വിലക്ക്‌ കഴിഞ്ഞു, ഓസ്‌ട്രേലിയയെ നയിക്കാന്‍ സ്‌മിത്ത്‌ വീണ്ടുമെത്തിയേക്കും, ആശങ്ക പെയ്‌നില്‍

വരുന്ന ട്വന്റി20 ലോകകപ്പില്‍ നായക സ്ഥാനം സ്‌മിത്തിന്‌ നല്‍കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ തയ്യാറാകുമോ എന്നാണ്‌ അറിയേണ്ടത്‌
വിലക്ക്‌ കഴിഞ്ഞു, ഓസ്‌ട്രേലിയയെ നയിക്കാന്‍ സ്‌മിത്ത്‌ വീണ്ടുമെത്തിയേക്കും, ആശങ്ക പെയ്‌നില്‍


സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമിന്റെ നായക സ്ഥാനത്തേക്ക്‌ ഇനി സ്റ്റീവ്‌ സ്‌മിത്തിനെ പരിഗണിക്കാം. പന്ത്‌ ചുരണ്ടലില്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയതോടെ നല്‍കിയ ശിക്ഷയില്‍ രണ്ട്‌ വര്‍ഷത്തേക്ക്‌ നായക സ്ഥാനത്തേക്ക്‌ പരിഗണിക്കരുത്‌ എന്നതുമുണ്ടായിരുന്നു. ഈ വിലക്ക്‌ കാലാവധിയും കൊറോണ കാലത്ത്‌ സ്‌മിത്ത്‌ പിന്നിട്ടു.

ഏകദിനത്തില്‍ ആരോണ്‍ ഫിഞ്ചും ടെസ്റ്റില്‍ പെയ്‌നുമാണ്‌ ഓസീസിനെ നയിക്കുന്നത്‌. വരുന്ന ട്വന്റി20 ലോകകപ്പില്‍ നായക സ്ഥാനം സ്‌മിത്തിന്‌ നല്‍കാന്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ തയ്യാറാകുമോ എന്നാണ്‌ അറിയേണ്ടത്‌. മൂന്ന്‌ ഫോര്‍മാറ്റിലും നായക സ്ഥാനത്തേക്ക്‌ സ്‌മിത്തിനെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്‌.

ടെസ്റ്റില്‍ ടീം പെയ്‌ന്‍ തന്റെ നായക സ്ഥാനം ഉറപ്പിച്ച്‌ നില്‍ക്കുന്ന സമയമാണ്‌. ഉടനടി വിരമിക്കലിനെ കുറിച്ച്‌ പെയ്‌ന്‍ ആലോചിക്കാന്‍ സാധ്യതയില്ല. ഡേവിഡ്‌ വാര്‍ണര്‍ക്ക്‌ ഓസീസ്‌ ടീമിന്റെ നായക സ്ഥാനത്ത്‌ ആജിവനാന്ത വിലക്കാണ്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

കോവിഡ്‌ 19 പടര്‍ന്ന്‌ പിടിച്ചില്ലായിരുന്നു എങ്കില്‍ ഈ സമയം ന്യൂസിലാന്‍ഡിനെതിരായ പരമ്പര കഴിഞ്ഞ്‌ ഓസീസ്‌ ടീം ഐപിഎല്ലിനായി ഇംഗ്ലണ്ടിലേക്ക്‌ പറന്നിട്ടുണ്ടാവുമായിരുന്നു. എന്നാലിപ്പോള്‍ ഐപിഎല്‍ ഉപേക്ഷിക്കേണ്ട സാധ്യതയാണ്‌ തെളിയുന്നത്‌. ട്വന്റി20 ലോകകപ്പ്‌ നടക്കുമോ ഇല്ലയോ എന്നത്‌ സംബന്ധിച്ച്‌ ഐസിസിയുടെ തീരുമാനം ഇന്നുണ്ടായേക്കും.

ക്രിക്കറ്റ്‌ നിശ്ചലമായിരിക്കുന്ന ഈ സമയം മാനസികമായും ശാരീരികമായും ഫിറ്റ്‌നസ്‌ കൈവരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ സ്‌മിത്ത്‌ പറഞ്ഞു. വീട്ടിലെ ജിമ്മില്‍ പരിശീലനം നടത്തുന്നതിന്‌ ഒപ്പം ഗിറ്റാറും പരിശീലിക്കുന്നുണ്ട്‌ ഒഴിവ്‌ സമയത്ത്‌ സ്‌മിത്ത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com