കൊറോണയെ നേരിടാൻ സുരേഷ് റെയ്‌നയും ; 52 ലക്ഷം രൂപ സംഭാവന നൽകി ; 'തകർപ്പൻ അർധസെഞ്ച്വറി'യെന്ന് മോദി

ഇന്ത്യൻ കായിക താരങ്ങളിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഭാവനയാണ് റെയ്നയുടേത്
കൊറോണയെ നേരിടാൻ സുരേഷ് റെയ്‌നയും ; 52 ലക്ഷം രൂപ സംഭാവന നൽകി ; 'തകർപ്പൻ അർധസെഞ്ച്വറി'യെന്ന് മോദി


 
ലക്നൗ∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന. കൊറോണ പ്രതിരോധ ഫണ്ടിലേക്ക് റെയ്ന 52 ലക്ഷം രൂപ സംഭാവന നൽകി. സംഭാവന നൽകുന്ന കാര്യം റെയ്ന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ത്യൻ കായിക താരങ്ങളിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഭാവനയാണ് റെയ്നയുടേത്. കഴിഞ്ഞ ദിവസം സച്ചിൻ തെൻഡുൽക്കർ 50 ലക്ഷം രൂപ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സംഭാവന നൽകിയിരുന്നു. 

റെയ്നയുടെ  52 ലക്ഷം രൂപ സംഭാവനയിൽ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ‘കെയേഴ്സ് ഫണ്ടി’ലേക്കും ബാക്കി 21 ലക്ഷം രൂപ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകുക.

‘കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് കരുത്തുപകരാൻ നമ്മളെല്ലാവരും കഴിയാവുന്നതുപോലെ സഹായം ചെയ്യേണ്ട ഘട്ടമാണിത്. ഈ പോരാട്ടത്തിന് 52 ലക്ഷം രൂപ ഞാൻ സംഭാവന നൽകുന്നു. (ഇതിൽ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും 21 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകും). നിങ്ങളും കഴിയുന്ന സഹായങ്ങൾ ഉറപ്പാക്കൂ. ജയ് ഹിന്ദ്’ – റെയ്ന ട്വിറ്ററിൽ കുറിച്ചു.

കൊറോണ പ്രതിരോധഫണ്ടിലേക്ക് സംഭാവന നൽകാനുള്ള സുരേഷ് റെയ്നയുടെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. തകർപ്പൻ അർധസെഞ്ച്വറിയെന്നാണ് മോദി അഭിപ്രായപ്പെട്ടത്.

നേരത്തെ ബാഡ്മിന്റൻ താരം പി വി സിന്ധു അഞ്ചു ലക്ഷം രൂപ വീതം തെലങ്കാന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കു നൽകിയിരുന്നു. ഗുസ്തി താരം ബജ്റങ് പൂനിയ, അത്‍ലീറ്റ് ഹിമ ദാസ് എന്നിവർ യഥാക്രമം ആറു മാസത്തെയും ഒരു മാസത്തെയും ശമ്പളം സംഭാവന നൽകുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com