ഐപിഎല്ലില്‍ ഇതാദ്യം;  റണ്‍സെടുക്കും മുന്‍പെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി; ഡല്‍ഹിയുടെ 'തല'യറുത്ത് മുംബൈ

ഐപിഎല്ലില്‍ പുതുചരിത്രം രചിച്ച് മുംബൈ ഇന്ത്യന്‍സ്
ഐപിഎല്ലില്‍ ഇതാദ്യം;  റണ്‍സെടുക്കും മുന്‍പെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി; ഡല്‍ഹിയുടെ 'തല'യറുത്ത് മുംബൈ

അബുദാബി:  ഐപിഎല്ലില്‍ പുതുചരിത്രം രചിച്ച് മുംബൈ ഇന്ത്യന്‍സ്. ഒരു റണ്‍സ് എടുക്കുന്നതിന് മുന്‍പെ മൂന്ന് പേരെയാണ് മുംബൈ ഇന്ത്യന്‍സ് പുറത്താക്കിയത്. ബുമ്രയുടെയും ബോള്‍ട്ടിന്റെയും തീപറന്ന പന്തുകള്‍ മൂന്ന് പേരെ പൂജ്യരാക്കി കൂടാരത്തിലെത്തിച്ചു.

പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവരാണ് റണ്‍സ് ഒന്നും എടുക്കാതെ പുറത്തായത്. ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ മുംബൈക്കെതിരെ 201 റണ്‍സായിരുന്നു ഡല്‍ഹിയുടെ വിജയലക്ഷ്യം. കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ പൂജ്യരായി വീണതോടെ വിജയമെന്ന ഡല്‍ഹി പ്രതീക്ഷ ആദ്യമെ അസ്തമിച്ചു. 

മുംബൈയ്ക്കായി രോഹിതും പൊള്ളാര്‍ഡും സംപൂജ്യരായാണ് പുറത്തായത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ തുടക്കം പാളിയിട്ടും ആത്മവിശ്വാസം കൈമുതലാക്കി തകര്‍ത്തടിച്ചാണ് ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനു മുന്നില്‍ 201 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 200 റണ്‍സ് നേടിയത്


തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 30 പന്തുകള്‍ നേരിട്ട കിഷന്‍, നാലു ഫോറും മൂന്നു സിക്‌സും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സര്‍ പറത്തിയാണ് കിഷന്‍ അര്‍ധസെഞ്ചുറി തികച്ചതും മുംബൈ സ്‌കോര്‍ 200ല്‍ എത്തിച്ചതും. സൂര്യകുമാര്‍ യാദവും അര്‍ധസെഞ്ചുറി നേടി. 38 പന്തു നേരിട്ട യാദവ് ആറു ഫോറും രണ്ടു സിക്‌സും സഹിതം 51 റണ്‍സെടുത്തു. ഡികോക്ക് (25 പന്തില്‍ 40), ഹാര്‍ദിക് പാണ്ഡ്യ (14 പന്തില്‍ പുറത്താകാതെ 37) എന്നിവരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ക്രുനാല്‍ പാണ്ഡ്യ 10 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.

17ാം ഓവറിന്റെ ആദ്യ പന്തില്‍ ക്രുനാല്‍ പാണ്ഡ്യ പുറത്തായപ്പോള്‍ ക്രീസിലെത്തിയ ഹാര്‍ദിക്, കഗീസോ റബാദയ്ക്കെതിരെ ഹാട്രിക് സിക്‌സ് സഹിതമാണ് 14 പന്തില്‍ 37 റണ്‍സടിച്ചത്. പിരിയാത്ത ആറാം വിക്കറ്റില്‍ വെറും 23 പന്തില്‍നിന്ന് പാണ്ഡ്യകിഷന്‍ കൂട്ടുകെട്ട് നേടിയത് 60 റണ്‍സാണ്! ഡല്‍ഹിയ്ക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ മൂന്നു വിക്കറ്റും, ആന്റിച് നോര്‍ജെ, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com