13ാം വയസില്‍ രണ്ട് വട്ടം തുടരെ ഇരട്ട ശതകം, ഇത് കണ്ട് രാഹുല്‍ ദ്രാവിഡ് പ്രവചിച്ചു, ഭാവിയിലെ താരമാണ്!
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th May 2020 12:39 PM |
Last Updated: 20th May 2020 12:39 PM | A+A A- |

ഫോമില്ലാതെ നിന്നപ്പോഴും വലിയൊരു പരിധി വരെ കെ എല്‍ രാഹുലിന് ടീം മാനേജ്‌മെന്റിന്റെ പിന്തുണ ലഭിച്ചിരുന്നു. രാഹുലിന്റെ ബാറ്റിങ്ങിലെ സാങ്കേതിക തികവ് ചൂണ്ടിയായിരുന്നു ഈ പിന്തുണ. ആ മികവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യന്‍ വന്‍ മതില്‍ രാഹുല്‍ ദ്രാവിഡ് തിരിച്ചറിഞ്ഞിരുന്നു. ആ സംഭവം വെളിപ്പെടുത്തുകയാണ് കെ എല്‍ രാഹുലിന്റെ കുട്ടിക്കാലത്തെ പരിശീലകന്‍ ജയരാജ്.
നെറ്റ്‌സില്‍ രാഹുല്‍ ദ്രാവിഡ് ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഞാന്‍ രാഹുലിനോട് പറഞ്ഞു, അദ്ദേഹത്തിന്റെ ബാറ്റിങ് നിരീക്ഷിക്കാന്‍. ദ്രാവിഡിന്റെ ടെക്‌നിക്കുകളും ബാറ്റിങ് ശൈലിയും കണ്ട് പഠിക്കാന്‍ പറഞ്ഞു. ഒരാഴ്ചയോളം ഇത് തുടര്‍ന്ന്. ഒരു ദിവസം ദ്രാവിഡ് എന്റെ അടുത്ത് വന്ന് പറഞ്ഞു, ഈ കുട്ടി ഇരട്ട ശതകം നേടുന്നത് ഞാന്‍ കണ്ടു, മനോഹരമായാണ് അവന്‍ കളിച്ചത്. അവന് ഭാവിയുണ്ട്. അവനെ വേണ്ടവിധം നോക്കുക...
അണ്ടര്‍ 13 ക്രിക്കറ്റില്‍ തുടരെ രണ്ട് വട്ടം രാഹുല്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. രാഹുലിനൊപ്പം ദ്രാവിഡ് അവിടെ സംസാരിച്ചു. ഇത്രയും ചെറുപ്പത്തിലെ ഒരു താരത്തിന്റെ കഴിവ് മനസിലാക്കി ഭാവി പ്രവചിക്കാന്‍ രാഹുല്‍ ദ്രാവിഡിന് അവിടെ സാധിച്ചു. അന്ന് ദ്രാവിഡ് സംസാരിച്ച കാര്യങ്ങള്‍ രാഹുലിന് ഇപ്പോഴും ഓര്‍മയുണ്ട്. നല്ല കേള്‍വിക്കാരനാണ് രാഹുല്‍. കളി ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ് രാഹുലെന്നും ജയരാജ് പറയുന്നു.