ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് അറിയാം; ബൗളിങ്ങില്‍ കട്ടയ്ക്ക്, ബാറ്റിങ്ങില്‍ മുംബൈക്ക് മുന്‍തൂക്കം 

വമ്പന്‍ താരങ്ങള്‍ ടീമിലുണ്ടായിട്ടും ഇതുവരെ ഐപിഎല്‍ ഫൈനലില്‍ കടക്കാനും ഡല്‍ഹിക്കായിട്ടില്ല
ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് അറിയാം; ബൗളിങ്ങില്‍ കട്ടയ്ക്ക്, ബാറ്റിങ്ങില്‍ മുംബൈക്ക് മുന്‍തൂക്കം 

ദുബായ്: ഐപിഎല്‍ 13ാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ലീഗ് ഘട്ട മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയ ടീമുകളാണ് ഇവര്‍. 

ഇവിടെ തോല്‍ക്കുന്ന ടീമിന് ഒരു അവസരം കൂടി ലഭിക്കും. ക്വാളിഫയര്‍ ഒന്നില്‍ തോല്‍ക്കുന്ന ടീം എലിമിനേറ്ററില്‍ തോല്‍ക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ നേരിടും. ഇവിടെ ജയം പിടിക്കുന്ന ടീം ക്വാളിഫയര്‍ ഒന്നില്‍ ജയിച്ച് എത്തിയ ടീമിനെ ഫൈനലില്‍ നേരിടും. 

ഡല്‍ഹിയും മുംബൈയും ഏറ്റുമുട്ടുമ്പോള്‍ മുംബൈക്കാണ് മുന്‍തൂക്കം. പ്ലേഓഫുകളില്‍ മികവ് കാണിച്ചതിന്റെ അനുഭമ്പത്ത് മുംബൈക്കുണ്ട്. എന്നാല്‍ പ്ലേഓഫുകളില്‍ മോശം കണക്കുകളാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് പറയാനുള്ളത്. ഇതിന് മുന്‍പ് ഒരിക്കല്‍ മാത്രമാണ് ഡല്‍ഹി ക്വാളിഫര്‍ ഒന്നില്‍ കളിച്ചത്. വമ്പന്‍ താരങ്ങള്‍ ടീമിലുണ്ടായിട്ടും ഇതുവരെ ഐപിഎല്‍ ഫൈനലില്‍ കടക്കാനും ഡല്‍ഹിക്കായിട്ടില്ല. 

6 പ്ലേഓഫ് മത്സരങ്ങളാണ് ഡല്‍ഹി ഇതിന് മുന്‍പ് കളിച്ചത്. അതില്‍ ജയം പിടിച്ചത് ഒന്നില്‍ മാത്രം. ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചതാണ് ആ ജയം. എന്നാല്‍ ആ സീസണില്‍ ക്വാളിഫയര്‍ 2ല്‍ ചെന്നൈക്ക് മുന്‍പില്‍ മുട്ടുമടക്കി ഡല്‍ഹി പുറത്തായി. 

മുംബൈ ഇന്ത്യന്‍സ് 11 പ്ലേഓഫ് മത്സരങ്ങളാണ് കളിച്ചത്. ആറ് കളിയില്‍ ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ തോറ്റു. ബൗളിങ്ങില്‍ മുംബൈയും ഡല്‍ഹിയും സീസണില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ബൂമ്ര-ബോള്‍ട്ട് സഖ്യം സീസണില്‍ 43 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 44 വിക്കറ്റാണ് റബാഡ-നോര്‍ജെ സഖ്യം പിഴുതത്. 

ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് ആശങ്കപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ സ്ഥിരത കണ്ടെത്തുന്നില്ല. എന്നാല്‍ മുംബൈ നിരയില്‍ ഡികോക്കും ഇഷാന്‍ കിഷനും, സൂര്യകുമാര്‍ യാദവും, പൊള്ളാര്‍ഡും,, ഹര്‍ദിക്കുമെല്ലാം കരുത്ത് കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com