'ക്രിക്കറ്റിന് വേഗത വന്നു, സുരക്ഷയുടെ കാര്യത്തിലോ?' ബാറ്റ്സ്മാന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം- സച്ചിന്‍

'ക്രിക്കറ്റിന് വേഗത വന്നു, സുരക്ഷയുടെ കാര്യത്തിലോ?' ബാറ്റ്സ്മാന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം- സച്ചിന്‍
'ക്രിക്കറ്റിന് വേഗത വന്നു, സുരക്ഷയുടെ കാര്യത്തിലോ?' ബാറ്റ്സ്മാന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം- സച്ചിന്‍

മുബൈ: ക്രിക്കറ്റ് പിച്ചില്‍ ബാറ്റ്‌സ്മാന്‍മാര്‍ ഹെല്‍മറ്റ് വയ്ക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ഇതിഹാസ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇക്കാര്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഇതിഹാസ താരം. ബാറ്റ്‌സ്മാന്‍മാര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമായി നടപ്പാക്കണമന്ന് സച്ചിന്‍ ഐസിസിയോട് അഭ്യര്‍ത്ഥിച്ചു.

സ്പിന്നെന്നോ പേസെന്നോ വ്യത്യാസമില്ലാതെ ഇത് നടപ്പാക്കണമെന്നാണ് സച്ചിന്‍ മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യം. ക്രിക്കറ്റ് കരിയറിലെ ബാറ്റിങിന് ഇറങ്ങിയ അവസരങ്ങളിലെല്ലാം ഹെല്‍മറ്റ് ധരിച്ച് മാത്രം ബാറ്റ് ചെയ്ത അപൂര്‍വ താരങ്ങളില്‍ ഒരാളാണ് സച്ചിന്‍. 

ഐപിഎല്ലിന്റെ നടപ്പ് സീസണില്‍ പേസ് ബൗളിങിന്റെ സമയത്ത് മാത്രമാണ് മിക്ക ബാറ്റ്‌സ്മാന്‍മാരും ഹെല്‍മറ്റ് വയ്ക്കുന്നത്. സ്പിന്നര്‍മാര്‍ പന്തെറിയാന്‍ എത്തുമ്പോള്‍ മിക്ക താരങ്ങളും ഹെല്‍മറ്റില്ലാതെയാണ് കളിക്കുന്നത്. 

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലെ ഒരു സംഭവം ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ ഹെല്‍മറ്റിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചത്. ഹൈദരാബാദ് താരം വിജയ് ശങ്കര്‍ റണ്ണിനായി ഓടുന്നതിനിടെ പഞ്ചാബ് താരം നിക്കോളാസ് പൂരന്റെ ത്രോ താരത്തിന്റെ തലയില്‍ കൊണ്ട് താരം വീഴുന്നുണ്ട്. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മാത്രമാണ് വലിയ അപകടത്തില്‍ നിന്ന് വിജയ് ശങ്കര്‍ രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ലിങ്ക് പങ്കിട്ട് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സച്ചിന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടത്. 

'ക്രിക്കറ്റിന്റെ വേഗത വര്‍ധിച്ചെങ്കിലും അത് സുരക്ഷിതമാണോ? മോശമായേക്കാവുന്ന ഒരു സംഭവത്തിനാണ് അടുത്തിടെ ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. സ്പിന്നറോ പേസറോ ആകട്ടെ, പ്രൊഫഷണല്‍ തലത്തിലുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കണം. ഇക്കാര്യം നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ഐസിസിയോട് അഭ്യര്‍ത്ഥിക്കുന്നു' സച്ചിന്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com