തോൽവി അം​ഗീകരിക്കാൻ പഠിച്ചത് ധോനിയിൽ നിന്ന്, സ്മിത്ത് 'ചാച്ചു'; മനസ്സ് തുറന്ന് സഞ്ജു 

ടീമിനുവേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും സഞ്ജു
തോൽവി അം​ഗീകരിക്കാൻ പഠിച്ചത് ധോനിയിൽ നിന്ന്, സ്മിത്ത് 'ചാച്ചു'; മനസ്സ് തുറന്ന് സഞ്ജു 

ഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തോല്‍വികളെ നേരിടാന്‍ താന്‍ പഠിച്ചെന്ന് തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയെ മാതൃകയാക്കിയാണ് താനും പരാജയങ്ങളെ അംഗീകരിക്കാന്‍ പഠിച്ചതെന്ന് സഞ്ജു പറയുന്നു. കഴിവ് മനസ്സിലാക്കാനും അതില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനും പഠിച്ചെന്നും ടീമിനുവേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും സഞ്ജു പറഞ്ഞു. 

കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 പരമ്പരകളിൽ പലതവണ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. വീണ്ടും ഇന്ത്യന്‍ നിരയിലേക്ക് എത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് താരം പറഞ്ഞു. വിരാട്, രോഹിത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നതും ലോകത്തിലെതന്ന ഏറ്റവും മികച്ച ടീമുകളിലൊന്നിന്റെ ഭാഗമാകുന്നതും മികച്ച അനുഭവമാണ് സമ്മാനിച്ചതെന്ന് സഞ്ജു കൂട്ടിച്ചേര്‍ത്തു.

റോയല്‍സ് ക്യാപ്റ്റനായിരുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തുമായുള്ള ബന്ധത്തെക്കുറിച്ചും സഞ്ജു വാചാലനായി. സ്മിത്തിനെ 'ചാച്ചു' എന്നാണ് സഞ്ജു വിളിക്കുന്നത്. സ്മിത്ത് തിരിച്ചും അങ്ങനെതന്നെയാണ് വിളിക്കുന്നത്. ''ബ്രാഡ് ഹോഡ്ജാണ് ഇത് തുടങ്ങിയത്. അദ്ദേഹമാണ് സ്മിത്തിനെ ചാച്ചു എന്ന് വിളിച്ചുതുടങ്ങിയത്. ഹോഡ്ജി പോയതിനു ശേഷം പിന്നെ ഞാന്‍ അദ്ദേഹത്തെ അങ്ങനെ വിളിച്ചുതുടങ്ങി. തിരിച്ച് സ്മിത്തും എന്നെ ചാച്ചു എന്നാണ് വിളിക്കുന്നത്. ആ പേര് പരസ്പരം വിളിക്കുന്നത് ഞങ്ങള്‍ ശരിക്കും ആസ്വദിക്കാറുണ്ട്''- സഞ്ജു പറയുന്നു. ഐപിഎല്ലിൽ സഞ്ജുവിന്റെ ടീമായ രാജസ്ഥാൻ റോയൽസ് സംഘടിപ്പിച്ച പോഡ്കാസ്റ്റിലാണ് സഞ്ജു മനസു തുറന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com