പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വിരാമം; രുതുരാജിന്റെ കരുത്തില്‍ വിജയം പിടിച്ച് ധോനിപ്പടയുടെ മടക്കം

പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വിരാമം; രുതുരാജിന്റെ കരുത്തില്‍ വിജയം പിടിച്ച് ധോനിപ്പടയുടെ മടക്കം
പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വിരാമം; രുതുരാജിന്റെ കരുത്തില്‍ വിജയം പിടിച്ച് ധോനിപ്പടയുടെ മടക്കം

അബുദാബി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരശ്ശീലയിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് ചെന്നൈയോട് ഒന്‍പത് വിക്കറ്റിന്റെ വമ്പന്‍ തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ചെന്നൈ 154 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. 

ഓപണര്‍മാരായ ഫാഫ് ഡുപ്ലെസി, രുതുരാജ് ഗെയ്ക്‌വാദ്, വണ്‍ഡൗണായി എത്തിയ അമ്പാട്ടി റായുഡു എന്നിവര്‍ ചേര്‍ന്ന് ചെന്നൈയെ വിജയത്തിലെത്തിച്ചു. മിന്നും ഫോമിലുള്ള യുവ താരം രുതുരാജാണ് ടോപ് സ്‌കോറര്‍. 49 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം രുതുരാജ് 62 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഡുപ്ലെസി 34 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 48 റണ്‍സെടുത്ത് ഔട്ടായി. അമ്പാട്ടി റായുഡു 30 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ വിജയത്തില്‍ പങ്കാളിയായി. 

ഡുപ്ലെസിയെ വീഴ്ത്തി ക്രിസ് ജോര്‍ദാന്‍ ചെന്നൈയുടെ ഏക വിക്കറ്റ് സ്വന്തമാക്കി. 

ഇരു ടീമുകളുടേയും ഐപിഎല്‍ പോരാട്ടത്തിനും അവസാനമായി. 14 മത്സരങ്ങളില്‍ നിന്നായി ഇരു ടീമുകള്‍ക്കും 12 പോയിന്റുകള്‍ വീതം. പ്ലേ ഓഫിലേക്ക് കടക്കാന്‍ ഇന്ന് വിജയം അനിവാര്യമായിരുന്നു പഞ്ചാബിന്. ചെന്നൈക്ക് വിജയിച്ചാലും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ വിജയത്തോടെ ടൂര്‍ണമെന്റിനോട് വിട പറയാനുള്ള അവസരമാണ് അവര്‍ക്കുണ്ടായിരുന്നത്. അവര്‍ അത് ഭംഗിയായി നിറവേറ്റിയാണ് കളം വിട്ടത്. 

നേരത്തെ ടോസ് നേടി ചെന്നൈ പഞ്ചാബിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് പഞ്ചാബ് കണ്ടെത്തിയത്. 

മികച്ച തുടക്കത്തിന് ശേഷം പഞ്ചാബിന് പിന്നാക്കം പോവുകയായിരുന്നു. തുടരെ വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചെന്നൈക്ക് സാധിച്ചു. ആറാമനായി ക്രീസിലെത്തിയ ദീപക് ഹൂഡയുടെ കടന്നാക്രമണമാണ് പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഹൂഡ നാല് സിക്സും മൂന്ന് ഫോറും സഹിതം 30 പന്തില്‍ 62 റണ്‍സ് വാരി. 

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (29), മായങ്ക് അഗര്‍വാള്‍ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്രിസ് ഗെയ്ല്‍ 12 റണ്‍സിലും നിക്കോളാസ് പൂരന്‍ രണ്ട് റണ്‍സിലും മടങ്ങി. 

ചെന്നൈയ്ക്കായി ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശാര്‍ദുല്‍ ഠാക്കൂര്‍, ഇമ്രാന്‍ താഹിര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com