'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 
'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

ന്യൂഡല്‍ഹി: അന്തരിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയറിന് ആദരാഞ്ജലികളര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മുന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, കെഎല്‍ രാഹുല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ബല്‍ബീര്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചിച്ചത്.

യഥാര്‍ഥ ഇതിഹാസമായിരുന്നു ബല്‍ബീര്‍ സിങ് എന്നു കുറിച്ച ശാസ്ത്രി തന്റെ മേഖലയിലെ പകുതിയോളം പോന്ന ഇതിഹാസമാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.

ബല്‍ബീര്‍ സിങ്ങിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ദുഃഖം തോന്നിയെന്ന് കുറിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രയാസത്തില്‍ പങ്കുചേരുന്നതായും കൂട്ടിച്ചേര്‍ത്തു.

ഹോക്കിയിലെ ഇതിഹാസമായിരുന്നു ബല്‍ബീര്‍ സിങെന്ന് രാഹുല്‍ പറഞ്ഞു. യഥാര്‍ഥ ചാമ്പ്യനെയാണ് നഷ്ടമായതെന്നും രാഹുല്‍ വ്യക്തമാക്കി. 

ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്നും അവര്‍ ജനങ്ങളുടെ ഹൃദയത്തില്‍ എക്കാലവും ജീവിക്കുമെന്നും സുരേഷ് റെയ്‌ന അനുസ്മരിച്ചു. മഹത്തായ പോരാട്ടങ്ങള്‍ സമ്മാനിച്ചതിനും ഞങ്ങളെ പ്രചോദിപ്പിച്ചതിനും നന്ദി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും റെയ്‌ന കുറിച്ചു. 

രാജ്യത്തിനായി മഹത്തായ പ്രകടനം പുറത്തെടുത്ത ഉജ്ജ്വലനായ കായിക താരമായിരുന്നു ബല്‍ബീര്‍ സിങെന്ന് കുല്‍ദീപ് യാദവ് കുറിച്ചു. 

അദ്ദേഹത്തിന്റെ നേട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നിങ്ങള്‍ അമ്പരന്നുപോകുമെന്ന് ബല്‍ബീര്‍ സിങിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് ഹര്‍ഭജന്‍ സിങും വ്യക്തമാക്കി. 

ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബല്‍ബീര്‍ സിങ് തിങ്കളാഴ്ച പുലര്‍ച്ച ആറരയോടെയാണ് അന്തരിച്ചത്.

ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത ബല്‍ബീറിനെ സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഹോക്കി താരമായാണ് കണക്കാക്കുന്നത്. 1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

ഒളിമ്പിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ബല്‍ബീറിന് സ്വന്തമാണ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സിന്റെ ഫൈനലിലാണ് ബല്‍ബീര്‍ സിങ് അഞ്ച് ഗോള്‍ നേടി റെക്കോര്‍ഡിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com