2021ലും നായകനായി ധോനിയുണ്ടാകും; പക്ഷേ ചെന്നൈ ടീമില്‍ ഈ മൂന്ന് പേര്‍ ഉണ്ടാകില്ല

2021ലും നായകനായി ധോനിയുണ്ടാകും; പക്ഷേ ചെന്നൈ ടീമില്‍ ഈ മൂന്ന് പേര്‍ ഉണ്ടാകില്ല
2021ലും നായകനായി ധോനിയുണ്ടാകും; പക്ഷേ ചെന്നൈ ടീമില്‍ ഈ മൂന്ന് പേര്‍ ഉണ്ടാകില്ല

അബുദാബി: ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫിലെത്താതെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തേക്കുള്ള വഴി കണ്ടു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത. വയസന്‍ പട എന്ന പഴി വരെ ടീമിന് കേള്‍ക്കേണ്ടി വന്നു. എങ്കിലും അവസാന മൂന്ന് മത്സരങ്ങളിലും വിജയിച്ച് അവര്‍ തല ഉയര്‍ത്തിയാണ് മടങ്ങിയത്. 

2021ലെ ഐപിഎല്‍ പോരാട്ടത്തിലും ധോനിയുണ്ടാകുമെന്ന സൂചനകള്‍ അദ്ദേഹം തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ധോനി അടുത്ത സീസണിലും സിഎസ്‌കെ നായകനായി എത്തുമ്പോള്‍ ഇപ്പോഴത്തെ ടീമംഗങ്ങള്‍ തുടരുമോ എന്നതാണ് മറ്റൊരു ചോദ്യം. ഒറ്റയടിക്ക് എല്ലാ താരങ്ങളേയും ഒഴിവാക്കി ടീം ഉടച്ചു വാര്‍ക്കുന്ന സമ്പ്രദായം പിന്തുടരാത്ത ഫ്രാഞ്ചൈസിയാണ് സിഎസ്‌കെ. എന്നാല്‍ ഇത്തവണ കളിച്ച സംഘത്തില്‍ നിന്ന് മൂന്ന് താരങ്ങളെ അവര്‍ എന്തായാലും അടുത്ത സീസണില്‍ ഒപ്പം കൂട്ടില്ല എന്ന് ഉറപ്പ്. ഓസ്‌ട്രേലിയന്‍ വെറ്ററന്‍ താരം ഷെയ്ന്‍ വാട്‌സന്‍, ഇന്ത്യന്‍ താരങ്ങളായ പിയൂഷ് ചൗള, കേദാര്‍ ജാദവ് എന്നിവരെ 2021ല്‍ ടീമിനൊപ്പം കാണില്ല. 

ഷെയ്ന്‍ വാട്‌സന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എന്നേ വിരമിച്ച വാട്‌സന്‍ പക്ഷേ ലോകത്തെ വിവിധ ടി20 പോരാട്ടങ്ങളില്‍ കളി തുടരുന്നുണ്ടായിരുന്നു. ടീം വളരെ ഏറെ വെറ്ററന്‍ താരത്തില്‍ നിന്ന് ഇത്തവണ പ്രതീക്ഷിച്ചു. എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 83 റണ്‍സെടുത്തത് മാറ്റി നിര്‍ത്തിയാല്‍ മുന്‍ ഓസീസ് താരം അമ്പേ പരാജയമായി. 11 കളികളില്‍ നിന്ന് 299 റണ്‍സാണ് ഇത്തവണത്തെ സമ്പാദ്യം. വാട്‌സന് പകരം ഓപണിങില്‍ പരീക്ഷിച്ച രുതുരാജ് ഗെയ്ക്‌വാദ് ക്ലിക്കായതോടെ വാട്‌സന്റെ സിഎസ്‌കെയിലെ സാന്നിധ്യത്തിനും തിരശ്ശീല വീണു എന്ന് അനുമാനിക്കാം. 

പിയൂഷ് ചൗള

ഏറെ പ്രതീക്ഷയോടെ 6.75 കോടി മുടക്കി ചെന്നൈ ടീമിലെത്തിച്ച താരമാണ് പിയൂഷ് ചൗള. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരത്തിന് ആ പ്രതീക്ഷ കാക്കാന്‍ കഴിഞ്ഞില്ല. ഏഴ് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. വീഴ്ത്തിയത് ആറ് വിക്കറ്റുകളും 9.09ആണ് ഇക്കോണമി. ഹര്‍ഭജന്‍ സിങിന്റെ അഭാവത്തില്‍ പിയൂഷ് വെട്ടിത്തിളങ്ങുമെന്ന് കരുതിയെങ്കിലും ആ ധാരണ അസ്ഥാനത്തായി. 2021ല്‍ പിയൂഷ് ചെന്നൈക്കൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പ്. 

കേദാര്‍ ജാദവ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം പ്രകടനത്തില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ട താരം ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് കേദാര്‍ ജാദവ്. എട്ട് മത്സരങ്ങളില്‍ ആറ് തവണ ബാറ്റിങിന് അവസരം കിട്ടി. ആകെ നേരിട്ടത് 66 പന്തുകള്‍ നേടിയത് 62 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 93.93. ഒരു മാച്ച് വിന്നിങ് പ്രകടനം പോലും ക്രഡിറ്റിലില്ലാതെയാണ് ജാദവിന്റെ മടക്കം. 2018ല്‍ 7.8 കോടി രൂപയ്ക്കാണ് താരം ചെന്നൈയിലെത്തുന്നത്. ജാദവിന്റെ ടീമിലെ സാന്നിധ്യത്തിന്റെ പേരില്‍ നായകന്‍ ധോനിയും ഏറെ പഴി കേട്ടു. അടുത്ത സീസണില്‍ ജാദവിനേയും ചെന്നൈ കുപ്പായത്തില്‍ കാണ്ടേക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com