ഐപിഎല്‍ സാധ്യതകള്‍ അടച്ച്‌ ലോക്ക്‌ഡൗണ്‍, ഒളിംപിക്‌സും മാറ്റിയതോടെ ബിസിസിഐക്ക്‌ മേല്‍ സമ്മര്‍ദം ശക്തം

മനുഷ്യരുടെ ജീവനാണ്‌ രക്ഷിക്കേണ്ടത്‌, ഐപിഎല്‍ അല്ല എന്നായിരുന്നു കിങ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ ടീം ഉടമയുടെ പ്രതികരണം
ഐപിഎല്‍ സാധ്യതകള്‍ അടച്ച്‌ ലോക്ക്‌ഡൗണ്‍, ഒളിംപിക്‌സും മാറ്റിയതോടെ ബിസിസിഐക്ക്‌ മേല്‍ സമ്മര്‍ദം ശക്തം


ന്യൂഡല്‍ഹി: കോവിഡ്‌ 19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെ ഐപിഎല്‍ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക്‌ കാര്യങ്ങളെത്തുന്നു. ഏപ്രില്‍ 15ന്‌ ശേഷം ഐപിഎല്‍ നടത്താനായിരുന്നു നേരത്തെ ബിസിസിയുടെ ആലോചന. എന്നാല്‍ കോവിഡ്‌ 19 കേസുകള്‍ രാജ്യത്ത്‌ ക്രമാതീതമായി വര്‍ധിച്ചതോടെ ബിസിസിഐക്ക്‌ മേല്‍ സമ്മര്‍ദം നിറയുന്നു.

മാര്‍ച്ച്‌ 29നായിരുന്നു ഐപിഎല്‍ നടക്കേണ്ടിയിരുന്നത്‌. കോവിഡ്‌ 19 സൃഷ്ടിച്ച ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന്‌ അയവുണ്ടായാല്‍ മാത്രമാണ്‌ ഐപിഎല്‍ ഈ വര്‍ഷം ഇനി സാധ്യമാകുക. നിലവില്‍ ഇന്ത്യയിലെ കോവിഡ്‌ ബാധിതരുടെ എണ്ണം അഞ്ഞൂറിനോട്‌ അടുത്തു.

ഐപിഎല്ലിനെ കുറിച്ച്‌ ചോദ്യം ഉയര്‍ന്നപ്പോള്‍ എനിക്കിപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നായിരുന്നു ബിസിസിഐ പ്രസിഡന്റെ സൗരവ്‌ ഗാംഗുലിയുടെ പ്രതികരണം. ഈ മാസം ഐപിഎല്‍ മാറ്റിവെക്കാന്‍ തീരുമാനമെടുത്തപ്പോള്‍ രാജ്യത്തുണ്ടായിരുന്ന സാഹചര്യം എന്തായിരുന്നോ അത്‌ തന്നെയാണ്‌ ഇപ്പോഴും. കഴിഞ്ഞ 10 ദിവസത്തിന്‌ ഇടയില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അതിനാല്‍ ഐപിഎല്ലിനെ കുറിച്ച്‌ ഇപ്പോള്‍ എനിക്ക്‌ ഉത്തരം നല്‍കാനാവില്ല, ഗാംഗുലി പറഞ്ഞു.

മനുഷ്യരുടെ ജീവനാണ്‌ രക്ഷിക്കേണ്ടത്‌, ഐപിഎല്‍ അല്ല എന്നായിരുന്നു കിങ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ ടീം ഉടമ നെസ്‌ വാഡിയയുടെ പ്രതികരണം. രാജ്യത്ത്‌ സാഹചര്യം മെച്ചപ്പെട്ടാല്‍ തന്നെ ആരാണ്‌ കളിക്കാനായി എത്തുക? വിദേശ താരങ്ങളെ ഇന്ത്യയിലേക്ക്‌ കയറ്റുമോ എന്നും കിങ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ ഉടമ ചോദിച്ചു.

ഒളിംപിക്‌സ്‌ വരെ ഒരു വര്‍ത്തേക്ക്‌ മാറ്റി വെച്ച സ്ഥിതിക്ക്‌ ഐപിഎല്‍ മാറ്റി വെക്കുന്നതില്‍ എന്താണ്‌ പ്രശ്‌നമെന്ന്‌ ബിസിസിഐ വൃത്തങ്ങള്‍ തന്നെ ചോദിക്കുന്നു. രാജ്യത്തെ കോവിഡ്‌ ബാധ നിയന്ത്രണവിധേയമായാല്‍ തന്നെ അടുത്ത്‌ തന്നെ ഐപിഎല്‍ സംഘടിപ്പിക്കുക എന്നത്‌ ബുദ്ധിമുട്ടാണ്‌. വിദേശ താരങ്ങളെ ഇന്ത്യയിലേക്ക്‌ എത്തിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലും തയ്യാറാവില്ല.

ഐപിഎല്‍ ഉപേക്ഷിച്ചാല്‍ സാമ്പത്തിക നഷ്ടം എങ്ങനെ കുറയ്‌ക്കാം എന്നതിനെ കുറിച്ചാണ്‌ എട്ട്‌ ഫ്രാഞ്ചൈസികളും ഇപ്പോള്‍ ആലോചിക്കുന്നത്‌. ഇന്‍ഷൂറന്‍സ്‌ കമ്പനികളുമായും ബ്രോഡ്‌കാസ്‌റ്റേഴ്‌സുമായും ഫ്രാഞ്ചൈസികള്‍ ചര്‍ച്ച നടത്തുന്നു. സാഹചര്യം മെച്ചപ്പെട്ടാനും നിയന്ത്രണങ്ങള്‍ അടുത്തൊന്നും കേന്ദ്ര സര്‍ക്കാര്‍ എടുത്ത്‌ മാറ്റില്ല. അങ്ങനെ വരുമ്പോള്‍ ഐപിഎല്‍ കാന്‍സല്‍ ചെയ്യാതിരിക്കുന്നത്‌ വിഡ്ഡിത്തമാണെന്ന്‌ ബിസിസിഐ ഉന്നതിലൊരാള്‍ പറയുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com