ട്വന്റി20 ലോകകപ്പ് 2022ലേക്ക് മാറ്റുന്നു, 6 മാസത്തിനുള്ളില്‍ 3 വമ്പന്‍ ടൂര്‍ണമെന്റ് സാധ്യമല്ലെന്ന് ബിസിസിഐ

ട്വന്റി20 ലോകകപ്പ് നടക്കേണ്ടിയിരുന്ന ഒക്ടോബര്‍-നവംബറില്‍ ഐപിഎല്‍ നടത്താനുമാണ് ധാരണമായിരിക്കുന്നത്
ട്വന്റി20 ലോകകപ്പ് 2022ലേക്ക് മാറ്റുന്നു, 6 മാസത്തിനുള്ളില്‍ 3 വമ്പന്‍ ടൂര്‍ണമെന്റ് സാധ്യമല്ലെന്ന് ബിസിസിഐ

ദുബായ്: ട്വന്റി20 ലോകകപ്പ് 2022ലക്ക് മാറ്റിവെക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ചേര്‍ന്ന ഐസിസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ ഇത് സംബന്ധിച്ച ധാരണയായതായാണ് സൂചന. വ്യാഴാഴ്ച ചേരുന്ന ഐസിസി ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ട്വന്റി20 ലോകകപ്പ് നടക്കേണ്ടിയിരുന്ന ഒക്ടോബര്‍-നവംബറില്‍ ഐപിഎല്‍ നടത്താനുമാണ് ധാരണമായിരിക്കുന്നത് എന്നാണ് സൂചന. 

ട്വന്റി20 ലോകകപ്പ് മാറ്റി വെക്കുന്നത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേരുന്ന ഐസിസി യോഗത്തിലുണ്ടായേക്കും. എന്നാല്‍ തീരുമാനം പ്രഖ്യാപിക്കുമോ എന്നാണ് അറിയേണ്ടത് എന്നാണ് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2021 ഒക്ടോബറിലാണ് ഇന്ത്യ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് നടക്കേണ്ടത്. 2020ലെ ട്വന്റി20 ലോകകപ്പ് 2021ലേക്ക് മാറ്റി വെച്ച് രണ്ട് ലോകകപ്പ് ഒരേ സമയം നടത്തുന്നത് അനുചിതമാവും എന്ന് വിലയിരുത്തലിലാണ് ഐസിസി. 2023ല്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പും നടത്തേണ്ടതുണ്ട്. 

2021 ഫെബ്രുവരി-മാര്‍ച്ചില്‍ ട്വന്റി20 ലോകകപ്പ് നടത്തുക എന്ന സാധ്യത ഉയര്‍ന്നിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഐപിഎല്ലും, ഫെബ്രുവരി മാര്‍ച്ചില്‍ ലോകകപ്പും, പിന്നെ മാര്‍ച്ച്-ഏപ്രിലില്‍ വീണ്ടും ട്വന്റി20യും വരുന്നത് സാമ്പത്തികമായി എത്രമാത്രം നേട്ടം നല്‍കും എന്നതിലേക്കാണ് ബിസിസിഐ ചോദ്യമുയര്‍ത്തുന്നത്. 

നിലവിലെ സാമ്പത്തിക സ്ഥിതി വെച്ച് ആറ് മാസത്തിനുള്ളില്‍ മൂന്ന് വമ്പന്‍ ടൂര്‍ണമെന്റുകള്‍ എന്നത് ആലോചിക്കാനാവില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതിന് ഇടയില്‍ നികുതി അടയ്ക്കുന്നതിനെ ചൊല്ലിയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ട്വന്റി20 ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റുമെന്ന നിലപാടുമായി ഐസിസി എത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com