കളി കാണാനെത്തിയത്‌ 40,000 പേര്‍, മടങ്ങിയത്‌ വൈറസുമായി; ഇറ്റലിയില്‍ കോവിഡ്‌ പടര്‍ത്തിയത്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരമെന്ന്‌ വിദഗ്‌ധര്‍

ഈ മത്സരം കഴിഞ്ഞ്‌ ഒരാഴ്‌ച തികയുന്നതിന്‌ മുന്‍പ്‌ ബെര്‍ഗാമോ പ്രവിശ്യയിലെ ആദ്യ കോവിഡ്‌ 19 കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു
കളി കാണാനെത്തിയത്‌ 40,000 പേര്‍, മടങ്ങിയത്‌ വൈറസുമായി; ഇറ്റലിയില്‍ കോവിഡ്‌ പടര്‍ത്തിയത്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരമെന്ന്‌ വിദഗ്‌ധര്‍


ബെര്‍ഗാമോയില്‍ കോവിഡ്‌ 19 പടര്‍ന്ന്‌ പിടിച്ചതിന്റെ പ്രധാന കാരണം ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരമെന്ന്‌ വിദഗ്‌ധര്‍. ചാമ്പ്യന്‍സ്‌ ലീഗിലെ ഗ്രൂപ്പ്‌ 16ല്‍ അറ്റ്‌ലാന്റയിലേക്ക്‌ വലന്‍സിയ  എത്തിയ മത്സരമാണ്‌ ബയോളജിക്കല്‍ ബോംബിന്‌ തിരികൊളുത്തിയതെന്നാണ്‌ ബെര്‍ഗാമോ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

ഫെബ്രുവരിയിലായിരുന്നു മത്സരം. ജനുവരിയില്‍ തന്നെ യൂറോപ്പില്‍ കോവിഡിന്റെ വിത്തുകള്‍ വീണിരുന്നു എന്നാണ്‌ കണക്കാക്കുന്നത്‌. 25000ളം വലന്‍സിയ ആരാധകരാണ്‌ സാന്‍ സിറോയിലേക്ക്‌ എത്തിയത്‌. ഗ്യാലറി നിറച്ചത്‌ നാല്‍പതിനായിരത്തോളം അറ്റ്‌ലാന്റ ആരാധകരും. വലന്‍സിയ ടീമിലെ 35 ശതമാനം കളിക്കാരും കോവിഡ്‌ 19 വൈറസ്‌ ബാധ ഏറ്റവരാണ്‌.

ഈ മത്സരം കഴിഞ്ഞ്‌ ഒരാഴ്‌ച തികയുന്നതിന്‌ മുന്‍പ്‌ ബെര്‍ഗാമോ പ്രവിശ്യയിലെ ആദ്യ കോവിഡ്‌ 19 കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതേ സമയം വലന്‍സിയയില്‍, കളി കാണാന്‍ സാന്‍ സിറോയിലേക്ക്‌ എത്തിയ മാധ്യമപ്രവര്‍ത്തകനും കോവിഡ്‌ 19 പോസിറ്റീവ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. വലന്‍സിയ ടീമിലെ ഗോള്‍ കീപ്പര്‍ക്ക്‌ മാത്രമാണ്‌ ഇതുവരെ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌.

ഇതുവരെ ബെര്‍ഗാമോയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കോവിഡ്‌ പോസിറ്റീവ്‌ കേസുകളുടെ എണ്ണം ഏഴായിരം പിന്നിട്ടു. ആയിരത്തോളം പേര്‍ക്ക്‌ ജീവന്‍ നഷ്ടമായി. ഇറ്റലിയില്‍ കോവിഡ്‌ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്‌ ബെര്‍ഗാമോയിലാണ്‌. അന്ന്‌ കളിയില്‍ 4-1ന്‌ അറ്റ്‌ലാന്റ ജയിച്ചിരുന്നു. കൈകൊടുത്തും കെട്ടിപ്പിടിച്ചും അറ്റ്‌ലാന്റ ആരാധകര്‍ ജയം ആഘോഷമാക്കിയപ്പോള്‍ അവര്‍ അറിയാതെ മഹാമാരിയെ പരസ്‌പരം കൈമാറുക കൂടിയായിരുന്നു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com