2004ലെ സുനാമി, വെള്ളപ്പൊക്കം, അതിജീവിക്കാന്‍ നമ്മള്‍ പരുവപ്പെട്ട്‌ കഴിഞ്ഞു, യാഥാര്‍ഥ്യം അംഗീകരിക്കുവെന്ന്‌ ലക്ഷ്‌മീപതി ബാലാജി

മുന്‍പിലുള്ള യാഥാര്‍ഥ്യത്തെ അംഗീകരിക്കുക എന്നതാണ്‌ ഇവിടെ പ്രധാനപ്പെട്ടത്‌ എന്ന്‌ ബാലാജി പറഞ്ഞു
2004ലെ സുനാമി, വെള്ളപ്പൊക്കം, അതിജീവിക്കാന്‍ നമ്മള്‍ പരുവപ്പെട്ട്‌ കഴിഞ്ഞു, യാഥാര്‍ഥ്യം അംഗീകരിക്കുവെന്ന്‌ ലക്ഷ്‌മീപതി ബാലാജി



ചെന്നൈ: അതിജീവിക്കാന്‍ പാകത്തില്‍ പരുവപ്പെടുത്തിയതാണ്‌ മനുഷ്യ വംശമെന്ന്‌ ഇന്ത്യന്‍ മുന്‍ പേസര്‍ ലക്ഷ്‌മീപതി ബാലാജി. മുന്‍പിലുള്ള യാഥാര്‍ഥ്യത്തെ അംഗീകരിക്കുക എന്നതാണ്‌ ഇവിടെ പ്രധാനപ്പെട്ടത്‌ എന്ന്‌ ബാലാജി പറഞ്ഞു.

രോഗങ്ങള്‍ക്കെതിരെ പൊരുതാന്‍ നമ്മുടെ പൂര്‍വീകര്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. പ്രതിസന്ധി ഘട്ടങ്ങളെ കൈകാര്യം ചെയ്യാന്‍ നമ്മുടെ മാതാപിതാക്കള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. നമ്മളും പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്‌. 2004ലെ സുനാമിയും, ചെന്നൈയിലെ വെള്ളപ്പൊക്കവും അതില്‍ ചിലതാണ്‌, കളിക്കളത്തില്‍ നിറച്ചിരുന്ന അതേ പോസിറ്റീവ്‌ ചിരിയോടെ ബാലാജി പറഞ്ഞു.

ജനങ്ങള്‍ ഒരുമിക്കുകയാണ്‌. വ്യത്യസ്‌ത അഭിപ്രായങ്ങള്‍ മാറ്റിവെച്ച്‌ രാജ്യങ്ങള്‍ പരസ്‌പരം സഹായഹസ്‌തം നീട്ടുന്നു. ഈ സമയത്തെ ബഹുമാനിക്കുക. ഈ ദിവസത്തിലൂടെ എങ്ങനെ കടന്നു പോവും എന്ന്‌ ആകുലപ്പെട്ടിരുന്നാല്‍ പിന്നെ കാര്യങ്ങള്‍ ബുദ്ധിമുട്ടാവും. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട്‌, അച്ചടക്കത്തിലൂടെ ഈ സമയത്തെ നേരിടുകയാണ്‌ വേണ്ടത്‌.

സര്‍ക്കാര്‍ അവര്‍ക്കാവുന്നത്‌ ചെയ്യുന്നുണ്ട്‌. ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ നമ്മള്‍ പിന്തുടരണം. ഐസൊലേഷനില്‍ ഇരിക്കുന്നതിനെ കുറിച്ചോര്‍ത്ത്‌ നിരാശപ്പെടരുത്‌. ചിന്തിച്ചു കൂട്ടി കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്‌. എല്ലാ ഡെലിവറികളേയും കുറിച്ചല്ല, ഇനി വരുന്ന ആ ഒരു ഡെലിവറിയെ കുറിച്ച്‌ മാത്രം ചിന്തിക്കൂ. പരിക്കിനെ തുടര്‍ന്ന്‌ 2 വര്‍ഷം എനിക്ക്‌ നഷ്ടപ്പെട്ടു. ഒന്നും ചെയ്യാതെ വീട്ടിലിരിക്കുകയായിരുന്നു ഞാന്‍. ആ സമയം അതിജീവിച്ചാല്‍ മറ്റെന്തും അതിജീവിക്കാന്‍ എനിക്കാവുമെന്ന്‌ ഉറപ്പായിരുന്നു, ബാലാജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com