കോവിഡിനെ അതിജീവിച്ച ഗോള്‍, ബുണ്ടസ് ലീഗയില്‍ വല കുലുങ്ങിയപ്പോള്‍ സാമൂഹിക അകലം പാലിച്ച് ആഘോഷം

കോവിഡിന് ശേഷമുള്ള കളിക്കളങ്ങള്‍ എങ്ങനെയാവുമെന്ന് വ്യക്തമാക്കിയാണ് പുനരാരംഭിച്ച ബുണ്ടസ് ലീഗയിലെ ആദ്യ ദിനം അവസാനിച്ചത്
കോവിഡിനെ അതിജീവിച്ച ഗോള്‍, ബുണ്ടസ് ലീഗയില്‍ വല കുലുങ്ങിയപ്പോള്‍ സാമൂഹിക അകലം പാലിച്ച് ആഘോഷം

കോവിഡിനെ അതിജീവിച്ചുള്ള തിരിച്ചു വരവ് ആഘോഷിച്ച് ആദ്യം ഗോള്‍ വല കുലുക്കിയത് ഡോര്‍ട്ട്മുണ്ടിന്റെ ഇര്‍ലിംഗ് ബ്രൗട്ട്. പക്ഷേ സഹതാരത്തെ കെട്ടിപ്പിടിച്ചും, ഹൈഫൈവുമായുമൊന്നും ആഘോഷമുണ്ടായില്ല. കോവിഡിന് ശേഷമുള്ള കളിക്കളങ്ങള്‍ എങ്ങനെയാവുമെന്ന് വ്യക്തമാക്കിയാണ് പുനരാരംഭിച്ച ബുണ്ടസ് ലീഗയിലെ ആദ്യ ദിനം അവസാനിച്ചത്. 

ലോക്ക്ഡൗണിന് ശേഷം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസമായി പന്തുരണ്ടപ്പോള്‍ ജയം പിടിച്ചത് ഹെര്‍ത്ത ബെര്‍ലിന്‍, വോള്‍ഫ്‌സ്ബര്‍ഗ്, മോഞ്ചന്‍ഗ്ലാഡ്ബാഷ്, ഡോര്‍ട്ട്മുണ്ട് എന്നീ ടീമുകള്‍. ഡോര്‍ട്ട്മുണ്ടിന്റെ സ്വന്തം ഗ്രൗണ്ടില്‍ കളി തുടങ്ങി 29ാം മിനിറ്റിലാണ് ഫുട്‌ബോള്‍ ലോകത്തിന് പ്രതീക്ഷകള്‍ തിരികെ നല്‍കി ഇര്‍ലിംഗിന്റെ ഗോള്‍ പിറന്നത്. 

അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. മാധ്യമപ്രവര്‍ത്തകരും ഒഫീഷ്യലുകളുമായി ഏതാനും പേര്‍ മാത്രമാണ് സ്റ്റേഡിയത്തിലുണ്ടായത്. ഇന്നലത്തെ ജയത്തോടെ ഡോര്‍ട്ട്മുണ്ട് രണ്ടാം സ്ഥാനത്തേക്ക് എത്തി. 26 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റാണ് ഡോര്‍ട്ട്മുണ്ടിനുള്ളത്. 

52 പോയിന്റുമായി മൂന്നാമത് മോഞ്ചന്‍ഗ്ലാഡ്ബാഷുണ്ട്. 55 പോയിന്റുമായി ബയേണാണ് ഒന്നാമത്. അടുത്ത കളിയില്‍ ബയേണ്‍ തോല്‍വിയിലേക്ക് വീണാല്‍ ബുണ്ടസ് ലീഗയിലെ കിരീട പോരാട്ടം ഇഞ്ചോടിഞ്ചാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com