‘ഒപ്പം കളിച്ച മിക്ക താരങ്ങളും എന്നെ അകറ്റി നിർത്തി; ചേർത്തുപിടിച്ചത് ലക്ഷ്മണും സെവാ​ഗും‘- വെളിപ്പെടുത്തലുമായി ശ്രീശാന്ത്

‘ഒപ്പം കളിച്ച മിക്ക താരങ്ങളും എന്നെ അകറ്റി നിർത്തി; ചേർത്തുപിടിച്ചത് ലക്ഷ്മണും സെവാ​ഗും‘- വെളിപ്പെടുത്തലുമായി ശ്രീശാന്ത്
‘ഒപ്പം കളിച്ച മിക്ക താരങ്ങളും എന്നെ അകറ്റി നിർത്തി; ചേർത്തുപിടിച്ചത് ലക്ഷ്മണും സെവാ​ഗും‘- വെളിപ്പെടുത്തലുമായി ശ്രീശാന്ത്

കൊച്ചി: ഐപിഎൽ വാതുവയ്പ്പു വിവാദത്തിൽപ്പെട്ട് ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ മുൻപ് ദേശീയ ടീമിൽ ഒപ്പം കളിച്ച മിക്ക താരങ്ങളും തന്നെ അകറ്റിനിർത്തിയിരുന്നുവെന്ന് മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ ശ്രീശാന്ത്. ആ സമയത്ത് ചേർത്തുപിടിച്ചത് വീരേന്ദർ സെവാഗും വിവിഎസ് ലക്ഷ്മണും മറ്റു ചില താരങ്ങളും മാത്രമാണെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ. 

2013ലാണ് ഐപിഎൽ വാതുവയ്പ്പ് വിവാദം ഉണ്ടായത്. കേസിൽ കുടുങ്ങിയതു മുതൽ ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്ന ശ്രീശാന്തിന് വിലക്കു കാലാവധി പൂർത്തിയാക്കി ഈ വർഷം സെപ്റ്റംബർ മുതൽ കളത്തിലിറങ്ങാം.

‘ഇപ്പോൾ ഞാൻ ഒട്ടേറെ താരങ്ങളോട് സംസാരിക്കാറുണ്ട്. അടുത്തിടെ ട്വിറ്ററിൽ സച്ചിൻ പാജിയോടും (ടെണ്ടുൽക്കർ) സംസാരിച്ചിരുന്നു. വീരു പാജിക്കും (സെവാഗ്) സ്ഥിരമായി മെസേജ് അയയ്ക്കാറുണ്ട്. ഗൗതം ഗംഭീറിനെ അടുത്തിടെ നേരിട്ടു കണ്ടിരുന്നു. വിവാദത്തിൽപ്പെട്ട് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് ഒട്ടുമിക്ക താരങ്ങളും പൊതുവേ എന്നെ അകറ്റി നിർത്തുകയായിരുന്നു പതിവ്. ഞാനുമായി ബന്ധം നിലനിർത്തിയത് വീരു ഭായ്, ലക്ഷ്മൺ ഭായ് എന്നിവരും വേറെ രണ്ടു മൂന്നു താരങ്ങളും മാത്രമാണ്’.

’ഞാനുമായി ബന്ധപ്പെട്ട് കേസും കോടതി നടപടികളും നടക്കുന്ന സമയമായതുകൊണ്ട് അവരുടെ ആശങ്കയെന്താണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഞാനും ഒന്നിനും പോയില്ല. എന്തായാലും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു’ – ശ്രീശാന്ത് പറഞ്ഞു.

പ്രായം 37ൽ എത്തിയെങ്കിലും ഇനിയും ഇന്ത്യൻ ടീമിനായി കളിക്കാൻ ബാല്യമുണ്ടെന്നാണ് കരുതുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

‘ഇനിയും ഇന്ത്യൻ ടീമിനായി കളിക്കാൻ എനിക്കാകുമെന്നു തന്നെയാണ് പ്രതീക്ഷ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. എന്തായാലും കളത്തിലേക്കു തിരിച്ചുവരുമ്പോഴുള്ള ആദ്യ ലക്ഷ്യം കേരള ടീമിൽ ഇടം പിടിക്കുക എന്നതാണ്. അവിടെ മികച്ച പ്രകടനം കാഴ്ചവച്ചാൽ എന്റെ സ്വപ്നം തീർച്ചയായും സഫലമാകും’.

’സ്വപ്നം സ്വന്തമാക്കാൻ എന്തു വേണമെങ്കിലും ചെയ്യാൻ ഞാൻ‌ തയാറാണ്. ഒരു ദിവസം ഇന്ത്യൻ ജഴ്സിയണിയാമെന്നു തന്നെ കരുതുന്നു’ – ശ്രീശാന്ത് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com