എട്ട് വര്‍ഷമായിട്ടും കിരീടമില്ല, കോഹ്‌ലി ക്യാപ്റ്റന്‍സി രാജിവെക്കണം: ഗൗതം ഗംഭീര്‍ 

മികച്ച നായകന്മാരെ കുറിച്ച് പറയുമ്പോള്‍ എം എസ് ധോനി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം കോഹ്‌ലിയുടെ പേര് പറയരുത് എന്നും ഗംഭീര്‍ പറഞ്ഞു
എട്ട് വര്‍ഷമായിട്ടും കിരീടമില്ല, കോഹ്‌ലി ക്യാപ്റ്റന്‍സി രാജിവെക്കണം: ഗൗതം ഗംഭീര്‍ 

ന്യൂഡല്‍ഹി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലിയെ മാറ്റേണ്ട സമയമായെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. മികച്ച നായകന്മാരെ കുറിച്ച് പറയുമ്പോള്‍ എം എസ് ധോനി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം കോഹ്‌ലിയുടെ പേര് പറയരുത് എന്നും ഗംഭീര്‍ പറഞ്ഞു. 

കോഹ് ലിയെ നായക സ്ഥാനത്ത് നിന്നും മാറ്റണമോ എന്ന ചോദ്യത്തിന്, 100 ശതമാനം മാറ്റണം എന്നായിരുന്നു ഗംഭീറിന്റെ മറുപടി. നായകന്‍ എന്ന നിലയില്‍ കോഹ്‌ലിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. എട്ട് വര്‍ഷമായി ടീമിനെ നയിക്കുന്നു. ഇതുവരെ ഒരു തവണ പോലും കിരീടം നേടാനായില്ല. എട്ട് വര്‍ഷം എന്നത് വലിയ കാലയളവാണ് എന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. 

'ഇതുപോലെ മറ്റൊരു ക്യാപ്റ്റന്റെ പേര് പറയാന്‍ സാധിക്കുമോ?  ക്യാപ്റ്റന്‍ വേണ്ട, എട്ട് വര്‍ഷം കാത്തിരുന്നിട്ടും കിരീടം നേടാതെ കാത്തിരിക്കുന്ന കളിക്കാരുണ്ടോ? അപ്പോള്‍ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ്. ഞാനാണ് ഉത്തരവാദി എന്ന് കൈകള്‍ ഉയര്‍ത്തി മുന്‍പോട്ട് വന്ന് കോഹ് ലി പറയേണ്ടതുണ്ട്.' 

രണ്ട് സീസണ്‍ കഴിഞ്ഞപ്പോള്‍ അശ്വിനില്‍ വിശ്വാസം നഷ്ടപ്പെട്ട് പഞ്ചാബ് സ്പിന്നറെ നായക സ്ഥാനത്ത് നിന്നും മാറ്റിയതും ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. എട്ട് വര്‍ഷം എന്നത് നീണ്ടതാണ്. ആര്‍ അശ്വിന് എന്താണ് സംഭവിച്ചത് എന്ന് നോക്കൂ. രണ്ട് സീസണില്‍ നായകനായി നിന്ന് ഫലം കാണാതെ വന്നപ്പോള്‍ അവര്‍ മാറ്റിയെന്നും ഗംഭീര്‍ പറയുന്നു. 

'നമ്മള്‍ ധോനിയെ കുറിച്ച് സംസാരിക്കുന്നു, രോഹിത്തിനെ കുറിച്ച് സംസാരിക്കുന്നു. കോഹ് ലിയെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നുണ്ടോ...ഒരിക്കലുമില്ല. ധോനി 3 ഐപിഎല്‍ കിരീടങ്ങള്‍ നേടി. രോഹിത് നാലെണ്ണം നേടി. അതുകൊണ്ടാണ് അവര്‍ ഇത്ര നാളായിട്ടും നായക സ്ഥാനത്ത് തുടരുന്നത്.' 

'എട്ട് വര്‍ഷം നായകനായിട്ടും രോഹിത്തിന് കിരീടം നേടാനായില്ല എങ്കില്‍ രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് ഉറപ്പായും മാറ്റും. ഓരോ വ്യക്തിയേയും അളക്കുന്നത് വ്യത്യസ്തമാവരുത്. നിങ്ങളാണ് ക്യാപ്റ്റന്‍ എങ്കില്‍, നിങ്ങള്‍ ക്രഡിറ്റ് ഏറ്റെടുക്കുന്നുണ്ടെങ്കില്‍ വിമര്‍ശങ്ങളും ഏറ്റെടുക്കണം.' 

സീസണില്‍ പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ ആര്‍സിബി അര്‍ഹരായിരുന്നില്ല എന്നും ഗംഭീര്‍ പറഞ്ഞു. 'ഞങ്ങള്‍ പ്ലേഓഫിലേക്ക് യോഗ്യത നേടിയതായും, അത് അര്‍ഹിച്ചിരുന്നതായും പറഞ്ഞുകൊണ്ടിരിക്കാം. എന്നാല്‍ അങ്ങനെയല്ല. ആര്‍സിബി പ്ലേഓഫ് കടക്കാന്‍ അര്‍ഹരായിരുന്നില്ല.' 

'ഡിവില്ലിയേഴ്‌സ്, കോഹ് ലി എന്നിവരെ ആശ്രയിച്ച് കഴിയുന്ന ടീമായി എല്ലാ അര്‍ഥത്തിലും ബാംഗ്ലൂര്‍ മാറിയതായും ഗംഭീര്‍ പറഞ്ഞു. കോഹ് ലിക്ക് ഓപ്പണ്‍ ചെയ്യണമായിരുന്നു എങ്കില്‍ ലേലത്തില്‍ അവര്‍ ഒരു മധ്യനിര താരത്തെ സ്വന്തമാക്കണമായിരുന്നു. ആര്‍സിബിയുടെ സീസണ്‍ ദുരന്തമാവുന്നതില്‍ നിന്നും രക്ഷിച്ചത് ഡിവില്ലിയേഴ്‌സ് ആണ്. '

ഡിവില്ലിയേഴ്‌സ് കൂടി പരാജയപ്പെട്ടിരുന്നേല്‍ എന്താകുമായിരുന്നു അവസ്ഥ. ഏഴ് കളിയില്‍ ഡിവില്ലിയേഴ്‌സ് ആണ് അവരെ രണ്ട് മൂന്ന് കളിയില്‍ ജയം പിടിക്കാന്‍ തുണച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ബാലന്‍സ് ഇല്ലാത്ത ടീം തന്നെയാണ് അവര്‍ ഇപ്പോഴുമെന്നും ഗംഭീര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com