’ഇനിയും ആവർത്തിച്ചാൽ നിന്നെ ഞാൻ കൊല്ലും’- ബാറ്റുമായി ഡ്രസിങ് റൂമിന് മുന്നിൽ വന്ന് വിവിയൻ റിച്ചാർഡ്സ് അക്രത്തെ നോക്കി ആക്രോശിച്ചു

’ഇനിയും ആവർത്തിച്ചാൽ നിന്നെ ഞാൻ കൊല്ലും’- ബാറ്റുമായി ഡ്രസിങ് റൂമിന് മുന്നിൽ വന്ന് വിവിയൻ റിച്ചാർഡ്സ് അക്രത്തെ നോക്കി ആക്രോശിച്ചു
’ഇനിയും ആവർത്തിച്ചാൽ നിന്നെ ഞാൻ കൊല്ലും’- ബാറ്റുമായി ഡ്രസിങ് റൂമിന് മുന്നിൽ വന്ന് വിവിയൻ റിച്ചാർഡ്സ് അക്രത്തെ നോക്കി ആക്രോശിച്ചു

ഇസ്‍ലാമാബാദ്: എൺപതുകളിൽ ക്രിക്കറ്റ് ക്രീസിനെ അടക്കിവാണ അതികായനായിരുന്നു വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ്. ബൗളർമാരുടെ പേടി സ്വപ്നം. പേസ് ബൗളർമാരെ അവരുടെ സുവർണ കാലത്ത് ഹെൽമറ്റു പോലുമില്ലാതെ നേരിട്ട നിർഭയനായ ക്രിക്കറ്റർ. കളത്തിന് പുറത്തും റിച്ചാർഡ്സ് ചില്ലറക്കാരനല്ലെന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും പേസറുമായ വസീം അക്രം. 

1988ൽ ബാർബഡോസിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിനിടെ നടന്ന സംഭവവും അതിനെ തുടർന്ന് ഡ്രസിങ് റൂമിൽ വച്ച് നടന്ന സംഭവവും വിവരിച്ചാണ് അക്രം രം​ഗത്തെത്തിയത്. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുമായുള്ള സംഭാഷണത്തിനിടെയാണ് അക്രം ഈ സംഭവം വിവരിച്ചത്. 

‘അന്ന് റിച്ചാർഡ്സിനെതിരെ പന്തെറിയുമ്പോഴെല്ലാം ഞാൻ കനത്ത പ്രഹരമേറ്റു വാങ്ങിയിരുന്നു. അദ്ദേഹം ബലിഷ്ഠമായ ശരീരമുള്ള കരുത്തനായ വ്യക്തിയാണ്. ഞാനാണെങ്കിൽ ഒരു അശുവും. മത്സരത്തിനിടെ രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിനെതിരെ പന്തെറിയുകയാണ് ഞാൻ. പിച്ചിൽ നിന്ന് നല്ല വേഗവും ബൗൺസും കിട്ടുന്നുണ്ടെന്ന ആത്മവിശ്വാസത്തിലാണ് റിച്ചാർഡ്സിനെതിരെ ഞാൻ ബൗൾ ചെയ്യുന്നത്. അതിനിടെ അദ്ദേഹത്തിന് നേർക്ക് ഞാൻ ഒരു ബൗൺസർ പരീക്ഷിച്ചു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പന്തു കൊണ്ട് അദ്ദേഹത്തിന്റെ തൊപ്പി താഴെപ്പോയി. അന്ന് റിച്ചാർഡ്സിന്റെ തൊപ്പി താഴെ വീഴ്ത്തുക എന്നൊക്കെ പറഞ്ഞാൽ വലിയ സംഭവമാണ്.’

‘ആ സമയത്ത് ക്രിക്കറ്റിൽ മാച്ച് റഫറിമാരൊന്നും ഉണ്ടായിരുന്നില്ല. തൊപ്പി വീഴ്ത്തിയ ആവേശത്തിൽ ഞാൻ റിച്ചാർഡ്സിന്റെ അടുത്തു ചെന്ന് അറിയാവുന്ന മുറി ഇം​ഗ്ലീഷിൽ അദ്ദേഹത്തെ ചീത്ത വിളിച്ച് പ്രകോപിപ്പിച്ചു. അദ്ദേഹം ആഞ്ഞൊരു തുപ്പുതുപ്പിയ ശേഷം എന്നെ രൂക്ഷമായി നോക്കി. എന്നിട്ട് ചീത്ത വിളിക്കുന്നതിൽ നിന്ന് വിലക്കി. അദ്ദേഹം പറഞ്ഞതിൽ ‘മാൻ’ എന്ന വാക്കു മാത്രമാണ് എനിക്കു മനസലായത്. ഞാൻ നേരെ എന്റെ ക്യാപ്റ്റനായിരുന്ന ഇമ്രാൻ ഖാന്റെ അടുത്തു ചെന്ന് ചീത്ത വിളിക്കരുതെന്ന് റിച്ചാർഡ്സ് പറഞ്ഞ കാര്യം അറിയിച്ചു. ആവർത്തിച്ചാൽ തല്ലുമെന്ന് പറഞ്ഞെന്നും വിശദീകരിച്ചു‘. 

