കൊഹ് ലി ഫെഡററെപ്പോലെ, സ്മിത്ത് നദാലിനെപ്പോലെയും; കാരണം വെളിപ്പെടുത്തി ഡീവിലിയേഴ്‌സ്‌

കൊഹ് ലിയെയും സ്മിത്തിനെയും ടെന്നീസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലുമായി താരതമ്യം ചെയ്ത് എ ബി ഡിവില്ലിയേഴ്‌സ 
കൊഹ് ലി ഫെഡററെപ്പോലെ, സ്മിത്ത് നദാലിനെപ്പോലെയും; കാരണം വെളിപ്പെടുത്തി ഡീവിലിയേഴ്‌സ്‌

ക്രിക്കറ്റ് താരങ്ങളായ വിരാട് കൊഹ് ലിയെയും സ്റ്റീവ് സ്മിത്തിനെയും ടെന്നീസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലുമായി താരതമ്യം ചെയ്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എ ബി ഡിവില്ലിയേഴ്‌സ്. കൊഹ് ലിയുടെ സ്വതസിദ്ധമായ ശൈലി ഫെഡററുടേതിന് സമാനമാണെന്ന് കണ്ടെത്തിയ ഡിവില്ലിയേഴ്‌സ് സ്മിത്തിന്റെ മനക്കരുത്താണ് നദാലുമായി ഉപമിച്ചിരിക്കുന്നത്. 

'ടെന്നീസ് ഭാഷയില്‍ ഞാന്‍ പറയും വിരാട് ഫെഡററെപ്പോലെയും സ്മിത്ത് നദാലിനെപ്പോലെയുമാണെന്ന്', ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഈ അഭിപ്രായപ്രകടനം. മാനസ്സികമായി സ്മിത്ത് ആണ് താന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ക്രിക്കറ്റര്‍ എന്നും റണ്ണുകള്‍ നേടാന്‍ പല വഴികള്‍ കണ്ടെത്തുന്ന അദ്ദേഹം കൃത്യമായ കണക്കുകൂട്ടലുകളിലൂടെയാണ് മുന്നേറുന്നതെന്നും അഭിപ്രായപ്പെട്ടു. ഇത് ഒടുവില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിലേക്കും ക്രീസിലെ മാസ്മരിക പ്രകടനത്തിലേക്കും ചെന്നെത്തും, ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ തന്റെ റോള്‍ മോഡല്‍ ആണെന്ന് പറഞ്ഞ ഡിവില്ലിയേഴ്‌സ് വിരാടാണ് താന്‍ ജിവിതത്തില്‍ കണ്ടതില്‍ ഏറ്റവും മികച്ചത് എന്ന് അഭിപ്രായപ്പെട്ടു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മ്മാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സച്ചിന്‍, പക്ഷെ റണ്‍വേട്ടയില്‍ വിരാട് ആണ് മുന്നില്‍ , ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

വിരാട് ഒരു ചിന്തകനാണെന്നും ഒരുപാട് പരീക്ഷണങ്ങള്‍ നടത്തുന്ന താരത്തിന് പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ജീവിതത്തെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്ന ആളാണ് വിരാട് എന്ന് പറഞ്ഞ താരം തങ്ങള്‍ക്കിടയില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും പറഞ്ഞു. വിരാടിന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയുമായും അടുത്ത ബന്ധമുണ്ടെന്ന് ഡിവില്ലിയേഴ്‌സ പറഞ്ഞു. കുടുംബത്തേക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ടെന്നും കുട്ടി കൊഹ്ലിക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com