ഐപിഎല്ലിലേക്ക് കളിക്കാരെ അയക്കരുത്, ട്വന്റി20 ലോകകപ്പ് മാറ്റിവെക്കാന്‍ ഇന്ത്യ കളിക്കുന്നു: ചോദ്യം ചെയ്യുമെന്ന് അലന്‍ ബോര്‍ഡര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd May 2020 02:30 PM |
Last Updated: 22nd May 2020 02:30 PM | A+A A- |
സിഡ്‌നി: ട്വന്റി20 ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്‍ നടത്തിയാല്‍ ഒരു ടീമും കളിക്കാരെ വിട്ടുകൊടുക്കരുതെന്ന് ഓസീസ് മുന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍. ലോക ടൂര്‍ണമെന്റിനേക്കാള്‍ പ്രാധാന്യം ലോക്കല്‍ കോമ്പറ്റീഷന് നല്‍കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്‍ നടത്തിയാല്‍ ഞാന്‍ അതിനെ ചോദ്യം ചെയ്യും. പണമല്ലേ അവിടെ വിഷയമെന്നും അലന്‍ ബോര്‍ഡര്‍ ചോദിക്കുന്നു. ഇന്ത്യയാണ് ഈ കളിക്കുന്നത്. അവരതിനോട് അടുത്തു കഴിഞ്ഞു. എന്നാല്‍ ക്രിക്കറ്റ് രാജ്യങ്ങള്‍ ഒന്നിച്ച് അത് തടയണം. വിവിധ രാജ്യങ്ങള്‍ കളിക്കാരെ ഐപിഎല്ലിലേക്ക് അയക്കുന്നത് തടയുന്നതിലൂടെ അതിനാവുമെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു.
ലോകകപ്പ് മാറ്റിവെച്ച് ഐപിഎല്ലിന് വഴിയൊരിക്കി കൊടുക്കുന്നത് തെറ്റായ വഴിയിലാണ് നമ്മുടെ പോക്കെന്നത് വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം മെയ് 28ന് ചേരുന്ന ഐസിസി യോഗത്തില്‍ എടുക്കുമെന്നാണ് സൂചനകള്‍. ടൂര്‍ണമെന്റ് മാറ്റി വെക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാറ്റി വെച്ചതിന് ശേഷം എന്ന് നടത്തും എന്നതില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.
ലോകകപ്പ് മാറ്റിവെച്ച് ആ സമയം ഐപിഎല്‍ നടത്തണം. എന്ന ആവശ്യവും പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇത്രയും രാജ്യങ്ങളില്‍ നിന്നുള്ള സംഘം ഓസ്‌ട്രേലിയയിലേക്ക് എത്തുന്നതിന്റെ ബുദ്ധിമുട്ടും, പല വേദികളിലായി മത്സരം നടത്തണം എന്നതുമെല്ലാം ട്വന്റി20 ലോകകപ്പിനെ ഈ സാഹചര്യത്തില്‍ സങ്കീര്‍ണമാക്കുന്നു എന്ന വിലയിരുത്തലാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. അതിലും എളുപ്പം ഐപിഎല്‍ നടത്തുന്നതാണെന്നാണ് അവരുടെ വാദം.