കൊറോണയെ നേരിടുന്നതില്‍ ആരോഗ്യമുളള ശരീരവും മനസും പ്രധാനം, ജനങ്ങള്‍ കായികക്ഷമതയില്‍ ശ്രദ്ധിക്കണം: കേന്ദ്രമന്ത്രി കിരണ്‍ റിജിജു 

ഒളിമ്പിക്‌സില്‍ ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ് ദീര്‍ഘകാല ലക്ഷ്യമെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു.
കൊറോണയെ നേരിടുന്നതില്‍ ആരോഗ്യമുളള ശരീരവും മനസും പ്രധാനം, ജനങ്ങള്‍ കായികക്ഷമതയില്‍ ശ്രദ്ധിക്കണം: കേന്ദ്രമന്ത്രി കിരണ്‍ റിജിജു 

ചെന്നൈ: ഒളിമ്പിക്‌സില്‍ ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ് ദീര്‍ഘകാല ലക്ഷ്യമെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു. ഇതിന്റെ ഭാഗമായി നിരവധി പരിഷ്‌കാര നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന എക്‌സ്പ്രഷന്‍സ് പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ കായികക്ഷമതയുടെ പങ്ക് എന്ന വിഷയത്തില്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയുടെയും മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബംസായിയുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കായികരംഗത്ത് നിലവാരം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് കായികരംഗത്ത് വലിയ മുന്നേറ്റങ്ങളാണ് ദൃശ്യമായത്. രാജ്യാന്തര മത്സരങ്ങളില്‍ നല്ല പ്രകടനം കാഴ്ചവെച്ചു. ഹോക്കി, ബോക്‌സിംഗ്, ഗുസ്തി തുടങ്ങിയ മേഖലകളില്‍ എല്ലാം ഇന്ത്യന്‍ കായികതാരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒളിമ്പിക്‌സ് ഹോക്കിയില്‍ രണ്ടു വിഭാഗങ്ങളും യോഗ്യത നേടി.  ഇതെല്ലാം കായികരംഗത്ത് വരുത്തിയ പരിഷ്‌കാരങ്ങളുടെ ഫലമായാണ്. വരുന്ന വര്‍ഷങ്ങളില്‍ വലിയ തോതിലുളള മാറ്റങ്ങള്‍ കായികരംഗത്ത് പ്രകടമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മികച്ച ആസൂത്രണത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒളിമ്പിക്‌സ് ഒരുവര്‍ഷത്തേയ്ക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഇതൊരു അവസരമായി കണ്ട് മികച്ച തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോകുന്നത്. അതേസമയം ഒരു വര്‍ഷത്തോളം കായികതാരങ്ങളുടെ ആരോഗ്യക്ഷമത നിലനിര്‍ത്തേണ്ടത് ഒരു ഉത്തരവാദിത്തമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.

രാജ്യത്ത് നിരവധി സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുണ്ട്. ജനാധിപത്യരീതിയിലാണ് ഇവിടങ്ങളില്‍ എല്ലാം തെരഞ്ഞെടുപ്പ്  നടക്കുന്നത്. അതുകൊണ്ട് തന്നെ അഭിപ്രായഭിന്നതകളും സ്വാഭാവികമാണ്. എന്നാല്‍ ഇതൊന്നും കായികരംഗത്തെ ബാധിക്കരുത്് എന്ന അഭ്യര്‍ത്ഥന മാത്രമാണ് തനിക്ക് ഉളളത്. കായികമേഖലയുടെ പ്രവര്‍ത്തനങ്ങളെയോ, കായിക താരങ്ങളെയോ ബാധിക്കാത്തവിധം, മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുളള ആരോഗ്യപരമായ വിമര്‍ശനങ്ങളിലേക്ക് കടക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറേഷനെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും തയ്യാറാണ്. കായിക മേഖലയില്‍ പരിഷ്‌കാരം അനിവാര്യമാണ്. അതുപോലെ തന്നെ സുതാര്യതയും ഉറപ്പുവരുത്തേണ്ടതുണ്ട്. കായികമേഖലയുടെ വികാസത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണ്. വിഭവങ്ങള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ മേഖലയില്‍ കൂടുതല്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുളള ശ്രമവും തുടരുന്നതായി മന്ത്രി പറഞ്ഞു.

വരുന്ന ഒളിമ്പിക്‌സില്‍ ബോക്‌സിങ്,ഗുസ്തി, ഹോക്കി, ഷൂട്ടിങ്, ബാഡ്മിന്റണ്‍ തുടങ്ങിയ വിഭാഗങ്ങളില്‍ മെഡല്‍ പ്രതീക്ഷ ഉണ്ട്. സ്‌പോര്‍ട്്‌സിലെ പ്രകടനത്തിന് ആദരവ് മാത്രം പോരാ. ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും വിധം ഇതൊരു കരിയര്‍ ആയി മാറണമെങ്കില്‍ കായികതാരങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കണം. അതിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ട്. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ കായികതാരങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രാദേശിക കായിക താരങ്ങളെ ദേശീയ താരങ്ങളായി ഉയര്‍ത്തുന്നതിന് വേണ്ട പ്രോത്സാഹനം നല്‍കുന്നതിനെയും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.

കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കായികതാരങ്ങളുടെ ആരോഗ്യപരിപാലനത്തിനാണ് ഇപ്പോള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. സാധാരണ നിലയില്‍ എത്തിയാല്‍ കായിക മത്സരങ്ങള്‍ പഴയപോലെ സംഘടിപ്പിക്കും. കൊറോണ വൈറസ് വ്യാപനത്തിനെതിരെയുളള പോരാട്ടത്തിലാണ് രാജ്യം. ഇതില്‍ കായികക്ഷമതയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. നിലവില്‍ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും ശാരീരിക ക്ഷമത ഇല്ലാത്ത അവസ്ഥയാണ്. ഇതിന് മാറ്റം കൊണ്ടുവരാനാണ് ഫിറ്റ്‌നസ് ക്യാംപെയിനിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി 1,55,000 സ്‌കൂളുകളാണ് ഫിറ്റ് ഇന്ത്യ ക്യാംപെയിനില്‍ രജിസ്റ്റര്‍ ചെയ്തതെന്നും കിരണ്‍ റിജിജു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com