സീരി എക്കും പച്ചക്കൊടി, മത്സരങ്ങള്‍ ജൂണ്‍ 20ന് പുനരാരംഭിക്കും 

ഇറ്റലിയില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ മാര്‍ച്ച് 9നാണ് സീരി എ നിര്‍ത്തിവെച്ചത്
സീരി എക്കും പച്ചക്കൊടി, മത്സരങ്ങള്‍ ജൂണ്‍ 20ന് പുനരാരംഭിക്കും 

റോം: സീരി എ ജൂണ്‍ 20ന് പുനരാരംഭിക്കും. ഇറ്റാലിയന്‍ കായിക മന്ത്രി വിന്‍സെന്‍സോ സ്പഡാഫോറ ഇക്കാര്യം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ മാര്‍ച്ച് 9നാണ് സീരി എ നിര്‍ത്തിവെച്ചത്. 

ബുണ്ടസ് ലീഗയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന യൂറോപ്പിലെ നാലാമത്തെ ഡൊമസ്റ്റിക് ലീഗ് ആവും സീരി എ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജൂണ്‍ 17ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സീരി എയുടെ കാര്യത്തിലും സ്ഥിരീകരണമായിരിക്കുന്നത്. മെയ് 16നാണ് ബുണ്ടസ് ലീഗ സീസണ്‍ പുനരാരംഭിച്ചത്. 

സിരി എയില്‍ ഇനി 12 റണ്ട് മത്സരങ്ങളാണ് കളിക്കാനുള്ളത്. 9ാം വട്ടവും സിരി എ കിരീടം ലക്ഷ്യമിട്ടാണ് യുവന്റ്‌സിന്റെ കുതിപ്പ്. 26 കളിയില്‍ നിന്ന് 63 പോയിന്റോടെ ടേബിളില്‍ ഒന്നാമതാണ് യുവന്റ്‌സ്. 21 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ലാസിയോവിനോട് ഒരു പോയിന്റ് വ്യത്യാസത്തിലാണ് യുവന്റ്‌സ് ഒന്നാമത് നില്‍ക്കുന്നത്. 8 പോയിന്റ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്റര്‍ മിലാനും. 

പിഎസ്ജിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ച് ഫ്രഞ്ച് ലീഗ് സീസണ്‍ ഉപേക്ഷിച്ചിരുന്നു. 10 മത്സരങ്ങള്‍ കളിക്കാന്‍ ബാക്കി നില്‍ക്കെയാണ് ലീഗ് വണ്‍ അവസാനിപ്പിച്ചത്. സിരി എയിലും പ്രീമിയര്‍ ലീഗിലുമെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍. കളിക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് ഇറ്റാലിയന്‍ കായിക മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com