മെസിയേക്കാള്‍ കഴിവുറ്റ താരം നെയ്‌മര്‍, പെലെക്ക്‌ പിന്നാലെ മെസിയെ തള്ളി ബ്രസീല്‍ ഇതിഹാസം കഫു

ടെക്‌നിക്കല്‍ വശം നോക്കുമ്പോള്‍ ഇന്ന്‌ നെയ്‌മറെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന മറ്റൊരു താരമില്ലെന്ന്‌ കഫു പറഞ്ഞു
മെസിയേക്കാള്‍ കഴിവുറ്റ താരം നെയ്‌മര്‍, പെലെക്ക്‌ പിന്നാലെ മെസിയെ തള്ളി ബ്രസീല്‍ ഇതിഹാസം കഫു


കഴിവിന്റെ കാര്യത്തില്‍ ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്‌മറുടെ പിന്നിലായിരിക്കും മെസിക്ക്‌ സ്ഥാനമെന്ന്‌ ബ്രസീല്‍ ഇതിഹാസ താരം കഫു. സാങ്കേതികത്വത്തില്‍ നെയ്‌മറാണ്‌ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം. ടെക്‌നിക്കല്‍ വശം നോക്കുമ്പോള്‍ ഇന്ന്‌ നെയ്‌മറെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന മറ്റൊരു താരമില്ലെന്ന്‌ കഫു പറഞ്ഞു.

നെയ്‌മറുടെ സാങ്കേതിക തികവിനൊപ്പം എത്താന്‍ മെസിക്ക്‌ പോലും സാധിക്കില്ല. ഞാന്‍ മെസിയുടെ ആരാധകനാണെങ്കിലും ഇത്‌ സമ്മതിച്ചേ മതിയാവു. എന്നാല്‍ മറ്റൊരു ബ്രസീല്‍ താരം എന്ന പരിഗണ നല്‍കിയാണ്‌ നെയ്‌മറെ കഫു ഇങ്ങനെ പുകഴ്‌ത്തുന്നത്‌ എന്ന്‌ ആരാധകരുടെ ഭാഗത്ത്‌ നിന്ന്‌ വിമര്‍ശനം വന്ന്‌ കഴിഞ്ഞു.

ബാഴ്‌സയിലേക്ക്‌ മടങ്ങി വരവിനുള്ള വഴി നെയ്‌മര്‍ തിരയുന്നതിന്‌ ഇടയിലാണ്‌ കഫുവിന്റെ പ്രതികരണം. പിഎസ്‌ജിയിലേക്ക്‌ റെക്കോര്‍ഡ്‌ തുകയ്‌ക്ക്‌ ചേക്കേറിയെങ്കിലും പരിക്കും ഫോമില്ലായ്‌മയും നെയ്‌മറെ വലച്ചുകൊണ്ടിരുന്നു. ടീമിലുള്ള സഹതാരം എംബാപ്പെയാവട്ടെ മികവ്‌ കാണിച്ച്‌ മുന്നേറുകയും ചെയ്യുന്നു. വരുന്ന ട്രാന്‍സ്‌ഫര്‍ വിപണിയില്‍ നെയ്‌മറെ സ്വന്തമാക്കാന്‍ ബാഴ്‌സ ലക്ഷ്യമിടുന്നെങ്കിലും കോവിഡ്‌ 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതം ബാഴ്‌സയെ ഇതില്‍ നിന്ന്‌ പിന്നോട്ടടിക്കുമോ എന്ന്‌ വ്യക്തമല്ല.

നേരത്തെ, മെസിയോ ക്രിസ്‌റ്റിയാനോയോ കേമന്‍ എന്ന ചോദ്യത്തിന്‌ ക്രിസ്‌റ്റിയാനോ എന്നായിരുന്നു ബ്രസീല്‍ ഇതിഹാസ താരം പെലെ ഉത്തരം നല്‍കിയത്‌. ഇതിന്‌ മുന്‍പും പെലെക്ക്‌ നേരെ ഈ ചോദ്യമെത്തിയിട്ടുണ്ട്‌. അന്ന്‌, ഇടംകാല്‌ കൊണ്ട്‌ മാത്രം കളിക്കാന്‍ അറിയാവുന്ന താരം എന്നായിരുന്നു പെലെ മെസിയെ വിമര്‍ശിച്ചത്‌. പെലെക്ക്‌ പിന്നാലെ മെസിയെ തഴഞ്ഞ്‌ വരികയാണ്‌ ബ്രസീലിനെ ജയങ്ങളിലേക്ക്‌ എത്തിച്ച ഇതിഹാസ ഡിഫന്റര്‍.




 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com