വരും വരും എന്ന്‌ പറഞ്ഞാല്‍ പോര, വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം തുടങ്ങണം; ജീവിത കാലം മുഴുവന്‍ കാത്തിരിക്കാനാവില്ലെന്ന്‌ മിതാലി രാജ്‌

ചെറിയ രീതിയിലെങ്കിലും ഇത്‌ സംഘടിപ്പിക്കാന്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ സാധിക്കണമെന്ന്‌ മിതാലി ചൂണ്ടിക്കാട്ടി
വരും വരും എന്ന്‌ പറഞ്ഞാല്‍ പോര, വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം തുടങ്ങണം; ജീവിത കാലം മുഴുവന്‍ കാത്തിരിക്കാനാവില്ലെന്ന്‌ മിതാലി രാജ്‌


ന്യൂഡല്‍ഹി: വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം തന്നെ തുടങ്ങണമെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം മിതാലി രാജ്‌. വനിതാ ഐപിഎല്‍ എന്നത്‌ കാത്തിരിപ്പ്‌ മാത്രമാവാന്‍ പാടില്ലെന്ന്‌ മിതാലി പറഞ്ഞു. ചെറിയ രീതിയിലെങ്കിലും ഇത്‌ സംഘടിപ്പിക്കാന്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ സാധിക്കണമെന്ന്‌ മിതാലി ചൂണ്ടിക്കാട്ടി.

നിലവില്‍ ഐപിഎല്ലില്‍ ഒരു ടീമില്‍ നാല്‌ വിദേശ താരങ്ങളെയാണ്‌ അനുവദിക്കുന്നത്‌. എന്നാല്‍ വനിതാ ഐപിഎല്ലിലേക്ക്‌ വരുമ്പോഴേക്കും അഞ്ച്‌-ആറ്‌ വിദേശ താരങ്ങളെ പരിഗണിക്കാം. നാല്‌ ടീമുകളുമായി ലീഗ്‌ സംഘടിപ്പിക്കാന്‍ ഇത്‌ ബിസിസിഐയെ സഹായിക്കുമെന്നാണ്‌ കരുതുന്നത്‌. വെറുതെ കാത്തിരിപ്പ്‌ മാത്രമാവാന്‍ പാടില്ല. ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിങ്ങള്‍ തുടങ്ങുക തന്നെ വേണം, മിതാലി പറഞ്ഞു.

എന്നാല്‍, വനിതാ ഐപിഎല്‍ ഒരുങ്ങാന്‍ നാല്‌ വര്‍ഷമെങ്കിലും വേണ്ടിവരും എന്നായിരുന്നു ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിന്‌ പിന്നാലെ ഗാംഗുലി പ്രതികരിച്ചത്‌. ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ പക്ഷേ വനിതാ ഐപിഎല്‍ അനിവാര്യമാണെന്ന്‌ നിലപാടെടുത്തിരുന്നു. ലോക ടൂര്‍ണമെന്റുകളില്‍ കിരീടം നേടാന്‍ വനിതാ ഐപിഎല്‍ ഇന്ത്യക്ക്‌ കരുത്ത്‌ നല്‍കും എന്നായിരുന്നു ഗാവസ്‌കറിന്റെ വാക്കുകള്‍.

2019ല്‍ ബിസിസിഐ മൂന്ന്‌ ടീമുകളെ പങ്കെടുപ്പിച്ച്‌ സീരീസ്‌ നടത്തിയിരുന്നു. 2018ല്‍ ട്രെയ്‌ല്‍ബ്ലേസേഴ്‌സും സൂപ്പര്‍നോവാസും തമ്മിലും ടൂര്‍ണമെന്റ്‌ നടത്തിയിരുന്നു. ഹര്‍മന്‍പ്രീത്‌ കൗറും, മന്ദാനയുമാണ്‌ ഇവിടെ ടീമുകളെ നയിച്ചത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com