ട്വന്റി20 ലോകകപ്പും നഷ്ടമാവുന്നു? കോവിഡ്‌ 19 നിയന്ത്രണ വിധേയമാവാന്‍ 6 മാസമെങ്കിലും വേണമെന്ന്‌ ഓസ്‌ട്രേലിയ; ഐസിസി യോഗം വിളിച്ചു

ലോകകപ്പ്‌ ഫൈനല്‍ മാറ്റി വെക്കേണ്ടി വന്നാല്‍ അതിന്‌ കലണ്ടറില്‍ ഐസിസി എങ്ങനെ സമയം കണ്ടെത്തും എന്നതും ചോദ്യമാണ്‌.
ട്വന്റി20 ലോകകപ്പും നഷ്ടമാവുന്നു? കോവിഡ്‌ 19 നിയന്ത്രണ വിധേയമാവാന്‍ 6 മാസമെങ്കിലും വേണമെന്ന്‌ ഓസ്‌ട്രേലിയ; ഐസിസി യോഗം വിളിച്ചു


ദുബായ്‌: കോവിഡ്‌ 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ്‌ മത്സരങ്ങള്‍ മാറ്റിവെച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐസിസി യോഗം ചേരും. ട്വന്റി20 ലോക കപ്പിന്‌ കോവിഡ്‌ 19 ഭീഷണിയാകുമോ എന്നും യോഗത്തില്‍ ചര്‍ച്ച ഉയരും. മാര്‍ച്ച്‌ 29നാണ്‌ യോഗം വിളിച്ചിരിക്കുന്നത്‌.

കോവിഡ്‌ 19 നിയന്ത്രണ വിധേയമാക്കാന്‍ 6 മാസമെങ്കിലും വേണ്ടി വരുമെന്ന്‌ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയാണ്‌ പുരുഷ ട്വന്റി20 ലോക കപ്പിനും ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്‌. ഒക്ടോബറിലാണ്‌ ട്വന്റി20 ലോകകപ്പ്‌ നടക്കേണ്ടത്‌.

യുഇയില്‍ കൂടുതല്‍ കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ ഐസിസിയുടെ ദുബായിലെ ആസ്ഥാനം അടച്ചിട്ടു. വീടുകളിലിരുന്ന്‌ ജോലി ചെയ്യാനാണ്‌ ജീവനക്കാരോട്‌ ഐസിസി നിര്‍ദേശിച്ചിരിക്കുന്നത്‌. ജീവനക്കാരേയും, ഇവരുടെ കുടുംബാംഗങ്ങളേയും, സമൂഹത്തേയും സുരക്ഷിതമായി നിര്‍ത്തി ഐസിസി പ്രവര്‍ത്തനം തുടരാനാണ്‌ തീരുമാനം.

പ്രീമിയര്‍ ലീഗ്‌, ചാമ്പ്യന്‍സ്‌ ലീഗ്‌, സീരി എ ഉള്‍പ്പെടെ വമ്പന്‍ ലീഗുകള്‍ ഫുട്‌ബോളില്‍ മാറ്റിവെച്ചു കഴിഞ്ഞു. ജൂലൈയില്‍ നടക്കേണ്ട ഒളിംപിക്‌സ്‌ 2022ലേക്ക്‌ മാറ്റി വെച്ചേക്കുമെന്ന സൂചനകളാണ്‌ വരുന്നത്‌. ലോകകപ്പ്‌ ഫൈനല്‍ മാറ്റി വെക്കേണ്ടി വന്നാല്‍ അതിന്‌ കലണ്ടറില്‍ ഐസിസി എങ്ങനെ സമയം കണ്ടെത്തും എന്നതും ചോദ്യമാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com