17ാം വയസില്‍ സച്ചിന്‍ നേടിയ ആ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നിങ്ങള്‍ കണ്ടിട്ടുണ്ടോ? (വീഡിയോ)

17ാം വയസില്‍ സച്ചിന്‍ നേടിയ ആ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നിങ്ങള്‍ കണ്ടിട്ടുണ്ടോ?
17ാം വയസില്‍ സച്ചിന്‍ നേടിയ ആ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നിങ്ങള്‍ കണ്ടിട്ടുണ്ടോ? (വീഡിയോ)

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 1989ല്‍ 16ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സച്ചിന്‍ 24 വര്‍ഷത്തെ കരിയറിനൊടുവില്‍ 2013ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയാണ് സച്ചിന്‍ ഹംസഗാനം ചൊല്ലിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ നേടിയ ആദ്യ താരമായ സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കുറിക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ കൂടിയാണ്. ടെസ്റ്റില്‍ 51 സെഞ്ച്വറികളും ഏകദിനത്തില്‍ 49 സെഞ്ച്വറികളുമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടിച്ചെടുത്തത്.

16ാം വയസില്‍ അരങ്ങേറിയ സച്ചിന്‍ ടെസ്റ്റിലെ ആദ്യ സെഞ്ച്വറി കുറിച്ചത് 17ാം വയസിലാണ്. 1990ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ വച്ചാണ് സച്ചിന്‍ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ചത്. ഒന്‍പതാം ടെസ്റ്റിലായിരുന്നു നേട്ടം.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലാണ് സച്ചിന്‍ നേട്ടം കുറിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 68 റണ്‍സെടുത്ത് പുറത്തായ സച്ചിന്‍ രണ്ടാം ഇന്നിങ്‌സിലാണ് ശതകം കുറിച്ചത്. 119 റണ്‍സായിരുന്നു സമ്പാദ്യം. ആറാം നമ്പര്‍ ബാറ്റ്‌സ്മാനായി ക്രീസിലെത്തിയ ലിറ്റില്‍ മാസ്റ്റര്‍ ആംഗസ് ഫ്രേസര്‍, ഡെവോണ്‍ മാല്‍ക്കം, ക്രിസ് ലൂയീസ് അടക്കമുള്ള ബൗളര്‍മാരെ സമര്‍ഥമായി നേരിട്ടാണ് കന്നി ശതകം പിന്നിട്ടത്.

പോരാട്ടം സമനിലയില്‍ അവസാനിച്ചപ്പോള്‍ സച്ചിനായിരുന്നു കളിയിലെ താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34,000 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com