‘നീ അതൊന്നും ഗൗനിക്കേണ്ട, ഇനിയും ബൗൺസറുകൾ എറിയാൻ ഇമ്രാൻ നിർദ്ദേശിച്ചു. ഞാൻ റിച്ചാർഡ്സിനെതിരെ വീണ്ടും ബൗൺസറെറിഞ്ഞു. അതിനു ശേഷം അദ്ദേഹത്തെ വീണ്ടും ചീത്ത വിളിച്ചു. ഓവറിലെ അവസാന പന്തിൽ ഒരു ഇൻ–സ്വിങ്ങറിലൂടെ ഞാൻ റിച്ചാർഡ്സിന്റെ കുറ്റി  തെറിപ്പിച്ചു. ആവേശം കൂടി ‘കേറിപ്പോടാ’ എന്നൊക്കെ ആക്രോശിച്ച് വിക്കറ്റ് നേട്ടം ശരിക്കും ആഘോഷിച്ചു’.

‘ഇമ്രാൻ ഖാനോടൊപ്പമാണ് ഞാൻ ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. ബാർബഡോസിൽ രണ്ട് ടീമുകളുടെയും ഡ്രസിങ് റൂം തൊട്ടടുത്ത് മുഖാമുഖമാണ്. ഞാൻ ഡ്രസിങ് റൂമിൽ കയറി ക്ഷീണിച്ച് ഷൂ അഴിച്ചുകൊണ്ടിരിക്കുമ്പോൾ ആരോ വന്ന് എന്നെ ഒരാൾ അന്വേഷിക്കുന്നു എന്നു പറഞ്ഞു. ആരാണ് വിളിക്കുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ വന്നു നോക്കാനായിരുന്നു മറുപടി. പുറത്തേക്കു വന്നപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. ഷർട്ടു പോലുമിടാതെ കൈയിൽ ബാറ്റുമായി കലിപ്പിൽ നിൽക്കുകയാണ് റിച്ചാർഡ്സ്’.

പേടിച്ചരണ്ട ഞാൻ നേരെ ഇമ്രാൻ ഖാന്റെ അടുത്തേക്ക് ഓടി. അദ്ദേഹത്തോട് കാര്യം പറഞ്ഞു. ബാറ്റുമായി റിച്ചാർഡ്സ് എന്നെ തല്ലാൻ ഡ്രസിങ് റൂമിനു പുറത്തു നിൽക്കുന്ന കാര്യം പറഞ്ഞെങ്കിലും ഇമ്രാനു കുലുക്കമൊന്നുമുണ്ടായിരുന്നില്ല. നിങ്ങൾ തമ്മിലുള്ള പ്രശ്നം നിങ്ങൾതന്നെ തീർത്താൽ മതിയെന്നായിരുന്നു ഇമ്രാന്റെ പ്രതികരണം. ഞാൻ ഞെട്ടി. 

’ക്യാപ്റ്റൻ, നിങ്ങളെന്താണ് പറയുന്നത്. അദ്ദേഹം കരുത്തനായ മനുഷ്യനാണ്. ഞാനാണെങ്കിൽ ആകെ മെലിഞ്ഞും. എങ്ങനെയാണ് അദ്ദേഹത്തെ നേരിടുക’- ഞാൻ ചോദിച്ചു. 

’രക്ഷയില്ലെന്ന് കണ്ട് ഞാൻ പുറത്തു ചെന്ന് റിച്ചാർഡ്സിനോടു മാപ്പു ചോദിച്ചു. ഇനിയൊരിക്കലും ഇങ്ങനെയുണ്ടാകില്ലെന്ന് ഉറപ്പു കൊടുത്തു. ആവർത്തിച്ചാൽ നിന്നെ ഞാൻ കൊല്ലുമെന്നായിരുന്നു റിച്ചാർഡ്സിന്റെ മറുപടി’ – ആ മത്സരം ഒടുവിൽ വെസ്റ്റിൻഡീസ് തന്നെ വിജയിച്ചു. അക്രം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com