ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ല, ഇനിയെല്ലാം ദൈവത്തിന്റെ കൈയില്‍: മോര്‍ഗന്‍ 

14 കളികളില്‍ നിന്ന് 14 പോയിന്റുമായി നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത
ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ല, ഇനിയെല്ലാം ദൈവത്തിന്റെ കൈയില്‍: മോര്‍ഗന്‍ 

ദുബായ്: നിര്‍ണായക കളിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമിന്റെ പ്രയത്‌നത്തില്‍ സംതൃപ്തനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ ഗംഭീര ജയത്തിനൊടുവില്‍ മോര്‍ഗന്‍ പറഞ്ഞത്. 60 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ 14 കളികളില്‍ നിന്ന് 14 പോയിന്റുമായി നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് കൊല്‍ക്കത്ത. എങ്കിലും പ്ലേ ഓഫ് സാധ്യതകള്‍ മുന്നോട്ടുള്ള രണ്ട് മത്സരങ്ങളുടെ ഫലം ആശ്രയിച്ചാണ്. 

' നെറ്റ് റണ്‍റേറ്റിനെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടായിരുന്നു. പക്ഷെ ജയിക്കുമെന്ന നിലയിലേക്ക് എത്തുകയാണ് ആദ്യം പ്രധാനം. ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് ഇനിയുള്ള കാര്യങ്ങളെല്ലാം ദൈവത്തിന്റെ കൈയിലാണ്', ഇന്നലത്തെ മത്സരശേഷം മോര്‍ഗന്‍ പറഞ്ഞതിങ്ങനെ. 

ഡല്‍ഹി-ബംഗളുരു മത്സര ഫലം കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രവേശനത്തിന് ഏറെ നിര്‍ണായകമാണ്. അതുപോലെതന്നെ മുംബൈ-ഹൈദരാഹാദ് മത്സരവും. മുംബൈയ്‌ക്കെതിരെ ഹൈദരാബാദ് ജയിച്ചാല്‍ പിന്നെ ഡല്‍ഹിയോ ബംഗളൂരുവോ വലിയ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് അവസാന നാലില്‍ എത്താനാകൂ. 

ഇന്നലത്തെ തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സ് 13-ാം സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായി. ഈ സീസണില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേടും പേറിയാണ് രാജസ്ഥാന്റെ പടിയിറക്കം. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കു പിന്നാലെയാണ് രാജസ്ഥാനും പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com