് റദ്ദാക്കേണ്ട സാഹചര്യമില്ല’; 2021ൽ നടത്തും
’ടോക്ക്യോ ഒളിമ്പിക്സ് റദ്ദാക്കേണ്ട സാഹചര്യമില്ല’; 2021ൽ നടത്തും

ലണ്ടൻ: കൊറോണ വൈറസ് വ്യാപനം ലോകം മുഴുവൻ ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ടോക്ക്യോ ഒളിമ്പിക്സ് മാറ്റിവയ്ക്കാൻ തീരുമാനിച്ചു. ജൂലൈ 14ന് ആരംഭിക്കേണ്ട ഒളിമ്പിക്സ് ഒരു വർഷത്തേക്കു നീട്ടാമെന്ന് ആതിഥേയ രാജ്യമായ ജപ്പാൻ അറിയിക്കുകയായിരുന്നു. കാനഡയും ഓസ്ട്രേലിയയും പിൻമാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തീരുമാനം. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഇത് അംഗീകരിച്ചതായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു. 

ഐഒസി പ്രസിഡന്റ് തോമസ് ബാക്കുമായി ടെലഫോണിൽ നടത്തിയ ചർച്ചയിൽ ഒളിമ്പിക്സ് നടത്താന്‍ ഒരു വർഷത്തെ സാവകാശം വേണമെന്ന് ഷിൻസോ ആബെ അറിയിക്കുകയായിരുന്നു. ഒളിമ്പിക്സ് നീട്ടിവച്ചതായി അറിയിച്ച് പിന്നീട് ഇരുകൂട്ടരും സംയുക്ത പ്രസ്താവന പുറത്തിറക്കി. ടോക്കിയോ പാരാലിമ്പിക്സും അടുത്ത വർഷത്തേക്ക് നീട്ടിവച്ചിട്ടുണ്ട്. അതേസമയം, ഒളിമ്പിക്സും പാരാലിമ്പിക്സും ടോക്കിയോ 2020 എന്ന പേരിൽത്തന്നെ തുടരും.

നാലര മാസം കൂടി ബാക്കിയുള്ളതിനാ‍ൽ ഒളിമ്പിക്സ് മാറ്റി വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനെപ്പറ്റി നിലവിൽ ആലോചിക്കേണ്ട കാര്യമില്ലെന്നു തുടരെത്തുടരെ പ്രഖ്യാപിച്ച ഐഒസി ഞായറാഴ്ച ചേർന്ന അടിയന്തര യോഗത്തിനു ശേഷമാണു നിലപാടു മാറ്റിയത്.

124 വർഷത്തെ ചരിത്രത്തിൽ ഒളിമ്പിക്സ് വൈകി നടത്തുന്നത് ഇതാദ്യമാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ 1916, 1940, 1944 വർഷങ്ങളിൽ ഒളിമ്പിക്സ് റദ്ദാക്കിയിട്ടുണ്ട്. 1980ലെ മോസ്കോ ഒളിമ്പിക്സിലും 1984ലെ ലൊസാഞ്ചലസ് ഒളിമ്പിക്സിലും ശീത യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ടീമുകൾ പിൻമാറുകയും ചെയ്തു.

2021ലേക്കു മാറ്റിയില്ലെങ്കിൽ തങ്ങളുടെ രാജ്യത്തു നിന്ന് ഒളിമ്പിക്സിനായി അത്‍ലറ്റുകളെ അയയ്ക്കില്ലെന്നാണു കാനഡ പ്രഖ്യാപിച്ചത്. താരങ്ങളുടെ സുരക്ഷയെക്കരുതിയാണു തീരുമാനമെന്നു കനേ‍ഡിയൻ ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റികൾ അറിയിച്ചു.

2021ലെ ഒളിമ്പിക്സിനു തയാറെടുക്കാൻ ഓസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി താരങ്ങളോട് ആവശ്യപ്പെട്ടതോടെയാണ് അവരുടെ പിൻമാറ്റം ഉറപ്പായത്. കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പുറമേ മറ്റു ചില രാജ്യങ്ങളും പല പ്രമുഖ അത്‍ലറ്റുകളും ഒളിമ്പിക്സ് ഒരു വർഷത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

‘ഒളിമ്പിക്സ് മാറ്റിവയ്ക്കാം പക്ഷേ, റദ്ദാക്കേണ്ട സാഹചര്യമില്ല’ ഇതാണ് ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ നിലപാട്. ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നാലാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.

ഒളിമ്പിക്സ് മുൻ നി‍ശ്ചയ പ്രകാരം നടക്കുമെന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ജപ്പാൻ പ്രധാനമന്ത്രിയും ഇന്നലെ നിലപാടു തിരുത്തിയിരുന്നു. കോവിഡ് ഭീതിമൂലം ഒളിംപിക്സ് മാറ്റിവയ്ക്കാതെ വേറെ നിവൃത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂർണമായ രീതിയിൽ ഗെയിംസ് നടത്താൻ പറ്റാത്ത സാഹചര്യമാണു നിലവിലുള്ളത്. അത്‍ലറ്റുകളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com