കന്നി കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി; ഹൈദരാബാദിനെ കീഴടക്കി രാജകീയ മുന്നേറ്റം  

ആദ്യമായാണ് ഡല്‍ഹി ഐപിഎല്‍ ഫൈനലിലെത്തുന്നത്
കന്നി കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി; ഹൈദരാബാദിനെ കീഴടക്കി രാജകീയ മുന്നേറ്റം  


അബുദാബി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ ഫൈനലിലെത്തി. ആദ്യമായാണ് ഡല്‍ഹി ഐപിഎല്‍ ഫൈനലിലെത്തുന്നത്. ഇന്നലെ നടന്ന ക്വാളിഫൈയര്‍ മത്സരത്തില്‍ 17റണ്‍സിനാണ് ഡല്‍ഹി ജയം പിടിച്ചത്. 

തുടര്‍ച്ചയായ മത്സരങ്ങള്‍ ജയിച്ചുവന്ന ഹൈദരാബാദിനെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്താണ് ഡല്‍ഹി കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 189 റണ്‍സാണ് നേടിയത്. 190 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിനാകട്ടെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. 

അര്‍ധസെഞ്ചുറി നേടിയ ധവാനും നാല് വിക്കറ്റ് വീഴ്ത്തിയ റബാദയുമാണ് ഡല്‍ഹിയുടെ വിജയശില്‍പികള്‍. സണ്‍റൈസേഴ്‌സ് നിരയില്‍ വില്യംസണ്‍ അര്‍ധസെഞ്ചുറി നേടി മികച്ച പ്രകടനം പുറത്തെടുത്തു. വാര്‍ണര്‍ക്കൊപ്പം പ്രിയം ഗാര്‍ഗാണ് സണ്‍റൈസേഴ്‌സിനായി ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ റബാദ തിരിച്ചയച്ചു. പിന്നീട് മനീഷ് പാണ്ഡെയും ഗാര്‍ഗും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. അഞ്ചാം ഓവറില്‍ 17 റണ്‍സെടുത്ത് നില്‍ക്കെ ഗാര്‍ഗിനും മടങ്ങി. മനീഷ് പാണ്ഡെയും അതേ ഓവറില്‍ ഔട്ടായി.

ക്രീസില്‍ ഒന്നിച്ച ഹോള്‍ഡറും വില്യംസണും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. 46 റണ്‍സിന്റെ കൂട്ടുകെട്ടിനൊടുവില്‍ സ്‌കോര്‍ 90ല്‍ നില്‍കെ ഹോള്‍ഡറെ പുറത്താക്കി. 35 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി നേടിയ വില്യംസണ്‍ 14-ാം ഐപിഎല്‍ അര്‍ധശതകം കുറിച്ചു. 67 റണ്‍സെടുത്തുനില്‍ക്കെ വില്യംസണും പുറത്തായതോടെ ഹൈദരാബാദ് പരാജയം ഉറപ്പിച്ചു. അവസാന മൂന്നോവറില്‍ 42 റണ്‍സ് വേണമെന്ന നിലയിലായി കളി. റാഷിദ്ഖാന്‍ തുടരെ ബൗണ്ടറി പായിച്ച് വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും 19-ാം ഓവറില്‍ സമദിനെയും റാഷിദിനെയും മടക്കി റബാദ കളി തിരിച്ചുപിടിച്ചു. ഇതോടെ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍മാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് റബാദ ബുംറയില്‍ നിന്ന് തിരിച്ചുപിടിച്ചു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിക്കുവേണ്ടി അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ഹെറ്റ്‌മെയര്‍ എന്നിവരുടെ ബാറ്റിങാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മാര്‍ക്കസ് സ്‌റ്റോയിനിസിനെ ഓപണറാക്കി ഇറക്കി ഡല്‍ഹി ക്യാപിറ്റല്‍സ് നടപ്പാക്കിയ തന്ത്രം ഫലം കണ്ടു. തുടക്കം മുതല്‍ സ്‌റ്റോയിനിസ് ധവാന്‍ സഖ്യം കത്തിക്കയറി. ഒപ്പം ഹൈദരാബാദ് ഫീല്‍ഡര്‍മാരുടെ കൈകള്‍ തുടര്‍ച്ചയായി ചോര്‍ന്നതും ഡല്‍ഹിക്ക് തുണയായി. സുഖമായി കൈയിലൊതുക്കാമായിരുന്ന മൂന്ന് ക്യാച്ചുകളാണ് ഹൈദരാബാദ് താരങ്ങള്‍ താഴെയിട്ടത്.

50 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം ധവാന്‍ 78 റണ്‍സെടുത്തു. നാല് ഫോറും ഒരു സിക്‌സും സഹിതം 22 പന്തില്‍ 42 റണ്‍സെടുത്ത് ഹെറ്റ്‌മെയര്‍ പുറത്താകാതെ നിന്നു. സ്‌റ്റോയിനിസ് 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 21 റണ്‍സും എടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com